ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണ്. ആക്രമണോത്സക ബാറ്റിങ് കാഴ്ചവെക്കുമെന്ന് പറഞ്ഞെത്തിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വട്ടം കറക്കുന്നതാണ് ഹൈദരാബാദില്‍ കണ്ടത്. ഒന്നാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് കളിമറക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ വന്‍ മരങ്ങളെയെല്ലാം കൃത്യമായ ഇടവേളയില്‍ പൂട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.
ഇതില്‍ ജോ റൂട്ടിന്റെ വിക്കറ്റാണ് വളരെ നിര്‍ണ്ണായകമായത്. ഇന്ത്യയില്‍ ഗംഭീര റെക്കോഡുള്ള താരമാണ് റൂട്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കൂടുതല്‍ ഭയന്ന ബാറ്റ്‌സ്മാനും റൂട്ടാണ്. 60 പന്ത് നേരിട്ട് 1 ബൗണ്ടറി ഉള്‍പ്പെടെ 29 റണ്‍സ് നേടാന്‍ റൂട്ടിന് സാധിച്ചു. വലിയ സ്‌കോറിലേക്ക് റൂട്ട് പോകുമെന്ന് തോന്നിച്ചെങ്കിലും രവീന്ദ്ര ജഡേജ റൂട്ടിന് മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. സ്വീപ് ഷോട്ടിന് ശ്രമിച്ച റൂട്ടിനെ ജസ്പ്രീത് ബുംറയാണ് ക്യാച്ചിലൂടെ പുറത്താക്കിയത്.
ഇപ്പോഴിതാ റൂട്ടിന്റെ വിക്കറ്റ് ജഡേജ നേടിയതിന്റെ പിന്നിലെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. 'ജോ റൂട്ടിന്റെ വിക്കറ്റിലേക്ക് നയിച്ചത് രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയാണ്. ഷോട്ട് കളിക്കാന്‍ സാധിക്കാത്ത തരത്തില്‍ ഗംഭീര ഫീല്‍ഡിങ്ങാണ് രോഹിത് ഒരുക്കിയത്. ആക്രമണോത്സക ഫീല്‍ഡ് കാരണം സാഹസിക ഷോട്ടിന് റൂട്ട് നിര്‍ബന്ധിതനാവുകയായിരുന്നു' മോര്‍ഗന്‍ പറഞ്ഞു.
തുടക്കം മുതല്‍ നായകനെന്ന നിലയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിന്റെ മികച്ച തുടക്കത്തിന് ശേഷവും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ടീമിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതിന് പിന്നിലും രോഹിത്തിന്റെ നായക മികവാണ്. ആര്‍ അശ്വിനോട് സ്ലോ ബോള്‍ എറിയാന്‍ പറഞ്ഞ തന്ത്രമാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. മികച്ച ഫീല്‍ഡൊരുക്കി ഇംഗ്ലണ്ട് ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി.

റൂട്ടിനെ പുറത്താക്കിയതോടെ ചരിത്ര റെക്കോഡിലേക്കും രവീന്ദ്ര ജഡേജയെത്തിയിരിക്കുകയാണ്. ജോ റൂട്ടിനെ കൂടുതല്‍ തവണ പുറത്താക്കുന്ന സ്പിന്നറെന്ന നേട്ടം ഇപ്പോള്‍ ജഡേജക്ക് സ്വന്തം. ഇത് 9ാം തവണയാണ് ജഡേജ റൂട്ടിനെ പുറത്താക്കുന്നത്. 8 തവണ നതാന്‍ ലിയോണ്‍ റൂട്ടിനെ മടക്കിയിട്ടുണ്ട്. ആര്‍ അശ്വിന്‍ 7 തവണയാണ് റൂട്ടിന്റെ വിക്കറ്റ് നേടിയത്. ഇന്ത്യക്ക് റൂട്ടിന്റെ ബാറ്റിങ് വലിയ തലവേദനയാണെന്നിരിക്കെ താരത്തെ നേരത്തെ പുറത്താക്കാനായത് ആതിഥേയര്‍ക്ക് വലിയ ആശ്വാസമാണെന്ന് തന്നെ പറയാം.
മറ്റൊരു വലിയ നേട്ടത്തിലും പേരുചേര്‍ക്കാന്‍ ജഡേജക്കായി. ഫാബുലസ് ഫോറിനെ കൂടുതല്‍ തവണ പുറത്താക്കുന്നവരില്‍ എട്ടാം സ്ഥാനത്തേക്ക് ജഡേജ ഉയര്‍ന്നു. 15 തവണയാണ് ഫാബുലസ് ഫോറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളുടെ വിക്കറ്റ് ജഡേജ നേടിയത്. ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം രണ്ടാം സെക്ഷനില്‍ നേടിയെടുക്കാനായി. ഇംഗ്ലണ്ടിനെ 300നുള്ളില്‍ ഒതുക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയെപ്പോലെ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇംഗ്ലണ്ടും ഇറങ്ങിയത്.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. പിച്ചില്‍ ഭേദപ്പെട്ട ടേണുണ്ട്. ആക്രമണോത്സക ബാസ് ബോള്‍ ക്രിക്കറ്റ് കളിക്കുമെന്ന് പറഞ്ഞെത്തിയ ഇംഗ്ലണ്ട് സ്പിന്നിന് മുന്നില്‍ പതറിയിരിക്കുകയാണ്. ഇന്ത്യയും ഇതേ അപകടം മുന്നില്‍ കാണണം. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും. രോഹിത് ശര്‍മയും കെ എല്‍ രാഹുലും കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്.
പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (c), ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്