ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് യുകെയിലെ പ്രമുഖ മാധ്യമങ്ങള്‍. വിസാ പ്രശ്‌നങ്ങളെ തുടര്‍ന്നു ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്ന യുവ സ്പിന്നര്‍ ഷുഐബ് ബഷീറിനു ആദ്യ ടെസ്റ്റില്‍ കളിക്കാനാവാതെ നാട്ടിലേക്കു മടങ്ങേണ്ടി വന്നതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഷുഐബിനു കളിക്കാനുള്ള അവസരം ഇന്ത്യ മനപ്പൂര്‍വ്വം നിഷേധിച്ചതാണെന്ന തരത്തിലാണ് യുകെയിലെ വിവിധ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പ് ഇംഗ്ലണ്ട് ടീമിനു നഷ്ടമായ രണ്ടാമത്തെ താരം കൂടിയാണണ് ഷുഐബ്. വെടിക്കെട്ട് ബാറ്ററും യുവതാരവുമായ ഹാരി ബ്രൂക്ക് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്.

ഇതിന്റെ ക്ഷീണം മാറും മുമ്പാണ് ആദ്യ ടെസ്റ്റില്‍ ഷുഐബിന്റെയും സേവനം ഇംഗ്ലീഷ് ടീമിനു നഷ്ടമായത്. ഇതു ഇംഗ്ലീഷ് മാധ്യമങ്ങളെ ശരിക്കും ചൊടിപ്പിക്കുകയും ചെയ്തു. പാകിസ്താനില്‍ കുടുംബ വേരുകളുള്ള ഷുഐബ് ബഷീര്‍ നേരത്തേ അബുദാബിയിലെത്തിയ ഇംഗ്ലണ്ട് ടീമിനോടൊപ്പമുണ്ടായിരുന്നു. അവിടെ പരിശീലനം നടത്തിയ ശേഷമാണ് ദിവസങ്ങള്‍ക്കു മുമ്പ് ബെന്‍ സ്‌റ്റോക്‌സും സംഘവും ആദ്യ ടെസ്റ്റിനു വേണ്ടി ഹൈദരാബാദിലെത്തിയത്.
ഇതിനു പിന്നാലെ വിസാ പ്രശ്‌നങ്ങള്‍ കാരണം സോമര്‍സെറ്റിന്റെ സ്പിന്നര്‍ കൂടിയായ ഷുഐബിനു നാട്ടിലേക്കു മടങ്ങിപ്പോവേണ്ടിയും വരികയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ കളിക്കാരുടെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളള്‍ പരിഹരിക്കാന്‍ മതിയായ സമയവും ലഭിച്ചിരുന്നു.
ഇതാണ് ഇന്ത്യക്കെതിരേ ഇംഗ്ലീഷ് മാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരാനുളള പ്രധാനപ്പെട്ട കാരണം. ദി ടെലഗ്രാഫ്, ദി ഡെയ്‌ലി മെയില്‍, ദി സണ്‍ തുടങ്ങിയ യുകെയിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം തന്നെ ഇന്ത്യയുടെ പ്രവര്‍ത്തിയില്‍ അരിശവും നിരാശയുമെല്ലാം പ്രകടിപ്പിച്ചിട്ടുണ്ട്
ഷഐബ് ബഷീറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നാണംകെട്ട പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ ഇംഗ്ലണ്ട് വിസമ്മതിക്കണമെന്നായിരുന്നു ദി ടെലഗ്രാഫ് തങ്ങളുടെ തലക്കെട്ടില്‍ കുറിച്ചത്. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇംഗ്ലണ്ട് സ്പിന്നറെ രാജ്യത്തു പ്രവേശിക്കുന്നതില്‍ നിന്നും ഇന്ത്യ തടഞ്ഞിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കു വേണ്ടി മെയില്‍ സ്‌പോര്‍ട്ട് പറയുകയാണ്... 'നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു' എന്നാണ് ഡെയ്‌ലി മെയില്‍ ആഞ്ഞടിച്ചത്.
ഇതു ക്രിക്കറ്റല്ല, ആദ്യ ടെസ്റ്റിനു മുമ്പ് ഇംഗ്ലണ്ട് സ്പിന്നര്‍ ഷുഐബ് ബഷീറിനെ നാട്ടിലേക്കു തിരിച്ചയച്ച് ഇന്ത്യ സ്വയം നാണംകെട്ടിരിക്കുകയാണെന്നും ദി സണ്‍ വിമര്‍ശിക്കുന്നു. ഷുഐബ് ബഷീറിന്റെ വിസാ പ്രശ്‌നത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും നിരാശ പ്രകടിപ്പിച്ചിരുന്നു.

ഞങ്ങള്‍ ഡിസംബര്‍ പകുതിയോടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷെ ഇപ്പോള്‍ ഇവിടെയെത്താന്‍ ബാഷിനു (ഷുഐബ് ബഷീര്‍) വിസ കിട്ടാതെ വന്നിരിക്കുകയാണ്. അവന്റെ കാര്യത്തില്‍ എനിക്കു വലിയ നിരാശയാണുള്ളത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനോടൊപ്പമുള്ള ആദ്യ അനുഭവത്തില്‍ തന്നെ ഇങ്ങനെയൊരു സാഹചര്യം അവനു നേരിടേണ്ടി വരുമെന്ന് താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും സ്റ്റോക്‌സ് വ്യക്തമാക്കിയിരുന്നു.
20 കാരനായ ഷുഐബ് ബഷീറിന്റെ കരിയറിലേക്കു വന്നാല്‍ താരം ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇതിനു തയ്യാറെടുക്കവെയാണ് വിസ പ്രശ്‌നങ്ങള്‍ കാരണം അപ്രതീക്ഷിതമായി താരത്തിനു നാട്ടിലേക്കു തിരികെ മടങ്ങേണ്ടി വന്നിരിക്കുന്നത്. ഇവയെല്ലാം പരിഹരിച്ച് രണ്ടാം ടെസ്റ്റിനു മുമ്പ് തനിക്കു ഇംഗ്ലീഷ് ടീമിനോടൊപ്പം ചേരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുവ സ്പിന്നര്‍.