ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് ടീം സ്തബ്ധരാക്കിയതിനു പിന്നാലെ വമ്പന്‍ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യയെ ഇംഗ്ലീഷ് ടീം 5-0ന് തൂത്തുവാരുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ അപ്രതീക്ഷിത വിജയമാണ് ബെന്‍ സ്റ്റോക്‌സും സംഘവും സ്വന്തമാക്കിയത്. ഒരു ദിവസം ബാക്കിനില്‍ക്കെ 28 റണ്‍സിനു ഹൈദരാബാദ് ടെസ്റ്റില്‍ അവര്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.
ആദ്യ രണ്ടു ദിനവും ഇന്ത്യ ആധിപത്യം പുലര്‍ത്തിയെങ്കിലും അടുത്ത രണ്ടു ദിവസവും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇംഗ്ലീഷ് ടീം അവിശസനീയ വിജയം കൈക്കലാക്കിയത്. രണ്ടു പേര്‍ ഫോം തുടര്‍ന്നാല്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ തൂത്തുവാരുക ഇംഗ്ലണ്ടിനു അസാധ്യമല്ലെന്നാണ് പനേസറുടെ വിലയിരുത്തല്‍.

ഒന്നാം ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറിയുമായി ഹീറോയായ മാറിയ ഓലി പോപ്പ് (196), രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ പിഴുത അരങ്ങേറ്റക്കാരനായ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലി എന്നിവരുടെ പ്രകടനമാണ് തുടര്‍ന്നുള്ള ടെസ്റ്റുകളിലും ഇംഗ്ലണ്ടിനു നിര്‍ണായകമായി മാറുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഎന്‍ഐയോടു സംസാരിക്കവെയാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നാണംകെടുത്താനുള്ള സാധ്യത മോണ്ടി പനേസര്‍ ചൂണ്ടിക്കാട്ടിയത്. ഓലി പോപ്പും ടോം ഹാര്‍ട്ട്‌ലിയും ഇതേ രീതിയില്‍ കളി തുടര്‍ന്നാല്‍ പരമ്പരയില്‍ ഇംഗ്ലണ്ട് വൈറ്റ് വാഷ് നടത്തും. 5-0നായിരിക്കും ഇംഗ്ലണ്ടിന്റെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓലി പോപ്പിന്റെ ഇന്നിങ്‌സ് അത്യുജ്വലമായിരുന്നു. ദീര്‍ഘകാലത്തിനു ശേഷം നമ്മള്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു അത്. രോഹിത് ശര്‍മയ്ക്കു എന്തു ചെയ്യണമെന്ന ക്ലൂ പോലുമില്ലായിരുന്നു. ഇംഗ്ലണ്ട് താരങ്ങള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യ നിര്‍ത്തേണ്ടത് ആവശ്യമാണ്.
വിരാട് കോലിയുണ്ടായിരുന്നെങ്കില്‍ കളി മറ്റൊന്നാവുമായിരുന്നു. വീണ്ടും ഇതൊന്നു ആവര്‍ത്തിക്ക്, നിങ്ങള്‍ എത്ര മികച്ചവരാണെന്നു കാണട്ടെയെന്നു അദ്ദേഹം ഇംഗ്ലണ്ടിന്റെ ഈ താരങ്ങളുടെ മുഖത്തു നോക്കി പറയുമായിരുന്നു. പരാജയത്തെക്കുറിച്ച് ഭയമില്ലാത്ത ഇംഗ്ലീഷ് ടീമാണിത്. അവര്‍ക്കു യാതൊരു ഭയവും ഇപ്പോഴില്ലെന്നും മോണ്ടി പനേസര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു 190 റണ്‍സിന്റെ ആധികാരികമായ ലീഡുണ്ടായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 246 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 436 റണ്‍സെന്ന വലിസ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചുവെന്നാണ് എല്ലാവരും കരുതിയത്. അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യ ജയിച്ചുകയറുമെന്നും പലരും കണക്കുകൂട്ടി.

പക്ഷെ ബാസ് ബോള്‍ ശൈലി എത്ര മാത്രം അപകടകരമാണെന്നു രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യക്കു കാണിച്ചുതന്നു. ഓപ്പണര്‍മാര്‍ മുതല്‍ 11ാമന്‍ വരെ അറ്റാക്കിങ് ബാറ്റിങ് കാഴ്ചവച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പതറുകയായിരുന്നു.
ലൈനും ലെങ്ത്തുമെല്ലാം പാളിയ അവര്‍ വാരിക്കോരി റണ്‍സും വഴങ്ങി. സമ്മര്‍ദ്ദം കാരണം ഫീല്‍ഡിങിലും പല പിഴവുകളും ഇന്ത്യ വരുത്തുകയും ചെയ്തു. ഇതോടെ അനായാസം റണ്‍സ് വാരിക്കൂട്ടിയ ഇംഗ്ലണ്ട് 420 റണ്‍സെന്ന മികച്ച സ്‌കോറും രണ്ടാമിന്നിങ്‌സില്‍ നേടി. 196 റണ്‍സെടുത്ത പോപ്പായിരുന്നു ഇംഗ്ലീഷ് ഹീറോ.
231 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. പക്ഷെ തുടക്കം മുതല്‍ തോല്‍വിയുറപ്പിച്ചതു പോലെ അമിത പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യ നാലാം ദിനം വൈകുന്നേരം തന്നെ കൂടാരം കയറുകയും ചെയ്തു. 202 റണ്‍സില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും 40ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. ഏഴു പേരെ പുറത്താക്കിയ ഹാര്‍ട്ട്‌ലിയാണ് ഇന്ത്യയുടെ അന്തകനായി മാറിയത്.