For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടെസ്റ്റില്‍ കസറാന്‍ ജുറേലിനെക്കൊണ്ടാവുമോ? ടീമിലെത്തിച്ചത് ഈ പ്രകടനം

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു പുതിയൊരു താരോദയം കൂടി വന്നിരിക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലാണ് ഇംഗ്ലണ്ടുമായുള്ള ആദ്യ രണ്ടു ടെസ്റ്റുകളില്‍ ദേശീയ ടീമിന്റെ ഭാഗമായിരിക്കുന്നത്. ഇഷാന്‍ കിഷനെ തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും തഴഞ്ഞാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ആരാധകര്‍ക്കു പ്രിയങ്കരനായ ജുറേലിനെ ടെസ്റ്റ് ടീമിലേക്കു വിളിച്ചത്. പരിചയ സമ്പന്നനായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെപ്പോലും തഴഞ്ഞാണ് പുതുമുഖമായ അദ്ദേഹത്തെ ടീമിലെടുത്തത്.

യഥാര്‍ഥത്തില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ദേശീയ ടീമിനായി കളിക്കാനുള്ള അര്‍ഹത ജുറേലിനുണ്ടോ? എന്തു കാരണത്താലാണ് അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെടുത്തിരിക്കുന്നത്. ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനമാണ് ജുറേലിനെ ഇന്ത്യന്‍ ടീമിലെത്തിച്ചിരിക്കുന്നതെന്നു പറയാം.

DHRUV JUREL

അധികം മല്‍സരങ്ങളില്‍ കളിച്ചിട്ടില്ലെങ്കിലും ഇതിനകം കളിച്ചവയില്‍ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് സെലക്ഷന്‍ കമ്മിറ്റി ജുറേലിനെ ടെസ്റ്റ് ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയാണ് ജുറേല്‍ കളിച്ചു കൊണ്ടിരിക്കുന്നത്. 2022 ഫെബ്രുവരിയിലായിരുന്നു അരങ്ങേറ്റം.

യുപിക്കു വേണ്ടി 15 മല്‍സരങ്ങളില്‍ നിന്നും 46.47 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 790 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും ശ്രദ്ധേയമായ പ്രകടനമാണ് ജുറേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനകം 34 ക്യാച്ചുകളെടുത്തിട്ടുള്ള താരം രണ്ടു സ്റ്റംപിങുകളും നടത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ (2022-23) രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനായി ജുറേല്‍ കസറിയിരുന്നു. ആറു മല്‍സരങ്ങളിലാണ് സീസണില്‍ താരം കളിച്ചത്. ഇവയില്‍ നിന്നും 71.5 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ ജുറേല്‍ വാരിക്കൂട്ടിയത് 429 റണ്‍സാണ്. 50 ഫോറുകളും അഞ്ചു സിക്‌സറുകളും ഇതിലുള്‍പ്പെടും.

ഈ സീസണിലെ രഞ്ജിയില്‍ ഇതിനകം ഒരു മല്‍സരമാണ് ജുറേല്‍ കളിച്ചത്. കേരളത്തിനെതിരേ ആലപ്പുഴയില്‍ നടന്ന മല്‍സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ യുപി പതറിയപ്പോള്‍ റിങ്കു സിങിനോടൊപ്പം ഫിഫ്റ്റിയുമായി താരം ടീമിന്‍റെ രക്ഷകനാവുകയും ചെയ്തു. റിങ്കു 92 റണ്‍സ് നേടിയ കളിയില്‍ ജുറേല്‍ അടിച്ചെടുത്തത് 63 റണ്‍സായിരുന്നു. 123 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജുറേലിന്റെ കരിയറിന്റെ തുടക്കം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇതു തന്നൊണ് ഇത്രയും പെട്ടെന്നു താരത്തെ ഇന്ത്യന്‍ ടീമിലുമെത്തിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നായിരുന്നു ജുറേല്‍. റോയല്‍സിനൊപ്പം അരങ്ങേറിയ താരം കന്നി സീസണില്‍ തന്നെ അഗ്രസീവ് ബാറ്റിങുമായി വരവറിയിക്കുകയായിരുന്നു.

DHRUV JUREL

ഫിനിഷറുടെ റോളായിരുന്നു ടീം മീനേജ്‌മെന്റ് ജുറേലിനു നല്‍കിയത്. ഇതു താരം ഭംഗിയാക്കുകയും ചെയ്തു. 172.73 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സാണ് താരം നേടിയത്. പുറത്താവാതെ 32 റണ്‍സ് (15 ബോള്‍), 8* (3), 4 (6), 18 (10), 0 (1), 34* (16), 34 (15) എന്നിങ്ങനെയായിരുന്നു റോയല്‍സിനൊപ്പം താരത്തിന്റെ പ്രകടനം.

അതേസമയം, 2020ലെ ഐസിസയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു ജുറേല്‍. ടൂര്‍ണമെന്റിലെ ആറു മല്‍സരങ്ങളിലും വിക്കറ്റ് കാത്തത് അദ്ദേഹമാണ്. മൂന്നു ഇന്നിങ്‌സുകളിലാണ് ജുറേലിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഒരു ഫിഫ്റ്റിയടക്കം 44.50 ശരാശരിയില്‍ 89 റണ്‍സ് നേടുകയും ചെയ്തു.

കഴിഞ്ഞ മാസം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമിന്റെ ഭാഗം കൂടിയായിരുന്നു ജുറേല്‍. ആദ്യ മല്‍സരത്തില്‍ ഡെക്കായെങ്കിലും രണ്ടാമത്തെ കളിയില്‍ 69 റണ്‍സുമായി തിളങ്ങി. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന എമേര്‍ജിങ് ഏഷ്യാ കപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായിരുന്നു ജുറേല്‍. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ യുവതാരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

Story first published: Saturday, January 13, 2024, 10:32 [IST]
Other articles published on Jan 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+