എഡ്ബാസ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. നിലവില്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയാണുള്ളതെങ്കിലും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ ശേഷിയുള്ളവരാണ് ബെന്‍ സ്റ്റോക്സിന്റെ ഇംഗ്ലീഷ് ടീം. നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റിലും നമ്മള്‍ ഇതു കണ്ടതാണ്. ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടിയിട്ടും ടെസ്റ്റിന്റെ ഭൂരിഭാഗം സെഷനുകളിലും ആധിപത്യം പുലര്‍ത്തിയിട്ടും ഇന്ത്യ തോല്‍വിയിലേക്കു വീണു.
അതുകൊണ്ടു തന്നെ രണ്ടു ദിവസം ഇനിയും ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനെ തീര്‍ച്ചയായും ഇന്ത്യ ഭയക്കണം. എപ്പോള്‍ വേണമെങ്കിലും ടെസ്റ്റിലേക്കു തിരിച്ചുവരാനും എല്ലാ പ്രവചനങ്ങളും തെറ്റിച്ച് വിജയം കൊയ്യാനും അവര്‍ക്കു കഴിയും. പ്രത്യേകിച്ചു റണ്‍ചേസില്‍ ഇംഗ്ലണ്ട് വളരെയധികം അപകടകാരികളുമാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് വിജയലക്ഷ്യമായി എത്ര റണ്‍സ് നല്‍കുമെന്നതാണ് പ്രധാന ചോദ്യം. ഇതേക്കുറിച്ച് പരിശോധിക്കാം.

എത്ര റണ്‍സാണ് സേഫ്?
എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നിലവില്‍ ഇന്ത്യയുടെ ലീഡ് 250 റണ്‍സിലേക്കു കടക്കുകയാണ്. 180 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കൈക്കലാക്കിയ ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിനു 64 റണ്‍സെടുത്താണ് മൂന്നാംദിനം കളി അവസാനിപ്പിച്ചത്.
ഒമ്പതു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 244 റണ്‍സിന്റെ ലീഡാണുള്ളത്. രണ്ടു ദിവസം ബാക്കി നില്‍ക്കെ മല്‍സരം എവിടേക്കു വേണമെങ്കിലും മാറിയേക്കാം. എത്ര വലിയ സ്‌കോറും ചേസ് ചെയ്യാനുള്ള മിടുക്ക് ബെന്‍ സ്റ്റോക്സിന്റെ ഇംഗ്ലീഷ് പടയ്ക്കുണ്ട്.
ലീഡ്‌സിലെ അവസാന സ്റ്റെില്‍ 371 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം വളരെ അനായാസമയിട്ടാണ് അവര്‍ ജയിച്ചുകയറിയത്. അഞ്ചു വിക്കറ്റുകള്‍ മാത്രമേ ഇതിനായി അവര്‍ക്കു ചെലവഴിക്കേണ്ടിയും വന്നുള്ളൂ. അതിനു മുമ്പ് 378 റണ്‍സും ഇന്ത്യക്കെതിരേ അവര്‍ അനായാസം ചേസ് ചെയ്തിട്ടുണ്ട്. ഇവയെല്ലാം എഡ്ബാസ്റ്റണില്‍ ഇന്ത്യയെ ഭയപ്പെടുത്തും.
അതുകൊണ്ടു തന്നെ ഈ ടെസ്റ്റില്‍ വിജയിക്കണമെങ്കില്‍ കുറഞ്ഞത് 500 റണ്‍സിന്റെയെങ്കിലും വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യക്കു വയ്‌ക്കേണ്ടിയും വരും. എങ്കില്‍ മാത്രമേ ഈ മല്‍സരത്തില്‍ തങ്ങള്‍ സേഫാണെന്നു ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ഉറപ്പിക്കാന്‍ കഴിയൂ. 500- 550 റണ്‍സിന്റെ ലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കുകയെന്നത് ഇന്ത്യക്കു അസാധ്യമായ കാര്യമല്ല.
കാരണം ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ലീഡ് 244 റണ്‍സിലെത്തി നില്‍ക്കുകയാണ്. 500 എന്ന മാന്ത്രിക സംഖ്യയുടെ ലീഡിലേക്കു എത്താന്‍ ഇനി 256 റണ്‍സ് മാത്രമേ ഇന്ത്യക്കു ആവശ്യമുള്ളൂ. ഒന്നോ, രണ്ടോ മികച്ച കൂട്ടുകെട്ടുകളുണ്ടായാല്‍ തന്നെ ഇന്ത്യക്കു ഇതു സാധിക്കുകയും ചെയ്യും.
നാലാം ദിനം മികച്ച ബാറ്റിങിലൂടെ ലീഡ് 500 കടത്തിയ ശേഷം ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റിങിന് അയക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. 500ല്‍ താഴെയുള്ള ഏതു ലീഡും ഗില്ലിനെയും ടീമിനെയും സമ്മര്‍ദ്ദത്തിലാക്കിയേക്കുകയും ചെയ്യും.

എഡ്ബാസ്റ്റണിലെ റെക്കോര്‍ഡ്
എഡ്ബാസ്റ്റണിലെ ടെസ്റ്റ് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ അത് ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്. കാരണം അത്ര വലിയ റണ്‍ചേസുകളൊന്നും ഈ വേദിയില്‍ കുറിക്കപ്പെട്ടിട്ടില്ല. 300ന് മുകളില്‍ റണ്‍സ് ഇവിടെ ഒരിക്കല്‍ മാത്രമേ വിജയകരമായി ചേസ് ചെയ്യപ്പെട്ടിട്ടുള്ളൂ.
2022ല്‍ ഇന്ത്യക്കെതിരേ 378 റണ്‍സ് ചേസ് ചെയ്തു ജയിച്ച ഇംഗ്ലണ്ടിന്റെ പേരിലാണ് നിലവിലെ ഓള്‍ടൈം റെക്കോര്‍ഡ്. ഇന്ത്യയുടെ അവസാന ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. ഇതു മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു ടീമും 300 പ്ലസ് റണ്‍സ് എഡ്ബാസ്റ്റണില്‍ ചേസ് ചെയ്തിട്ടില്ല.
2008ല്‍ ഇംഗ്ലണ്ടിനെതിരേ സൗത്താഫ്രിക്ക 283 റണ്‍സും 2023ല്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ 282 റണ്‍സും പിന്തുടര്‍ന്നു ജയിച്ചതാണ് ഇവിടുത്തെ മറ്റു വിജയകരമായ ചേസുകള്‍.