ബംഗളൂരു: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ടീമിനെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ജനുവരി 25നാണ് ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി അവസാനം നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ തട്ടകത്തിലായിരുന്നു ഈ പോരാട്ടം. ഇത്തവണ ഇന്ത്യയുടെ മണ്ണിലാണ് പരമ്പര നടക്കുന്നത്.
ഇന്ത്യ തട്ടകത്തില്‍ ഗംഭീര റെക്കോഡുള്ള ടീമാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെ തകര്‍ക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ സമീപകാലത്തായി ബാസിബോള്‍ ശൈലിയിലാണ് ഇംഗ്ലണ്ട് കസറുന്നത്. ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ പരിശീലകനായി എത്തിയതോടെയാണ് ഇംഗ്ലണ്ടിന്റെ ശൈലി മാറിയത്. ഇപ്പോള്‍ ബാസ്‌ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ചാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഇന്ത്യന്‍ പരമ്പരയില്‍ ഇംഗ്ലണ്ട് ഇതേ ശൈലി തുടര്‍ന്നാല്‍ രോഹിത്തും സംഘവും പ്രയാസപ്പെടും.
ഇപ്പോഴിതാ പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസീലന്‍ഡ് പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം. 'ഇന്ത്യക്കെതിരേ അവരുടെ തട്ടകത്തില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഈ വെല്ലുവിളിയെ നേരിടുന്നതില്‍ എനിക്ക് സന്തോഷമാണുള്ളത്. മികച്ച ടീമിനെതിരേ തങ്ങളുടെ കരുത്ത് പരീക്ഷിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഇന്ത്യ അവരുടെ സാഹചര്യത്തില്‍ ഏറ്റവും മികച്ച ടീമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ വെല്ലുവിളിയെ അതിജീവിച്ച് ജയിക്കാനായാല്‍ അത് അഭിമാന നേട്ടമായി മാറും. പരിശീലക കസേരയിലിരിക്കുമ്പോള്‍ അത് ആസ്വദിക്കാന്‍ സാധിക്കണം. സമീപകാലത്തെല്ലാം ഇംഗ്ലണ്ട് ടെസ്റ്റ് ടീം മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. പല താരങ്ങളും തങ്ങളുടെ കഴിവുകളെ പൂട്ടിവെച്ചിരിക്കുകയായിരുന്നു. അതിനെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്'- മക്കല്ലം പറഞ്ഞു. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയിലെത്തിയപ്പോഴും പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു.

സ്പിന്‍ കെണിയൊരുക്കി വിദേശ ടീമുകളെ വീഴ്ത്തുകയെന്നതാണ് ഇന്ത്യ പൊതുവേ പിന്തുടരുന്ന രീതി. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തിയപ്പോള്‍ അക്ഷര്‍ പട്ടേലാണ് കസറിയത്. ഇന്ത്യയുടെ സ്പിന്‍ കരുത്ത് അതി ശക്തമാണ്. അതുകൊണ്ടുതന്നെ വിദേശ താരങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇത്തവണയും ഇതേ തന്ത്രം പയറ്റാനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ ഇംഗ്ലണ്ട് നിസാരക്കാരുടെ നിരയല്ല. ബാസ് ബോള്‍ ശൈലിയില്‍ കടന്നാക്രമിച്ചാല്‍ പണിപാളും.
എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ ബാസ് ബോള്‍ ശൈലി എളുപ്പമാവില്ല. പന്തിന് നല്ല ടേണ്‍ ലഭിക്കുമ്പോള്‍ പന്ത് സ്റ്റംപിലേക്കും പുറത്തേക്കും അപ്രതീക്ഷിത വേഗത്തില്‍ തിരിയും. ഇത്തരം പന്തുകളെ നേരിട്ട് അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്നത് എളുപ്പമാവില്ല. ഇന്ത്യന്‍ പിച്ചില്‍ ബാസ് ബോള്‍ ശൈലിയില്‍ മുന്നോട്ട് പോകാന്‍ ബ്രണ്ടന്‍ മക്കല്ലം തീരുമാനിച്ചാല്‍ അത് മണ്ടന്‍ പദ്ധതിയായി മാറാനാണ് സാധ്യത. ജോ റൂട്ടിനെപ്പോലെയുള്ള താരങ്ങളുടെ ശൈലിയാണ് ഇന്ത്യന്‍ പിച്ചില്‍ ഫലം കാണുക.
അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ജോ റൂട്ട് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെല്ലാം ഉള്‍പ്പെട്ട ഇന്ത്യയുടെ സ്പിന്‍ നിരക്ക് മുന്നില്‍ ബാസ് ബോള്‍ ശൈലി കാട്ടിയാല്‍ ഇംഗ്ലണ്ട് നാണംകെടാനാണ് സാധ്യത. പേസിനെ തുണക്കുന്ന വിദേശ പിച്ചുകളില്‍ ഈ തന്ത്രം ഫലം ചെയ്‌തേക്കും. എന്നാല്‍ സ്പിന്നിനെ തുണക്കുന്ന ഏഷ്യന്‍ സാഹചര്യത്തില്‍ ഈ ശൈലി വലിയ ഗുണം ചെയ്യില്ലെന്നതാണ് വസ്തുത.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കപ്പ് നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ആദ്യ തവണ ന്യൂസീലന്‍ഡിനോടും രണ്ടാം തവണ ഓസ്‌ട്രേലിയയോടും ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു. രണ്ട് തവണയും റണ്ണറപ്പുകളായി ഒതുങ്ങിയ ഇന്ത്യക്ക് ഇത്തവണ കപ്പിലേക്കെത്തേണ്ടതായുണ്ട്. എന്നാല്‍ അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.