ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏതു തരത്തിലുള്ള പിച്ചാണ് ഇന്ത്യ തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്റെ അപ്രതീക്ഷിത പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്.
ഒരു ഘട്ടത്തില്‍ വളരെ അനായാസം ജയിക്കുമെന്നു കരുതിയ ഇന്ത്യയെ അവിശ്വസനീയ തിരിച്ചുവരവിലൂടെ ബെന്‍ സ്റ്റോക്‌സും സംഘവും സ്തബ്ധരാക്കുകയായിരുന്നു. ഈ പരാജയം രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. അതിനിടെ പരിക്കു കാരണം കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെ നഷ്ടമായത് ഇന്ത്യക്കു മറ്റൊരു തിരിച്ചടിയാണ്.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രണ്ടാം ടെസ്റ്റിനായി ഇന്ത്യയൊരുക്കേണ്ട പിച്ചിനെക്കുറിച്ച് ചോപ്ര അഭിപ്രായപ്രകടനം നടത്തിയത്. വിശാഖപട്ടണത്തു ടേണിങ് പിച്ച് തയ്യാറാക്കിയാല്‍ അതൊരു നല്ല നീക്കമായിരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്വന്തം കഴിവില്‍ സംശയിക്കുമ്പോള്‍ ഒരു പ്രശ്‌നമുണ്ട്.
നമ്മള്‍ നല്ലൊരു പിച്ചൊരുക്കിയാല്‍ അവര്‍ നമ്മളേക്കാള്‍ നന്നായി കളിക്കും. ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും ദയനീയ ഫോമിലാണ്. കെഎല്‍ രാഹുല്‍ നമുക്കില്ല. വിരാട് കോലി നേരത്തേ തന്നെ പുറത്താണ്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും കളിക്കുന്നില്ല. പെട്ടെന്നു നിങ്ങള്‍ ശരിക്കും പെട്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
നല്ലൊരു പിച്ചില്‍ രണ്ടാം ടെസ്റ്റ് കളിക്കണമെന്നതാണ് എനിക്കു തോന്നുന്നത്. അമിതാവേശം കാണിച്ച് ടേണിങ് പിച്ചിനു വേണ്ടി പോവരുത്. നിങ്ങളുടെ (ഇന്ത്യ) ബാറ്റര്‍മാര്‍ ഫോമിലല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുടീമുകളിലെയും സ്പിന്നര്‍മാര്‍ ഒരുപോലെ ഫലപ്രദമാണ്.
അവര്‍ക്കു കണിശതയില്ല, പക്ഷെ അതെങ്ങനെ ഒരു വിഷയമാവും? ബിഷന്‍ സിങ് ബേദിയെപ്പോലെ ടോം ഹാര്‍ട്ട്‌ലി ബൗള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. ജോ റൂട്ട് മുത്തയ്യ മുരളീധരനുമായി മാറിയിരിക്കുകയാണെന്നും തമാശരൂപേണ ചോപ്ര വിലയിരുത്തി.
രണ്ടാം ടെസ്റ്റിനു ഒരു ഭേദപ്പെട്ട പിച്ചാണെങ്കില്‍ ഇംഗ്ലണ്ട് ടീ ഇന്ത്യക്കു മേല്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആദ്യ ടെസ്റ്റില്‍ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്.

നാട്ടില്‍ കളിച്ച അവസാനത്തെ മൂന്നു ടെസ്റ്റുകളിലും ഇന്ത്യക്കു ജയിക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ ഇന്‍ഡോര്‍, അഹമ്മദാബാദ് എന്നീവിടങ്ങളില്‍ നടന്ന ടെസ്റ്റുകളില്‍ ഓരോ തോല്‍വിയും സമനിലയുമാണ് ഇന്ത്യക്കു നേരിട്ടത്. ഇന്‍ഡോറില്‍ ടേണിങ് പിച്ചൊരുക്കി ഇന്ത്യ തോല്‍വിയിലേക്കു വീണപ്പോള്‍ അഹമ്മദാബാദില്‍ സമനിലയും സമ്മതിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ടെസ്റ്റില്‍ തോല്‍വിയും ഇന്ത്യക്കു വഴങ്ങേണ്ടി വന്നത്.
തീര്‍ച്ചയായും നാട്ടിലെ അവസാനത്തെ മൂന്നു ടെസ്റ്റുകളിലും നമുക്കു ജയിക്കാനായിട്ടില്ല. രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യക്കു പരാജയവും നേരിട്ടു. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുണ്ടായിട്ടും ഇന്‍ഡോറില്‍ ടേണിങ് പിച്ചൊരുക്കിയ ഇന്ത്യ സ്വയം തോല്‍വിയിലേക്കു വീണു. അഹമ്മദാബാദില്‍ ഫ്‌ളാറ്റ് പിച്ച് തയ്യാറാക്കിയപ്പോള്‍ വിരസമായ മല്‍സരം സമനിലയിലും കലാശിച്ചു.
ഇംഗ്ലണ്ടിനെതിരേ ഹൈദരാബാദിലെ ആദ്യത്തെ ടെസ്റ്റിലെ പിച്ച് ഭേദപ്പെട്ടതായിരുന്നു. അതു കുറച്ചുകൂടി നന്നാക്കാമായിരുന്നു. ആദ്യദിനം കൂടുതല്‍ ടേണുള്ളതായി കാണപ്പെട്ടു. ബൗണ്‍സും പേസും ഈ പിച്ചിനുണ്ടായിരുന്നു. അതിനെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നതായി എനിക്കു തോന്നുന്നു. ഇതു ശരിയായിരുന്നില്ലെന്നും ചോപ്ര വിശദമാക്കി.