ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ നാലാംദിനത്തിലേക്കു കടന്നിരിക്കവെ ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. ഈ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കമന്റേറ്റര്‍ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിന്റെ കാരണം പാര്‍ഥീവ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
399 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. നാലാംദിനം 26 ഓവറുകള്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിനു 125 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനി 274 റണ്‍സ് കൂടി മതി. ഇംഗ്ലണ്ടിന്റെ അഗ്രസീവ് ശൈലിയായ ബാസ് ബോളിനെ ഭയക്കണമെന്നും ഇംഗ്ലണ്ടിനു ജയം അസാധ്യമല്ലെന്നുമാണ് പാര്‍ഥീവ് ചൂണ്ടിക്കാണിക്കുന്നത്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കു വലിയ ഭീഷണികള്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സാക്ക് ക്രോളി വളരെ നന്നായിട്ടാണ് ഇംഗ്ലണ്ടിനു വേണ്ടി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ടെസ്റ്റ് ഇവിടെ നിന്നും വിജയിക്കാനുള്ള ശേഷി ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിനുണ്ട്. തീര്‍ച്ചയായും അവര്‍ക്കു വിജയിക്കാന്‍ സാധിക്കും. കാരണം ഇന്നു 332 റണ്‍സ് മാത്രമേ അവര്‍ക്കു ജയിക്കാന്‍ ആവശ്യമുള്ളൂ. ഇംഗ്ലണ്ട് ബാറ്റിങ് നിരയും വളരെ മികച്ച ഫോമിലാണെന്നും പാര്‍ഥീവ് പട്ടേല്‍ വിലയിരുത്തി.
അതേസമയം, ഇംഗ്ലണ്ടിനു 400ന് മുകളില്‍ വിജയലക്ഷ്യം ഈ ടെസ്റ്റില്‍ നല്‍കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സിലെ മോശം ബാറ്റിങ് പ്രകടനം രോഹിത് ശര്‍മയ്ക്കും സംഘത്തിനും തിരിച്ചടിയാവുകയായിരുന്നു. 143 റണ്‍സിന്റെ ആധികാരികമായ ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യക്കുണ്ടായിരുന്നു.
പക്ഷെ രണ്ടാമിന്നിങ്‌സില്‍ വെറും 255 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ശുഭ്മന്‍ ഗില്‍ (104) സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ആരും തിളങ്ങിയില്ല. ഗില്ലിനെക്കൂടാതെ 45 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

രണ്ടാമിന്നിങ്‌സിലെ മോശം പ്രകടനത്താല്‍ തന്നെ 399 റണ്‍സിന്റെ വിജയലക്ഷ്യം മാത്രമേ ഇംഗ്ലണ്ടിനു നല്‍കാന്‍ ഇന്ത്യക്കായുള്ളൂ. നേരത്തേ മുമ്പൊരിക്കലും 210 റണ്‍സിനു മുകളില്‍ ഏഷ്യയില്‍ ഇംഗ്ലണ്ട് ചേസ് ചെയ്തു ജയിച്ചിട്ടില്ലെങ്കിലും ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചും ബെന്‍ സ്‌റ്റോക്‌സ് കോച്ചുമായതിനു ശേഷം ഇംഗ്ലീഷ് ടീം അടിമുടി മാറിയിരിക്കുകയാണ്. ഏതു വലിയ ടോട്ടലും ചേസ് ചെയ്തു ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇപ്പോൾ ഇംഗ്ലണ്ടിനെ അപകടകാരിയാക്കി മാറ്റുന്നത്.
നേരത്തേ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ സ്തബ്ധരാക്കിയാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ആദ്യത്തെ രണ്ടു ദിവസത്തെയും കളി കഴിഞ്ഞപ്പോള്‍ ഇന്ത്യ അനായാസം ജയിച്ചുകയറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം 190 റണ്‍സിനു മുകളില്‍ ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യക്കുണ്ടായിരുന്നു.
പക്ഷെ മൂന്നാംദിനം അവിശ്വസനീയ തിരിച്ചുവരവിലൂടെ ഇംഗ്ലീഷ് ടീം ഇന്ത്യയെ ഞെട്ടിച്ചു. രണ്ടാമിന്നിങ്‌സില്‍ അറ്റാക്കിങ് ക്രിക്കറ്റ് കാഴ്ചവച്ചാണ് ഇന്ത്യയെ ഇംഗ്ലണ്ട് ബാക്ക് ഫൂട്ടിലാക്കിയത്. ഒരു ദിവസം ബാക്കിനില്‍ക്കെ റണ്‍ചേസില്‍ ഇന്ത്യ കൂടാരം കയറുകയുമായിരുന്നു.