മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ഇന്ത്യക്കൊപ്പം പ്രധാന യുവതാരങ്ങളെല്ലാമുണ്ട്. അവസാനമായി കളിച്ച ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് ടെസ്റ്റ് പരമ്പര കളിച്ച സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. യശ്വസി ജയ്‌സ്വാളും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമൊന്നും ഇന്ത്യന്‍ ടീമിലില്ല.
നിതീഷ് കുമാര്‍ റെഡ്ഡി ടീമില്‍ തുടരുമ്പോള്‍ മുഹമ്മദ് ഷമി തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇന്ത്യ ഓപ്പണര്‍മാരായി സഞ്ജു സാംസണേയും അഭിഷേക് ശര്‍മയേയും നിലനിര്‍ത്തി. ഇന്ത്യ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തിയിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അക്ഷര്‍ പട്ടേലിനെ കൊണ്ടുവന്നതാണ്. ഹാര്‍ദിക് പാണ്ഡ്യയെ ഒതുക്കിയാണ് ഇന്ത്യ അക്ഷറിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
ഇപ്പോഴിതാ സഞ്ജു സാംസണിന്റെ ആരാധകര്‍ കടുത്ത നിരാശയിലാണ്. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള നായകനാണ് സഞ്ജു. ഓപ്പണറായും മിന്നിക്കുന്നു. എന്നിട്ടും വൈസ് ക്യാപ്റ്റന്‍സി സഞ്ജുവിന് നല്‍കാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സഞ്ജുവിനെ എന്തുകൊണ്ട് വൈസ് ക്യാപ്റ്റനാക്കിയില്ല?
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. നായകസ്ഥാനം ലഭിച്ചപ്പോഴും തന്റെ ബാറ്റിങ് പ്രകടനം താഴോട്ട് പോകാതെ നോക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. രാജസ്ഥാനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് സഞ്ജു. സഹതാരങ്ങളോട് വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന സഞ്ജു എല്ലാവര്‍ക്കും സ്വീകാര്യതയുള്ള താരവുമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

എന്നിട്ടും സഞ്ജുവിനെ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. അക്ഷര്‍ പട്ടേല്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കാത്തയാളാണ്. എന്നിട്ടും അക്ഷറിനെ വൈസ് ക്യാപ്്റ്റനാക്കിയത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റന്‍സി അര്‍ഹിച്ചിരുന്നെന്നും ഗൗതം ഗംഭീര്‍ തഴഞ്ഞത് എന്തുകൊണ്ടാണെന്നും ആരാധകര്‍ ചോദിക്കുന്നു.
ഡല്‍ഹി ലോബിയുടെ ഇടപെടല്‍
അക്ഷര്‍ പട്ടേല്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇടം കൈയന്‍ താരമായ അക്ഷര്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. ഡല്‍ഹി വരുന്ന സീസണില്‍ അക്ഷര്‍ പട്ടേലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിക്കാരനായ ഗംഭീര്‍ ഇത് മുന്നില്‍ക്കണ്ട് അക്ഷറിന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സി നല്‍കിയെന്നാണ് ആരാധകര്‍ പറയുന്നത്. ഗംഭീര്‍ സ്വാര്‍ത്ഥനായ പരിശീലകനാണെന്നും അര്‍ഹതപ്പെട്ടവരെ തഴയുകയാണെന്നുമാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്.
സഞ്ജു സാംസണിന് ഇന്ത്യയുടെ അടുത്ത നായകനാവാന്‍ അര്‍ഹതയുണ്ട്. പ്രകടനം മോശമാണെന്ന് ഇനി പറയാനാവില്ല. കഴിഞ്ഞ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറികളാണ് സഞ്ജു നേടിയത്. ഇതില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടും. സഞ്ജുവിനെ തഴഞ്ഞതിന് പിന്നില്‍ ഗംഭീറിന്റെ കൃത്യമായ ഇടപെടലുണ്ട്. സഞ്ജു തന്റെ നായക മികവ് ഇതിനോടകം തെളിയിച്ചവനാണ്. എന്നിട്ടും സഞ്ജുവിനെ ഒതുക്കി അക്ഷറിനെ വൈസ് ക്യാപ്റ്റനാക്കിയത് ശരിയായ രീതിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.
സഞ്ജുവിനെ പിന്തുണച്ച് നിരവധി കമന്റുകളാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഓപ്പണറായി സഞ്ജു സാംസണിനെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കേണ്ടിയിരുന്നുവെന്നാണ് ആരാധക പക്ഷം.
ഇംഗ്ലണ്ട് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (c), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍ (vc), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍, ദ്രുവ് ജുറേല്‍.