രാജ്‌കോട്ട്: സര്‍ഫറാസ് ഖാനു പിന്നാലെ മറ്റൊരു യുവതാരമായ ധ്രുവ് ജുറേലും ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച ഇന്നിങ്‌സുമായി സാന്നിധ്യമറിയിച്ചിരിക്കുകയാണ്. എട്ടാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 104 ബോളില്‍ 46 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. ജുറേലിന്റെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്കു മികച്ചൊരു ഭാവിയുണ്ടെന്നും വലിയ ഇന്നിങ്‌സുകള്‍ ഭാവിയില്‍ പ്രതീക്ഷിക്കാമെന്നും കാണിച്ചു തന്നിരിക്കുകയാണ് അദ്ദേഹം.
ഫിഫ്റ്റി നാലു റണ്‍സ് മാത്രമകലെ നഷ്ടമായെങ്കിലും വളരെ പക്വതയുള്ള, ആത്മവിശ്വാസത്തോടെയുള്ള ഇന്നിങ്‌സായിരുന്നു ജുറേല്‍ കാഴ്ചവച്ചത്. ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ജുറേല്‍ ഇന്ത്യയുടെ എലൈറ്റ് വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റിലെ കന്നി ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാമനായി അദ്ദേഹം മാറി.

നേരത്തേ മൂന്നാംസ്ഥാനത്തുണ്ടായിരുന്നത് മുന്‍ താരം നയന്‍ മോംഗിയയായിരുന്നു. 1994ല്‍ ലഖ്‌നൗവില്‍ നടന്ന ടെസ്റ്റില്‍ അദ്ദേഹം നേടിയത് 44 റണ്‍സാണ്. ഇതാണ് രണ്ടു റണ്‍സ് കൂടി അധികമെടുത്ത് ജുറേല്‍ മെച്ചപ്പെടുത്തിയത്.
ഈ ലിസ്റ്റില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലുള്ളത് നിലവില്‍ ടീമിന്റെ ഭാഗമായ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍, മുന്‍ താരം ദിലാവര്‍ ഹുസൈന്‍ എന്നിവരാണ്. കഴിഞ്ഞ വര്‍ഷമവസാനം സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റിലായിരുന്നു വിക്കറ്റ് കീപ്പറായി ആദ്യമായി കളിച്ച ശേഷം രാഹുല്‍ റെക്കോര്‍ഡിട്ടത്. അന്നു 101 റണ്‍സുമായി അദ്ദേഹം മിന്നിക്കുകയായിരുന്നു.
രാഹുല്‍ നേരത്തേ തന്നെ ടെസ്റ്റില്‍ നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ടെങ്കിലും വിക്കറ്റ് കീപ്പറുടെ റോളില്‍ അദ്ദേഹം അരങ്ങേറിയത് സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ വര്‍ഷത്തെ പരമ്പരയിലാണ്. ഈ കാരണത്താല്‍ തന്നെയാണ് പുതിയ റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായത്.
രാഹുലിനു പിറകില്‍ ഈ ലിസ്റ്റില്‍ രണ്ടാമതുള്ള വിക്കറ്റ് കീപ്പറായ ദിലാവര്‍ ഹുസൈന്‍ 59 റണ്‍സാണ് കന്നി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി നേടിയത്. 1934ല്‍ ഇംഗ്ലണ്ടുമായി കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. നയന്‍ മോംഗിയയെ ഓവര്‍ടേക്ക് ചെയ്യുക മാത്രമല്ല മറ്റൊരു റെക്കോര്‍ഡും ജുറേല്‍ ഈ ടെസ്റ്റിലെ ഇന്നിങ്‌സോടെ സ്വന്തം പേരിലാക്കിയിരുന്നു.
സിക്‌സര്‍ നേട്ടത്തിലാണ് വലംകൈയന്‍ വിക്കറ്റ് കീപ്പറുടെ വമ്പന്‍ നേട്ടം. അരങ്ങേറ്റ ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ മൂന്നു സിക്‌സറുകള്‍ പറത്തിയ ഇന്ത്യയുടെ രണ്ടാമത്തെ താരമായി ജുറേല്‍ മാറി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മാത്രമേ നേരത്തേ കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറുകളടിച്ചിട്ടുള്ളൂ. 2017ല്‍ ശ്രീലങ്കയുമായി ഗല്ലെയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്.

അന്നു 48 ബോളില്‍ ഫിഫ്റ്റിയടിച്ച ഹാര്‍ദിക് അരങ്ങേറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിക്കും അവകാശിയായിരുന്നു. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന മൂന്നാംടെസ്റ്റിന്റെ ആദ്യദിനം 48 ബോളില്‍ ഫിഫ്റ്റി നേടിയ സര്‍ഫറാസ് ഖാന്‍ ഈ റെക്കോര്‍ഡില്‍ പങ്കാളിയായിരുന്നു. അതിനു പിന്നാലെയാണ് സിക്‌സര്‍ നേട്ടത്തില്‍ ഹാര്‍ദിക്കിന്റെ മറ്റൊരു റെക്കോര്‍ഡിനൊപ്പം വീണ്ടുമൊരു അരങ്ങേറ്റക്കാരനായ ജുറേലും എത്തിയത്.
കെഎസ് ഭരതായിരുന്നു നേരത്തേ ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. പക്ഷെ ബാറ്റിങില്‍ താരം നിരന്തരം ഫ്‌ളോപ്പായി കൊണ്ടിരുന്നതോടെ മൂന്നാം ടെസ്റ്റില്‍ ജുറേലിനെ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ടെസ്റ്റില്‍ ഭരതിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ 44 റണ്‍സാണ്. പക്ഷെ അരങ്ങേറ്റ ടെസ്റ്റിലെ കന്നി ഇന്നിങ്‌സില്‍ തന്നെ 46 റണ്‍സെടുത്ത് ഭരതിനെ പിന്തള്ളിയിരിക്കുകയാണ് ജുറേല്‍.