ഹൈദരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റണ്‍ചേസില്‍ ഡെക്കായി ക്രീസ് വിട്ട ശുഭ്മന്‍ ഗില്ലിനെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ ഫാന്‍സ്. 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഗില്ലിനു വെറും രണ്ടു ബോളുകളുടെ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ. ടീമിനു തന്നില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ആവശ്യമെന്നിരിക്കെ ഗില്‍ തികഞ്ഞ പരാജയമായി മാറുകയായിരുന്നു. ഇതോടെയാണ് ആരാധകരുടെ നിയന്ത്രണം വിട്ടത്.
അരങ്ങേറ്റ മല്‍സരം കളിച്ച യുവ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയെറിഞ്ഞ 12ാം ഓവറില്‍ ഇരട്ട പ്രഹരമാണ് ഇന്ത്യക്കു നേരിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ 42 റണ്‍സിന്റെ കൂട്ടുകെട്ടുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ- യശസ്വി ജയ്‌സ്വാള്‍ ജോടി ഇന്ത്യയെ മുന്നോട്ടു നയിക്കവെയാണ് ഹാര്‍ട്ട്‌ലി ഇംഗ്ലണ്ടിനു ബ്രേക്ക്ത്രൂ നല്‍കിയത്. ഓവറിലെ നാലാമത്തെ ബോളില്‍ ജയ്‌സ്വാളിനെ അദ്ദേഹം വീഴ്ത്തുകയായിരുന്നു.

ക്രീസിനു പുറത്തേക്കിറങ്ങിയ ജയ്‌സ്വാള്‍ ഓണ്‍സൈഡിലേക്കു ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ ഫോര്‍വേര്‍ഡ് ഷോര്‍ട്ട് ലെഗില്‍ നിന്ന ഓലി പോപ്പിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. മനോഹരമായ ഒരു റിഫ്‌ളക്‌സ് ക്യാച്ചിലൂടെ പോപ്പ് ഇന്ത്യയെയും ജയ്‌സ്വാളിനെയും സ്തബ്ധരാക്കി. 35 ബോളില്‍ രണ്ടു ഫോറടക്കം 15 റണ്‍സണ് താരം നേടിയത്.
തുടര്‍ന്നാണ് ഗില്‍ ക്രീസിലേക്കു വന്നത്. രോഹിത്തിനൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കി ഗില്‍ ഇന്ത്യയെ മുന്നോട്ടു നയിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും കണ്ണടച്ചു തുറക്കും വേഗത്തില്‍ രണ്ടാമത്തെ വിക്കറ്റും വീണു. ഹാര്‍ട്ട്‌ലിക്കെതിരേ ആദ്യത്തെ ബോളില്‍ ഗില്ലിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോളില്‍ താരം പുറത്താവുകയും ചെയ്തു.
ഓഫ്സ്റ്റംപിലേക്കു വന്ന ബോള്‍ ഗില്‍ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബോള്‍ നേരെ സില്ലി മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്ത ഓലി പോപ്പിന്റെ കൈകളിലേക്കാണ് വന്നത്. പോപ്പ് വീണ്ടുമൊരു മനോഹരമായ ക്യാച്ചെടുത്തതോടെ ഇന്ത്യ ശരിക്കും ഞെട്ടുക തന്നെ ചെയ്തു.
ആദ്യ ഇന്നിങ്‌സിലും ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും ഡിഫന്‍സീവായി ബാറ്റ് ചെയ്ത അദ്ദേഹം 23 റണ്‍സെടുത്ത് ക്രീസ് വിടുകയായിരുന്നു. 66 ബോളില്‍ നിന്നും രണ്ടു ഫോറുകളടക്കമായിരുന്നു ഇത്. ഹാര്‍ട്ട്‌ലി തന്നെയാണ് ആദ്യ ഇന്നിങ്‌സിലും ഗില്ലിനെ മടക്കിയത്. ബെന്‍ ഡക്കെറ്റാണ് അദ്ദേഹത്തിന്റെ ക്യാച്ചെടുത്തത്.

രണ്ടാമിന്നിങ്‌സിലെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ ഗില്ലിനെതിരേ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ഇതാണോ പ്രിന്‍സ്? ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ടീം മാനേജ്‌മെന്റ് ഇനിയെങ്കിലും ഈ തീരുമാനമെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
ചേതേശ്വര്‍ പുജാരയെ ഇന്ത്യ തിരിച്ചുവിളിക്കൂ. മൂന്നാം നമ്പറില്‍ തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു ശുഭ്മന്‍ ഗില്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പുജാരയുടെ പിന്‍ഗാമിയെ ടെസ്റ്റില്‍ ഇന്ത്യക്കു ഇനിയും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ ഗില്ലിനെ ഒഴിവാക്കി പുജാരയെ മടക്കി വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണമെന്നും ആരാധകര്‍ പറയുന്നു.
ശുഭ്മന്‍ ഗില്ലിനു ടെസ്റ്റില്‍ ഇന്ത്യ ഇനിയും എത്ര അവസരങ്ങള്‍ നല്‍കും? ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് വാരിക്കൂട്ടിയിട്ടും സര്‍ഫ്രാസ് അഹമ്മദിനെ തഴഞ്ഞ് ഗില്ലില്‍ അമിതമായി വിശ്വാസമര്‍പ്പിക്കുന്നത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ അവസാനിപ്പിക്കണം. ഗില്ലിനെ പുറത്തിരുത്തി ഇനിയെങ്കിലും സര്‍ഫ്രാസിനു ടെസ്റ്റില്‍ ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.