
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായി മാറിയ റിഷഭിന് ഇംഗ്ലണ്ടില്‍ 2018ലെ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല. ഇപ്പോഴിതാ മോശം ഫോമിലുള്ള റിഷഭിന് വിശ്രമം നല്‍കി വൃദ്ധിമാന്‍ സാഹക്ക് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ' റിഷഭ് പന്ത് മികച്ച വിക്കറ്റ് കീപ്പറാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എല്ലാവര്‍ക്കും ഫോം നഷ്ടമുണ്ടാവും. വിശ്രമമാണ് അവന് ഫോം വീണ്ടെടുക്കാന്‍ വേണ്ടത്. അവനെ ടീമില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുകയെന്നല്ല ഉദ്ദേശിക്കുന്നത്. വൃദ്ധിമാന്‍ സാഹക്ക് നാലാം ടെസ്റ്റില്‍ അവസരം നല്‍കി റിഷഭിന് വിശ്രമം നല്‍കണം'-ഡാനിഷ് കനേരിയ പറഞ്ഞു.

തുടര്‍ച്ചയായി മത്സരം കളിക്കുന്നത് റിഷഭിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഈ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദം നടക്കേണ്ടതാണ്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ടി20 ലോകകപ്പും യുഎഇയില്‍ നടക്കും. അഞ്ച് ടെസ്റ്റ് മത്സരം കളിച്ച് പിന്നാലെ ഐപിഎല്ലിലും കളിക്കുമ്പോള്‍ റിഷഭിന്റെ പരിക്കിന്റെ സാധ്യതയും ഉയരും. ലോകകപ്പില്‍ റിഷഭിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യയെ സംബന്ധിച്ചത് നികത്താന്‍ പറ്റാത്ത വിടവായി മാറും.
എന്നാല്‍ സാഹയെ ഇംഗ്ലണ്ടിലെ സാഹചര്യത്തിലേക്ക് പരിഗണിക്കുക പ്രയാസമാണ്. വിദേശ പിച്ചുകളില്‍ വലിയ ബാറ്റിങ് പ്രകടനം നടത്താത്ത താരമാണ് സാഹ. കൂടാതെ ഏറെ നാളുകളായി പ്ലേയിങ് 11 പുറത്തും. ഓവല്‍ പോലൊരു മൈതാനത്ത് മധ്യനിരയുടെ ബാറ്റിങ് നിര്‍ണ്ണായകമാണ്. സാഹയെ കളിപ്പിച്ചാല്‍ ഇന്ത്യക്കത് ബാറ്റിങ്ങില്‍ വലിയ ഗുണം ചെയ്‌തേക്കില്ല. എന്നാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭിനെക്കാള്‍ കേമന്‍ സാഹ തന്നെയാണ്.

റിഷഭ് പന്ത് തകര്‍ത്തടിച്ച് കളിക്കുന്ന താരമാണ്. തന്റെ സ്വാഭാവികമായ കളി പുറത്തെടുക്കാന്‍ റിഷഭിന് സാധിക്കുന്നില്ലെന്നും കനേരിയ വിലയിരുത്തി. 'റിഷഭ് പന്തിന് മികച്ച പര്യടനമാണ് ഓസ്‌ട്രേലിയയില്‍ ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായി നാട്ടില്‍ നടന്ന പരമ്പരയിലും തിളങ്ങി. എന്നാല്‍ ഇംഗ്ലണ്ടിലേക്കെത്തിയപ്പോള്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്നു. അവന്റെ സ്വാഭാവിക ശൈലി പുറത്തെടുക്കാനാവുന്നില്ല. ക്രീസിന് പുറത്തേക്കിറങ്ങിയാണ് സ്‌കോര്‍ നേടാന്‍ ശ്രമിക്കുന്നത്. സാഹയെ ഇന്ത്യന്‍ ടീമില്‍ ലഭ്യമാണ്. പരിചയസമ്പന്നനായ താരമായതിനാല്‍ത്തന്നെ സാഹക്ക് അവസരം നല്‍കുന്നതാണ്. മധ്യനിരയില്‍ 50-60 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സാഹക്ക് സാധിക്കും. അതിനാല്‍ത്തന്നെ നാലാം ടെസ്റ്റില്‍ സാഹ പ്ലേയിങ് 11 വേണം'-കനേരിയ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഓവലില്‍ റിഷഭിനെ പുറത്തിരുത്താന്‍ സാധ്യത കുറവാണ്. ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറെന്ന് വിശേഷിപ്പിക്കാവുന്ന റിഷഭ് 2018ല്‍ ഓവലില്‍ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. ഇഷാന്ത് ശര്‍മക്ക് പകരം ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്ക് പകരം ഹനുമ വിഹാരിയും പ്ലേയിങ് 11 എത്താനാണ് സാധ്യത കൂടുതല്‍.


Click it and Unblock the Notifications











