IND vs ENG: ഫ്‌ളോപ്പ്മാനായി സഞ്ജു, കാരണം കെസിഎ; സമ്മര്‍ദ്ദത്തിലാക്കി! രൂക്ഷ വിമര്‍ശനം
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ രണ്ട് വിക്കറ്റിന്റെ വിജയം നേടിയെടുത്തിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യ നന്നായി വിറച്ചെങ്കിലും തിലക് വര്‍മയുടെ (72*) പ്രകടന മികവില്‍ ഇന്ത്യ ജയിച്ച് കയറുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ നാല് പന്ത് ബാക്കിയാക്കിയാണ് ഇന്ത്യയുടെ ജയം. ആതിഥേയരായ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചെങ്കിലും ബാറ്റിങ് നിരയിലെ സൂപ്പര്‍ താരങ്ങളുടെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.
ഇതില്‍ ആരാധകര്‍ വലിയ പ്രതീക്ഷവെച്ച സഞ്ജു സാംസണിന്റെ പ്രകടനമാണ് ഏറ്റവും പിന്നോട്ടുപോയത്. ആദ്യ മത്സരത്തില്‍ 26 റണ്‍സോടെ ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു സാംസണിന് രണ്ടാം മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ച് റണ്‍സാണ് സഞ്ജുവിന് നേടാനായത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തിലാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ മടങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറി നേടിയ സഞ്ജുവിന് ഈ മികവ് ഇംഗ്ലണ്ടിനോട് ആവര്‍ത്തിക്കാനാവുന്നില്ല.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജു നടത്തുന്ന ശ്രമങ്ങളെല്ലാം വിക്കറ്റില്‍ കലാശിക്കുകയാണ്. ഇപ്പോഴിതാ സഞ്ജുവിന്റെ മോശം പ്രകടനത്തിന് പിന്നാലെ കെസിഎക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്. കെസിഎയാണ് സഞ്ജുവിനെ മാനസികമായി തളര്‍ത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.
കെസിഎയുമായുള്ള ഭിന്നത സഞ്ജുവിനെ ബാധിച്ചു
സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെയാണ് കെസിഎയുമായുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. ഇതാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടാന്‍ പ്രധാന കാരണമായത്. ഇതിന്റെ പേരില്‍ സഞ്ജുവിന്റെ പിതാവടക്കം കെസിഎക്കെതിരേ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നതോടെ സഞ്ജുവിന്റെ ഫ്‌ളോപ്പ് ഷോക്ക് കാരണം കെസിഎ ആണെന്ന് ആരോപിക്കുകയാണ് ആരാധകര്‍. സഞ്ജു സാംസണെ സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നും ഇതാണ് മോശം പ്രകടനത്തിന് കാരണമെന്നുമാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഗംഭീരമായിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രകടനം സഞ്ജുവില്‍ നിന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജു ശ്രമിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോറാക്കി ഇതിനെ മാറ്റാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കെസിഎക്കെതിരേയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. എന്തായാലും സഞ്ജുവിന്റെ ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

സഞ്ജുവിന് പഴയ ആത്മവിശ്വാസമില്ല
ഇംഗ്ലണ്ടിനെതിരേ പഴയ ആത്മവിശ്വാസമുള്ള സഞ്ജു സാംസണെ കാണാന്‍ സാധിക്കുന്നില്ല. രണ്ട് മത്സരത്തിലും ഇംഗ്ലണ്ടിന്റെ പ്രധാന പേസര്‍മാര്‍ക്കെതിരേ സഞ്ജു പതറിയിരിക്കുകയാണ്. ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ തീപാറും വേഗത്തില്‍ പന്തെറിയുമ്പോള്‍ സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. ആത്മവിശ്വാസത്തോടെ ഷോട്ട് കളിക്കുന്ന സഞ്ജുവിനെയല്ല കളത്തില്‍ കാണുന്നത്.
സഞ്ജുവിന് വരുന്ന മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ഫോം മോശമായാല്‍ സഞ്ജുവിനെ ഇന്ത്യ ഓപ്പണിങ്ങില്‍ നിന്ന് തഴയുമെന്നുറപ്പാണ്. യശ്വസി ജയ്‌സ്വാള്‍ തിരിച്ചുവരുമ്പോള്‍ സഞ്ജുവോ അഭിഷേക് ശര്‍മയോ വഴിമാറേണ്ടി വരും. ഇവരില്‍ ആരാണ് വഴിമാറേണ്ടതെന്ന് തീരുമാനിക്കുന്നതില്‍ ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാവും. ഓപ്പണറായി സഞ്ജുവിന് മിന്നിക്കാന്‍ സാധിക്കാത്ത പക്ഷം അധികനാള്‍ ഈ റോളില്‍ മുന്നോട്ട് പോകാനാവില്ല.
സഞ്ജുവിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാം
മൂന്നാം മത്സരത്തിലൂടെ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിക്കാം. സഞ്ജുവിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം മോശം ഫോമിലാണ്. ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മയും രണ്ടാം മത്സരത്തില്‍ തിലക് വര്‍മയുമാണ് ഇന്ത്യയെ രക്ഷിച്ചത്. നായകന്‍ സൂര്യകുമാര്‍ യാദവടക്കം മോശം ഫോമില്‍ കളിക്കവെ സഞ്ജു സാംസണിന് അല്‍പ്പം കൂടി അവസരം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications