Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇഷാന്റെ കാര്യം ഗോപി! അന്ത്യശാസനം നല്‍കി ദ്രാവിഡ്- സഞ്ജുവിന് പ്രതീക്ഷ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് തോറ്റതിന്റെ ക്ഷീണം 106 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ തീര്‍ത്തിരിക്കുകയാണ്. ആദ്യത്തെ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. രണ്ട് മത്സരത്തിലേയും പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് വിക്കറ്റ് കീപ്പറുടെ മോശം ഫോമാണ്. കെ എസ് ഭരത് തീര്‍ത്തും നിരാശപ്പെടുത്തുന്നു. യുവതാരം ദ്രുവ് ജുറേലിനെ പരിഗണിക്കുകയെന്നതും ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഇഷാന്‍ കിഷന്റെ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇഷാന് നേരിട്ട് തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തിരിച്ചുവരണമെന്നാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്.

നേരത്തെ തന്നെ ദ്രാവിഡ് ഈ നിര്‍ദേശം വെച്ചതാണെങ്കിലും ഇഷാന്‍ ഇതുവരെ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇഷാന് തിരിച്ചുവരവ് പ്രയാസമാകുമെന്നുറപ്പ്. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇഷാന്‍ കിഷനെ ടി20 ലോകകപ്പില്‍ നിന്ന് തഴയാനും സാധ്യതകളുണ്ട്. ഇതോടെ സഞ്ജു സാംസണിന്റെ സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്ക് ശേഷം സഞ്ജു ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ്.

കേരളത്തിന്റെ നായകനായി സഞ്ജു ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്. ഛത്തീസ്ഗഡിനെതിരായ അവസാന മത്സരത്തിലും അര്‍ധ സെഞ്ച്വറിയോടെ സഞ്ജു തിളങ്ങിയിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് ടെസ്റ്റ് ടീമിലേക്ക് കന്നി വിളിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യ ഭരത്തിനെ തഴയുമെന്ന് ഏറെക്കുറെ ഉറപ്പാണ്. റിഷഭ് പന്ത് മടങ്ങിവരാന്‍ വൈകും. കെ എല്‍ രാഹുലിന് കൂടുതല്‍ വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.

sanju samson

അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരിലൊരാള്‍ക്ക് ഇന്ത്യ ടെസ്റ്റിലേക്ക് വിളി നല്‍കാനാണ് സാധ്യത കൂടുതല്‍. സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ സഞ്ജുവിന് തന്നെ അവസരം ലഭിക്കേണ്ടതാണ്. രോഹിത് ശര്‍മ സഞ്ജുവിനെ പിന്തുണക്കുന്ന നായകനാണ്. പരിശീലകന്‍ ദ്രാവിഡിനും സഞ്ജുവിനെ നന്നായി അറിയാം. അതുകൊണ്ടുതന്നെ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യ ചില സുപ്രധാന മാറ്റങ്ങളും മൂന്നാം ടെസ്റ്റില്‍ വരുത്തിയേക്കും. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ രജത് പാട്ടീധാറിന്റെ സീറ്റ് നഷ്ടമായേക്കും. രണ്ടാം ടെസ്റ്റില്‍ കളിച്ചെങ്കിലും പാട്ടീധാറിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായിരുന്നില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും സബസ്റ്റിറ്റിയൂട്ട് ഫീല്‍ഡറായിത്തിളങ്ങിയ സര്‍ഫ്രാസ് ഖാന്‍ ടീമില്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറക്ക് മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ബുംറയായിരുന്നു. എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കെ ബുംറയുടെ ജോലിഭാരം നിയന്ത്രിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിലൂടെ തിരിച്ചുവരുമ്പോള്‍ ബുംറക്ക് ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് വിവരം. എന്നാല്‍ ആദ്യ മത്സരത്തില്‍ സിറാജ് നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ടെസ്റ്റില്‍ മുകേഷ് കുമാറും നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ബുംറ കളിക്കാതിരുന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും.

ഇന്ത്യയുടെ പേസ് നിരയിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നാം മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് ചെറിയ ക്യാംപ് നടത്തുന്നുണ്ട്. ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇന്ത്യ ശക്തമായ മുന്നൊരുക്കത്തത്തോടെ ഇറങ്ങിയില്ലെങ്കില്‍ മൂന്നാം മത്സരത്തില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്നുറപ്പ്.

Story first published: Monday, February 5, 2024, 21:27 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+