ഹൈദാരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഞെട്ടിക്കുന്ന തോല്‍വി. ഒരു ദിവസം ബാക്കിനില്‍ക്കെ 28 റണ്‍സിനാണ് ബെന്‍ സ്‌റ്റോക്‌സും സംഘവും ഇന്ത്യയുടെ കഥ കഴിച്ചത്. ആദ്യത്തെ രണ്ടു ദിവസവും ടെസ്റ്റില്‍ മുന്‍തൂക്കം നേടിയ ശേഷമാണ് തുടര്‍ന്നുള്ള രണ്ടു ദിനവും ആധിപത്യം കളഞ്ഞുകുളിച്ച ഇന്ത്യ അപ്രതീക്ഷിത തോല്‍വിയിലേക്കു വീണത്.
ബാസ്‌ബോള്‍ ശൈലി എത്ര മാത്രം അപകടകരമാണെന്നു ടീം ഇന്ത്യക്കു ആദ്യ ടെസ്റ്റില്‍ തന്നെ കാണിച്ചുതന്നിരിക്കുകയാണ് ഇംഗ്ലണ്ട്. ഈ ജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അടുത്ത ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ വിശാഖപട്ടണത്തു നടക്കും.

231 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ ഇംഗ്ലണ്ട് വച്ചത്. 150ന് മുകളില്‍ ചേസ് ചെയ്യുകയെന്നത് നാലാമിന്നിങ്‌സില്‍ ദുഷ്‌കരമായ കാര്യമായിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നപ്പോള്‍ ഇന്ത്യ പരാജയവും മണത്തിരുന്നു. ഒന്നോ, രണ്ടോ പേര്‍ വലിയൊരു ഇന്നിങ്‌സ് കളിച്ചാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ.
പക്ഷെ അതു സംഭവിച്ചില്ല. അമിത പ്രതിരോധത്തിലേക്കു വീണ ഇന്ത്യക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ അശ്വിന്‍- ഭരത് ജോടി രക്ഷിക്കുകയായിരുന്നു. 130 ബോളില്‍ 57 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ ഇന്ത്യ വിജയം സ്വപ്‌നം കണ്ടെങ്കിലും ഈ സഖ്യം പിരിഞ്ഞതോടെ ഇന്ത്യ പരാജയത്തിലേക്കു വീഴുകയായിരുന്നു. 202 റണ്‍സിനു ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തി.
ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊഴികെ (39) മറ്റാരും ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനിന്നില്ല. മുന്‍നിരയില്‍ 25നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും അദ്ദേഹമായിരുന്നു. 58 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളുണ്ടായിരുന്നു.
കെഎസ് ഭരതും ആര്‍ അശ്വിനും 28 റണ്‍സ് വീതമെടുത്ത് മടങ്ങി. കെഎല്‍ രാഹുല്‍ (22), യശസ്വി ജയ്‌സ്വാള്‍ (0), അക്ഷര്‍ പട്ടേല്‍ (17), ശ്രേയസ് അയ്യര്‍ (13), രവീന്ദ്ര ജഡേജ (2) എന്നിവരെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തി. ഏഴു വിക്കറ്റുകളെടുത്ത അരങ്ങേറ്റക്കാരനായ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയാണ് ഇന്ത്യയുടെ അന്തകനായി മാറിയത്.
ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ജയ്‌സ്വാള്‍ സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ജയ്‌സ്വാളിനെയും ഗില്ലിനെയും ഒരേ ഓവറില്‍ നഷ്ടമായതോടെ ഇന്ത്യ രണ്ടു വിക്കറ്റിനു 42 റണ്‍സിലേക്കു വീണു. വൈകാതെ രോഹിത്തിനെയും മടക്കി ഇംഗ്ലണ്ട് പിടിമുറുക്കി. നാലാം വിക്കറ്റില്‍ രാഹുല്‍- അക്ഷര്‍ ജോടി 32 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ കളിയിലേക്കു തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.
പക്ഷെ അവസാന സെഷനില്‍ അക്ഷറിനെയും രാഹുലിനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായതോടെ ഇന്ത്യ ഏഴിനു 119ലേക്കു കൂപ്പുകുത്തി. തുടര്‍ന്നായിരുന്നു ഭരത്- അശ്വിന്‍ ജോടിയുടെ രക്ഷാപ്രവര്‍ത്തനം.
ആറു വിക്കറ്റിനു 316 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് ടീം നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. എത്രയും പെട്ടെന്നു ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചില്ല. 104 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്ത ഇംഗ്ലണ്ട് 400 കടത്തുകയായിരുന്നു.
420 റണ്‍സാണ് അവര്‍ രണ്ടാമിന്നിങ്‌സില്‍ നേടിയത്. ഓലി പോപ്പിന്റെ (196) ഉജ്ജ്വല ഇന്നിങ്‌സാണ് കളിയില്‍ ഇംഗ്ലണ്ടിനു മേല്‍ക്കൈ സമ്മാനിച്ചത്. 278 ബോളില്‍ 21 ഫോറുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ പോപ്പ് ഏറ്റവും അവസാനത്തെയാളായാണ് പുറത്തായത്.

സാക്ക് ക്രോളി (31), ബെന്‍ ഡക്കെറ്റ് (47), ജോ റൂട്ട് (2), ജോണി ബെയര്‍സ്‌റ്റോ (10), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (6), ബെന്‍ ഫോക്‌സ് (34) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു മൂന്നാംദിനത്തില്‍ നഷ്ടമായത്. വാലറ്റക്കാരുടെ മികച്ച ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ 400 കടക്കാന്‍ സഹായിച്ചത്.
ഫോക്‌സിനെക്കൂടാതെ രെഹാന്‍ അഹമ്മദ് (28), ടോം ഹാര്‍ട്ട്‌ലി (34) എന്നിവരുടെ മികച്ച ഇന്നിങ്‌സുള്‍ ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ നാലു വിക്കറ്റുകളെടുത്തപ്പോള്‍ ആര്‍ അശ്വിനു മൂന്നും രവീന്ദ്ര ജഡേജയ്ക്കു രണ്ടും വിക്കറ്റുകള്‍ ലഭിച്ചു.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു. 70 റണ്‍സെടുത്ത സ്റ്റോക്‌സായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. മറുപടി ബാറ്റിങില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 436 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.
രവീന്ദ്ര ജഡേജ (87), കെഎല്‍ രാഹുല്‍ (86), യശസ്വി ജയ്‌സ്വാള്‍ (80) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. അക്ഷര്‍ പട്ടേല്‍ 44 റണ്‍സും കെഎസ് ഭരത് 41 റണ്‍സും നേടി. ജോ റൂട്ട് ഇംഗ്ലണ്ടിനായി നാലു വിക്കറ്റുകള്‍ വീഴ്ത്തി.