അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ നിരാശപ്പെടുത്തി രോഹിത് ശര്‍മ. രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയ രോഹിത് മൂന്നാം മത്സരത്തില്‍ ഒരു റണ്‍സെടുത്താണ് പുറത്തായത്. രണ്ട് പന്ത് മാത്രമാണ് ഹിറ്റ്മാന്‍ നേരിട്ടത്. ഓഫ് സ്റ്റംപ് ലൈനിലെത്തിയ മാര്‍ക്ക് വുഡിന്റെ പന്തില്‍ ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ രോഹിത് ശര്‍മ ഫോമിലേക്കെത്തി എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെയുള്ള മത്സരത്തില്‍ വീണ്ടും നിരാശപ്പെടുത്തിയതോടെ രോഹിത് ഫോമിലേക്കെത്തിയെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളതെന്ന് പറയാം. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളില്‍ കട്ടക്കില്‍ നേടിയ സെഞ്ച്വറി മാത്രമാണ് അല്‍പ്പം ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടും ഫ്‌ളോപ്പായതോടെ രോഹിത്തിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
അതിവേഗ പേസിന് മുന്നില്‍ പതറുന്നു
രോഹിത് ശര്‍മ മികച്ച പേസര്‍മാര്‍ക്ക് മുന്നില്‍ പതറുന്നതാണ് സമീപകാല പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. മാര്‍ക്ക് വുഡ് ശരാശരി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവനാണ്. രോഹിത്തിന്റെ ശരീരത്തിലേക്കെത്തുന്ന അതിവേഗ പന്തുകളില്‍ താരം പതറുന്നതാണ് കാണാനാവുന്നത്. തന്നെ ബൗളര്‍മാര്‍ ശരീരത്തിലേക്കെറിഞ്ഞ് ലക്ഷ്യംവെക്കുന്നുണ്ടെന്ന് രോഹിത് തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. രണ്ടാം ഏകദിനത്തില്‍ മികച്ച ടൈമിങ്ങോടെ കളിച്ച രോഹിത് സിഗ്നേച്ചര്‍ പുള്‍ഷോട്ടുകളടക്കം കളിച്ച് കൈയടി നേടിയിരുന്നു.
എന്നാല്‍ മൂന്നാം ഏകദിനത്തില്‍ രോഹിത്തിന് വുഡിന്റെ ആദ്യ പന്തില്‍ത്തന്നെ പുറത്താകേണ്ടി വരികയായിരുന്നു. മികച്ച വേഗത്തിലെത്തുന്ന പന്തുകളില്‍ ഇന്ത്യന്‍ നായകന്‍ പതറുന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത്തും ഗില്ലും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നതാണ്. എന്നാല്‍ നിലവിലെ രോഹിത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ താരം ഫോമിലേക്കെത്തിയെന്ന് പറയാറായിട്ടില്ല.

റിഷഭ് പന്തിനെ വീണ്ടും തഴഞ്ഞ് ഇന്ത്യ
ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തുമെന്ന് കരുതിയിരുന്നു. ആദ്യ രണ്ട് മത്സരത്തിലും വിക്കറ്റ് കീപ്പറായി കളിച്ച കെഎല്‍ രാഹുലിന് പകരം റിഷഭ് പന്ത് ടീമിലേക്കെത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇന്ത്യ റിഷഭിന് അവസരം നല്‍കിയില്ല. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ രാഹുലിന് തന്നെ തുടര്‍ അവസരം നല്‍കുകയായിരുന്നു.
ആദ്യ രണ്ട് മത്സരത്തിലും മധ്യനിരയില്‍ കളിച്ച രാഹുലിന് ബാറ്റിങ്ങില്‍ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് മൂന്നാം മത്സരത്തില്‍ താരത്തിന് തുടരാന്‍ അവസരം ലഭിച്ചത്. അഞ്ചാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ച ഇടം കൈയന്‍ താരം അക്ഷര്‍ പട്ടേല്‍ ബാറ്റുകൊണ്ട് മികവ് കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ റിഷഭ് പന്തിനെ ചാമ്പ്യന്‍സ് ട്രോഫിയിലും പരിഗണിക്കാന്‍ സാധ്യത കുറവായിരിക്കും. ബെഞ്ചിലിരിക്കാന്‍ റിഷഭ് നിര്‍ബന്ധിതനാവുമെന്നുറപ്പാണ്.
കോലിക്ക് നിര്‍ണ്ണായകം
മൂന്നാം ഏകദിനം വിരാട് കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ സൂപ്പര്‍ താരമായ കോലിയുടെ സമീപകാല ഫോം വളരെ മോശമാണ്. പ്രതീക്ഷിച്ച പ്രകടനം നടത്താനാവാത്ത കോലിക്ക് ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മൂന്നാം മത്സരം. ഭേദപ്പെട്ട തുടക്കം കോലിക്ക് ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ ഭേദപ്പെട്ട റെക്കോഡുള്ള കോലിക്ക് സെഞ്ച്വറി പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.