ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫീല്‍ഡിങിലെ ദയനീയ പ്രകടനം കാരണം വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിലെ ആറു ക്യാച്ചുകളാണ് രണ്ടു ദിവസങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ കളഞ്ഞുകുളിച്ചത്, ഈ കാരണത്താലാണ് 150 പ്ലസ് റണ്‍സെങ്കിലും ലീഡ് നേടാമായിരുന്ന ഇന്ത്യക്കു വെറും ആറു റണ്‍സ് ലീഡുമായി തൃപ്തിപ്പെടേണ്ടി വന്നത്.
ഇന്ത്യന്‍ നിരയില്‍ ഏറ്റവും വലിയ ദുരന്തമായി മാറിയത് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. സാധാരണയായി മിന്നുന്ന ക്യാച്ചുകളുമായി ഫീല്‍ഡിങില്‍ കസറാറുള്ള താരമാണ് അദ്ദേഹം. പക്ഷെ ഈ ടെസ്റ്റില്‍ ഫീല്‍ഡിങില്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ് ജയ്‌സ്വാള്‍. മികച്ച ഫീല്‍ഡറായ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ഈ തരത്തില്‍ ചോര്‍ച്ചയുണ്ടായത് ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ജയ്‌സ്വാളിനെ രൂക്ഷമായി വിമര്‍ശിച്ച് ചിലര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. താരം മനപ്പൂര്‍വ്വം ക്യാച്ചുകള്‍ കൈവിട്ടതാണെന് സംശയമാണ് ചിലര്‍ പ്രകടിപ്പിക്കുന്നത്. ഇതിന്റെ തെളിവും ഇവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

ജയ്‌സ്വാളിന്റെ പിഴവുകള്‍
ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാംദിനം തന്നെയാണ് ഇംഗ്ലണ്ടിന്റെ രണ്ടു ക്യാച്ചുകള്‍ സ്ലിപ്പ് ഫീല്‍ഡറായിരുന്ന യശസ്വി ജയ്‌സ്വാള്‍ കൈവിട്ടു കളഞ്ഞത്. ഇടംകൈയന്‍ ബാറ്ററും ഓപ്പണറുമായ ബെന്‍ ഡക്കെറ്റിന്റേതായിരുന്നു ആദ്യത്തെ ക്യാച്ച്. കളി തുടങ്ങി അഞ്ചാം ഓവറില്‍ തന്നെയയിരുന്നു സംഭവം.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് ക്യാച്ച് നിഷേധിക്കപ്പെട്ടത്. ഡക്കെറ്റിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ ഗള്ളി ഏരിയയില്‍ ഫീല്‍ഡ് ചെയ്ത ജയ്‌സ്വാളിനു നേരെയാണ് വന്നത്. പക്ഷെ താരം അതു കൈവിടുകയായിരുന്നു. അല്‍പ്പം ബുദ്ധിമുട്ടേറിയ ക്യാച്ചായിരുന്നു ഇത്. എങ്കിലും ഇതിനേക്കാള്‍ കടുപ്പമേറിയ ക്യാച്ചുകള്‍ പല തവണ എടുത്ത് ഞെട്ടിച്ചിട്ടുള്ള താരമാണ് അദ്ദേഹം.
അതിനു ശേഷം ഒല്ലി പോപ്പിനും ജയ്‌സ്വാള്‍ ആയുസ് നീട്ടിക്കൊടുത്തു. ഇത്തവണയും നിര്‍ഭാഗ്യവാനായ ബൗളര്‍ ബുംറ തന്നെയായിരുന്നു. 31ാം ഓവറിലായിരുന്നു സംഭവം. 61 റണ്‍സെടുത്തു നില്‍ക്കവെ തേര്‍ഡ് സ്ലിപ്പിലാണ് ഡക്കെറ്റിന്റെ ക്യാച്ച് ജയ്‌സ്വാള്‍ കൈവിട്ടു കളഞ്ഞത്. പുറത്താവാതെ രക്ഷപ്പെട്ട പോപ്പ് പിന്നീട് 106 റണ്‍സോടെ ടോപ്‌സ്‌കോററുമായി മാറി.
രണ്ടാം ദിനം ഫീല്‍ഡില്‍ വരുത്തിയ ഈ രണ്ടു പിഴവുകള്‍ക്കു മൂന്നാംദിനം ജയ്‌സ്വാള്‍ പ്രായശ്ചിത്തം ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ അതുണ്ടായില്ല. അദ്ദേഹത്തിന്റെ കൈകള്‍ വീണ്ടും ചോരുക തന്നെ ചെയ്തു. ഹാരി ബ്രൂ്ക്കിനെയാണ് ജയ്‌സ്വാള്‍ ഇത്തവണ പുറത്താവലില്‍ നിന്നും രക്ഷിച്ചത്. ഒരിക്കല്‍കൂടി ബുംറയുടെ ബൗളിങില്‍ തന്നെയാണ് ഈ ക്യാച്ച് നഷ്ടവും സംഭവിച്ചതെന്നു കാണാം.
രൂക്ഷവിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ യശസ്വി ജയ്‌സ്വാളിനെതിരേ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫീല്‍ഡിങില്‍ താരത്തിന്റെ അലസമായ സമീപനത്തില്‍ പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തു,.
ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഫീല്‍ഡിങിനു ഇറങ്ങിയപ്പോള്‍ ഒട്ടും താല്‍പ്പര്യമില്ലാത്തതു പോലെയാണ് യശസ്വി ജയ്‌സ്വാള്‍ കാണപ്പെട്ടത്. മൂന്നു ക്യാച്ചുകള്‍ ഒരിന്നിങ്‌സില്‍ തന്നെ പാഴാക്കുകയെന്നത് ഗുരുതര പിഴവാണ്. മനപ്പൂര്‍വ്വമാണോ ജയ്‌സ്വാള്‍ ഇതു ചെയ്തതെന്നു സംശയമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

യശസ്വി ജയ്‌സ്വാള്‍ മനപ്പൂര്‍വ്വം തന്നെയാണ് ഫീല്‍ഡിങില്‍ ഈ തരത്തില്‍ പിഴവുകള്‍ വരുത്തിയത്. കാരണം അദ്ദേഹത്തിന്റെ കാമുകി ബ്രിട്ടീഷുകാരിയായ മാഡി ഹാമില്‍റ്റനാണ്. ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്നും രക്ഷിക്കുന്നതിനായാണ് ജയ്‌സ്വാള്‍ ഈ തരത്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കു വീണ്ടും വീണ്ടും ആയുസ് നീട്ടിക്കൊടുത്തതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
രണ്ടാംദിനം മുതല്‍ തന്നെ ഫീല്‍ഡിങില്‍ യശസ്വി ജയ്‌സ്വാളിന്റെ പെരുാറ്റം സംശയാസ്പദമാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ ആദ്യത്തെ റിവ്യു ഇന്ത്യക്കു നഷ്ടമാവാന്‍ കാരണം അദ്ദേഹമാണ്. വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനു പോലും ഉറപ്പില്ലാതിരുന്നിട്ടും ബാറ്റില്‍ എഡ്ജുണ്ടെന്നും റിവ്യു എടുക്കാമെന്നും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ജയ്‌സ്വാളാണ്.
ഇന്ത്യയുടെ റിവ്യു തേര്‍ഡ് അംപയര്‍ തള്ളിയ ശേഷം എല്ലാവരും നിരാശയോടെ നിന്നപ്പോള്‍ ജയ്‌സ്വാളിന്റെ മുഖത്ത് ചിരി വിടര്‍ന്നതും വ്യക്തമായി കണ്ടതാണ്. ഇതും കൂട്ടി വായിക്കുമ്പോള്‍ ജയ്‌സ്വാളിന്റെ ക്യാച്ച് നഷ്ടവും സംശയകരമാണെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി.