ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ വമ്പന്‍ ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനിനോട് 28 റണ്‍സിന് ഇന്ത്യ തോല്‍ക്കുകയായിരുന്നു. ഇംഗ്ലണ്ട് 231 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ 202 റണ്‍സില്‍ ഇന്ത്യ ഒതുങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ മോശം ബാറ്റിങ് പ്രകടനമാണ് തോല്‍വിക്ക് കാരണമായത്.
മത്സരശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും തോല്‍വിയുടെ കാരണമായി ചൂണ്ടിക്കാട്ടിയത് മോശം ബാറ്റിങ് പ്രകടനമാണ്. എന്നാല്‍ മത്സരത്തിന് ശേഷം പ്രതികരിക്കവെ ഇന്ത്യയുടെ വാലറ്റം മത്സരം അഞ്ചാം ദിവസത്തിലേക്ക് കൊണ്ടുപോകണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് രോഹിത് ശര്‍മ പറഞ്ഞിരുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും അവസാന വിക്കറ്റില്‍ പൊരുതി നോക്കിയെങ്കിലും നാലാം ദിനത്തിലെ അവസാന ഓവറില്‍ ഓള്‍ഔട്ടാവുകയായിരുന്നു.
ഇപ്പോഴിതാ രോഹിത് ശര്‍മയുടെ പരാമര്‍ശത്തിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ മോശം ബാറ്റിങ് നടത്തിയതിനെക്കുറിച്ച് വാ തുറക്കാത്ത രോഹിത് വാലറ്റം കളി ജയിപ്പിക്കാത്തതും അഞ്ചാം ദിനത്തിലേക്ക് മത്സരം കൊണ്ടുപോകാത്തതിനേയും കുറ്റമായി പറയുന്നു. രോഹിത് ശര്‍മ സ്വയം ഉത്തരവാദിത്തം കാട്ടാതെ വാലറ്റം ബാറ്റുകൊണ്ട് അല്‍പ്പം കൂടി മികവ് കാട്ടണം എന്ന് പറയുന്നത് ശരിയല്ലെന്നാണ് ആരാധക വിമര്‍ശനം.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മ പല മണ്ടത്തരങ്ങളും കാട്ടി. ഒല്ലി പോപ്പിനെ കുടുക്കാന്‍ കാര്യമായ പദ്ധതികളൊന്നും രോഹിത്തിനില്ലായിരുന്നു. ആക്രമണോത്സക ഫീല്‍ഡിങ് ഒരുക്കാനും രോഹിത്തിനായില്ല. വിരാട് കോലി നായകനായിരുന്നപ്പോള്‍ ഇന്ത്യ നാട്ടില്‍ 2 ടെസ്റ്റാണ് തോറ്റത്. രോഹിത്തിന് കീഴില്‍ അവസാനമായി നാട്ടില്‍ കളിച്ച മൂന്ന് ടെസ്റ്റിലും ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. നായകനെന്ന നിലയില്‍ രോഹിത് കൂടുതല്‍ ഉത്തരവാദിത്തം കാട്ടിയില്ല.

ആദ്യ ഇന്നിങ്‌സില്‍ മോശം ഷോട്ട് കളിച്ചാണ് രോഹിത് പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ നിര്‍ണ്ണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നിട്ടും രോഹിത് ശര്‍മ വാലറ്റത്തെ പഴി പറയുന്നത് ശരിയില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 15 റണ്‍സാണ് നേടിയത്.
ശുബ്മാന്‍ ഗില്‍ ഡെക്കിന് പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ 22 റണ്‍സാണ് നേടിയത്. അക്ഷര്‍ പട്ടേലിന് ബാറ്റിങ് പ്രൊമോഷന്‍ ലഭിച്ചെങ്കിലും 17 റണ്‍സാണ് നേടാനായത്. ശ്രേയസ് അയ്യര്‍ 13 റണ്‍സിലും മടങ്ങി. രവീന്ദ്ര ജഡേജ 2 റണ്‍സില്‍ പുറത്തായതാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായത്. ബെന്‍ സ്റ്റോക്‌സിന്റെ ഡയറക്ട് ത്രോയില്‍ ജഡേജ റണ്ണൗട്ടാവുകയായിരുന്നു. ഇതാണ് മത്സരഫലത്തെ മാറ്റിമറിച്ചത്. ആര്‍ അശ്വിനും കെ എസ് ഭരത്തും 28 റണ്‍സ് വീതം നേടിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.
അവസാനക്കാരായ ജസ്പ്രീത് ബുംറ 6 റണ്‍സും മുഹമ്മദ് സിറാജ് 12 റണ്‍സുമാണ് നേടിയത്. ഭേദപ്പെട്ട പോരാട്ടം കാഴ്ചവെക്കാന്‍ ഇവര്‍ക്കായെങ്കിലും ടോപ് ഓഡറിന്റെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അര്‍ഹിച്ച വിജയം ചെറുത്തത്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ വാലറ്റത്തെ പഴിക്കുന്നതില്‍ കാര്യമില്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ ടോപ് ഓഡറിലെ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരണം. റണ്‍സ് പിന്തുടരുന്ന സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ വിരാട് കോലിയെപ്പോലെ ബാറ്റ് ചെയ്യാന്‍ സീനിയര്‍ താരങ്ങള്‍ക്കാവണം.
എന്നാല്‍ വിരാട് കോലിയുടെ അഭാവം നികത്താന്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായില്ലെന്നതാണ് സത്യാവസ്ഥ. മോശം ഫോമിലുള്ള താരങ്ങളെ പുറത്തിരുത്തി മികച്ച ഫോമിലുള്ള താരങ്ങളെ ഇന്ത്യ പരിഗണിക്കാത്ത പക്ഷം തോല്‍വി ആവര്‍ത്തിക്കാനാണ് സാധ്യത കൂടുതല്‍.