ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ശേഷവും 28 റണ്‍സിന്റെ തോല്‍വി ഇന്ത്യ വഴങ്ങുകയായിരുന്നു. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 202 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. ഇതോടെ നാണംകെട്ട തോല്‍വിയും ആതിഥേയര്‍ക്ക് നേരിടേണ്ടി വന്നു. വലിയ കാണികളുടെ പിന്തുണ ഹൈദരാബാദിലുണ്ടായിരുന്നു.
ഇന്ത്യയുടെ അനായാസ ജയം സ്വപ്‌നം കണ്ട ആരാധകരെയെല്ലാം നിരാശപ്പെടുത്തിയാണ് രോഹിത്തും സംഘവും തലകുനിച്ചത്. ഇതോടെ വലിയൊരു നാണക്കേടും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. 69 വര്‍ഷത്തിനിടെ ഇന്ത്യയെ ഹൈദരാബാദില്‍ ടെസ്റ്റില്‍ തോല്‍പ്പിക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറിയിരിക്കുകയാണ്. ഇതിന് മുമ്പ് 9 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യ ഹൈദരാബാദില്‍ കളിച്ചു. ഒരു തവണ പോലും തലകുനിക്കേണ്ടി വന്നില്ല. ഇത്തവണ ഇന്ത്യക്ക് മികച്ച തുടക്കവും ലഭിച്ചിരുന്നു.
എന്നാല്‍ പടിക്കല്‍ ഇന്ത്യ കലമുടുക്കുകയും ചെയ്തു. ഇന്ത്യയെ ഈ നാണക്കേടിലേക്ക് തള്ളിവിടുന്ന ആദ്യ നായകനെന്ന നേട്ടം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും സ്വന്തമാക്കിയിരിക്കുകയാണ്. 1955ലാണ് ആദ്യമായി ഇന്ത്യ ഹൈദരാബാദില്‍ ടെസ്റ്റ് കളിക്കുന്നത്. ന്യൂസീലന്‍ഡിനെതിരേയായിരുന്നു ഇത്. ഈ മത്സരം സമനിലയായി. ഹൈദരാബാദില്‍ ഇന്ത്യ കളിച്ച ആദ്യ അഞ്ച് ടെസ്റ്റിലും എതിരാളികള്‍ ന്യൂസീലന്‍ഡായിരുന്നു. ഇതില്‍ മൂന്ന് സമനിലയും രണ്ട് ജയവുമാണ് ഇന്ത്യ നേടിയത്.
ഓസ്‌ട്രേലിയയെ ഇവിടെ നേരിട്ടപ്പോള്‍ ഇന്നിങ്‌സിനും 135 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബംഗ്ലാദേശിനെതിരേ 208 റണ്‍സിന്റെ ജയവും ഇന്ത്യക്ക് നേടാനായി. വെസ്റ്റ് ഇന്‍ഡീസിനെതിരേ 10 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ഹൈദരാബാദില്‍ ഇപ്പോള്‍ തോല്‍വി രുചിക്കേണ്ടി വന്നു. ഇന്ത്യയുടെ അമിത ആത്മവിശ്വാസവും ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനവുമാണ് തോല്‍വിക്ക് കാരണമായത്.

അനായാസമായി ജയിക്കേണ്ട കളിയാണ് ഇന്ത്യ നശിപ്പിച്ചുകളഞ്ഞത്. 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് തകര്‍ന്നു. 42 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ച ശേഷം പിന്നീടൊരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പിറന്നില്ല. ശുബ്മാന്‍ ഗില്‍ ഡെക്കായി. കെ എല്‍ രാഹുല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 22 റണ്‍സില്‍ മടങ്ങി. അക്ഷര്‍ പട്ടേല്‍ 17 റണ്‍സെടുത്തപ്പോള്‍ മധ്യനിരയിലെ വിശ്വസ്തനായ ശ്രേയസ് അയ്യര്‍ക്ക് 13 റണ്‍സാണ് നേടാനായത്.
രവീന്ദ്ര ജഡേജ 2 റണ്‍സില്‍ റണ്ണൗട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. നാട്ടില്‍ അവസാനം കളിച്ച മൂന്ന് ടെസ്റ്റിലും ഇന്ത്യക്ക് ജയിക്കാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്. വിരാട് കോലി ഇന്ത്യയുടെ നായകനായിരിക്കെ നാട്ടില്‍ 2 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. എന്നാല്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇതിനോടകം മൂന്ന് തോല്‍വികളായി. നായകനെന്ന നിലയിലെ രോഹിത്തിന്റെ തീരുമാനങ്ങളിലെ പിഴവും തിരിച്ചടിയായെന്ന് പറയാം.
ഇന്ത്യ ഇംഗ്ലണ്ടിന്റെ ടോപ് ഓഡറിനെ തകര്‍ത്തെങ്കിലും ഒലി പോപ്പിന്റെ സെഞ്ച്വറിയാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ് നിരയെ ഒന്നുമല്ലാതെയാക്കി 196 റണ്‍സാണ് പോപ്പ് അടിച്ചെടുത്തത്. 110ല്‍ താരത്തെ മടക്കാന്‍ ലഭിച്ച അവസരം അക്ഷര്‍ പട്ടേല്‍ കൈവിട്ട് കളഞ്ഞതും തിരിച്ചടിയായി മാറി.
ഇന്ത്യയുടെ മോശം ഫീല്‍ഡിങ് തോല്‍വിയുടെ പ്രധാന കാരണമായി പറയാം. എന്തായാലും തട്ടകത്തിലെ ഇന്ത്യയുടെ സര്‍വാധിപത്യത്തിന് മുകളിലേറ്റ അടിയാണിതെന്ന് പറയാം. രണ്ടാം ടെസ്റ്റിലൂടെ ഇന്ത്യക്ക് ശക്തമായി തിരിച്ചുവരവ് നടത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.