നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യുടെ പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് യുവ വിക്കറ്റ്കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേല്‍. ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് അദ്ദേഹം ഗൗതം ഗംഭീറിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇതിനകം കളിച്ച നാലിന്നിങ്‌സുകളിലും ജുറേല്‍ ഫിഫ്റ്റി സ്‌കോര്‍ കുറിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. നിലവില്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍. എന്നാല്‍ അദ്ദേത്തിന്റെ സ്ഥാനത്തിനു വെല്ലുവിളിയര്‍ത്തുന്ന പ്രകടനമാണ് എ ടീമിനൊപ്പം ജുറേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ജുറേലിന്റെ പ്രകടനം
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില സ്സോ ഇന്നിങ്‌സുകളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ശേഷമാണ് ധ്രുവ് ജുറേല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ബാറ്റിങില്‍ കസറുന്നത്. ഇംഗ്ലണ്ട് ലയണ്‍സുമായി സമനിലയില്‍ കലാശിച്ച ആദ്യ അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും അദ്ദേഗം ഫിഫ്റ്റ് പ്ലസ് സ്‌കോര്‍ കണ്ടെത്തി.
ഒന്നാമിന്നിങ്‌സില്‍ വെറും ആറു റണ്‍സിനാണ് ജുറേലിനു അര്‍ഹിച്ച സെഞ്ച്വറി കൈയെത്തുംദൂരത്തു നഷ്ടമായത്. അഞ്ചാമനായി ഇറങ്ങി അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 94 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 120 ബോളുകള്‍ നേരിട്ട അദ്ദേഹം 11 ഫോറും ഒരു സിക്‌സറുമടിച്ചു. രണ്ടാമിന്നിങ്‌സിലും ജുറേല്‍ ഫോമാവര്‍ത്തിച്ചു. ഇത്തവണ മൂന്നാമനായാണ് താരം ക്രീസിലെത്തിയത്. 53 ബോളില്‍ നിന്നും നാലു ഫോറടക്കം 53 റണ്‍സാണ് ജുറേല്‍ സ്‌കോര്‍ ചെയ്തത്.
ഇപ്പോള്‍ നോര്‍താംപ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പരമ്പരയിലെ ഹാട്രിക് ഫിഫ്റ്റിയും അദ്ദേഹം നേടിയിരിക്കുകയാണ്. 52 റണ്‍സെടുത്താണ് ജുറേല്‍ പുറത്തായത്. 87 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറുകളടിച്ചു. ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ (116) സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ടീമിന്റെ രണ്ടാമത്തെ മികച്ച സ്‌കോററും രാഹുലാണ്.
സെനാ രാജ്യത്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ചു ഫിഫ്റ്റി പ്ലസ്
സ്‌കോറുകള്‍ ജുറേല്‍ നേടിക്കഴിഞ്ഞെന്നതാണ് എടുത്തു പറയേണ്ട കാര്യം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിനായി 80, 68 എന്നിങ്ങനെ സ്‌കോറുകള്‍ അവസാന അനൗദ്യോഗിക ടെസ്റ്റില്‍ ജുറേല്‍ നേടിയിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ 94, 53, 54 എന്നിങ്ങനെ മികച്ച സ്‌കോറുകളും താരം അടിച്ചെടുത്തത്.
എവിടെ കളിപ്പിക്കും?
റെഡ് ബോള്‍ ക്രിക്കറ്റില്‍ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ടെസ്റ്റ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തെ എവിടെ കളിപ്പിക്കുമെന്നതാണ് ടീം മാനേജ്‌മെന്റിനു തലവേദനയാവുന്നത്. നിലവിലെ ലൈനപ്പില്‍ ജുറേലിനെ കൂടി ഉള്‍പ്പെടുത്താനുള്ള ഒരു ഓപ്ഷന്‍ ഇന്ത്യക്കു ഇല്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം.

യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലുമായിരിക്കും വരാനിരിക്കുന്ന പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളെന്നുറപ്പാണ്. മറുനാടന്‍ മലയാളി കൂടിയായ കരുണ്‍ നായരും പുതിയ ക്യാപ്റ്റന് ശുഭ്മന്‍ ഗില്ലുമായിരിക്കും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ കളിക്കുക. അഞ്ചാമന്‍ റിഷഭ് പന്തായിരിക്കും. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ റെക്കോര്‍ഡ് മോശമാണെങ്കിലും ടെസ്റ്റില്‍ അദ്ദേഹം എക്‌സ് ഫാക്ടര്‍ തന്നെയാണ്.
റിഷഭിനു ശേഷം ആറില്‍ രവീന്ദ്ര ജഡേജയും തുടര്‍ന്ന് ശര്‍ദ്ദുല്‍ ടാക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരിലൊരാളും കളിക്കും. അതിനു ശേഷം ഫാസ്റ്റ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുമായിരിക്കും. ഇങ്ങനെയൊരു ലൈനപ്പില്‍ ജുറേലിനെ കൂടി കളിപ്പിക്കുകയെന്നത് അസാധ്യമാണ്.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (സി), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.