വിശാഖപട്ടണം: ബാസ്‌ബോള്‍ ശൈലി ഇന്ത്യയില്‍ വിലപ്പോകില്ലെന്ന് വെല്ലുവിളിച്ചവരുടെയെല്ലാം വായടപ്പിച്ചാണ് ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡെടുത്തിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ല. അനായാസം ഇന്ത്യ ജയിക്കുമെന്ന് കരുതിയ കളിയാണ് 28 റണ്‍സിന് സന്ദര്‍ശകരായ ഇംഗ്ലണ്ട് ജയിച്ചത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടായി ഈ തോല്‍വി മാറുകയും ചെയ്തു.
സ്പിന്‍ കെണിയൊരുക്കി ഇംഗ്ലണ്ടിനെ വീഴ്ത്താനിറങ്ങിയ ഇന്ത്യ അതേ കെണിയില്‍ വീഴുകയായിരുന്നു. രണ്ടാം ടെസ്റ്റിലൂടെ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. പിച്ചിന്റെ സ്വഭാവം സ്പിന്നിനെ തുണക്കുന്നതാവുമോയെന്ന ചര്‍ച്ച സജീവമാകവെ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസീലന്‍ഡിന്റെ മുഖ്യ പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കിയാല്‍ തങ്ങളുടെ നാല് സ്പിന്നര്‍മാരെയും കളിപ്പിക്കുമെന്നാണ് മക്കല്ലത്തിന്റെ മുന്നറിയിപ്പ്.
'രണ്ടാം ടെസ്റ്റിനായുള്ള കണക്കുകൂട്ടലിലാണ് ടീമുള്ളത്. സ്പിന്‍ പിച്ച് തന്നെയാണ് ഒരുക്കുന്നതെങ്കില്‍ നാല് സ്പിന്നര്‍മാരെയും കളിപ്പിക്കാന്‍ ഞങ്ങള്‍ മടികാട്ടില്ല' എന്നാണ് മക്കല്ലം പറഞ്ഞിരിക്കുന്നത്. ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ടോം ഹാര്‍ട്ട്‌ലിയുടെ സ്പിന്‍ ബൗളിങ്ങിന് മുന്നിലാണ് ഇന്ത്യക്ക് പതറിയത്. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരെക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കാന്‍ ഹാര്‍ട്ട്‌ലിക്ക് സാധിച്ചുവെന്നതാണ് വസ്തുത.
രണ്ടാം ടെസ്റ്റിലും ഇന്ത്യ ടേണിങ് പിച്ചൊരുക്കിയാല്‍ ദുരന്തം ആവര്‍ത്തിക്കാനാണ് സാധ്യത. ഇന്ത്യ ഫ്‌ളാറ്റ് പിച്ചൊരുക്കുന്നതാണ് അല്‍പ്പം കൂടി നല്ലത്. ഇംഗ്ലണ്ടിനും മോശമല്ലാത്ത ബാറ്റിങ് നിരയും സ്പിന്‍ നിരയുമുണ്ട്. അതുകൊണ്ടുതന്നെ അനായാസ ജയം ഇന്ത്യക്ക് നേടിയെടുക്കാനാവില്ല. ഇന്ത്യയെക്കാള്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇംഗ്ലണ്ടിനാവുന്നു. ഒരു സമയത്തും തളര്‍ന്ന മനോഭാവം ഇംഗ്ലണ്ടിനില്ലായിരുന്നു. 190 റണ്‍സിന്റെ ലീഡ് വഴങ്ങിയപ്പോഴും ഇംഗ്ലണ്ട് ആത്മവിശ്വാസം കൈവിട്ടില്ല.

ആദ്യ ഇന്നിങ്‌സില്‍ ഹാര്‍ട്ട്‌ലി തല്ലുവാങ്ങിക്കൂട്ടിയപ്പോഴും പിന്തുണച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും ജയത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്പിന്‍ വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്. ഇംഗ്ലണ്ട് ആക്രമണോത്സക ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇന്ത്യ പ്രതിരോധത്തിലേക്ക് ഒതുങ്ങുകയാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് പ്രത്യാക്രമണത്തില്‍ ആക്രമണോത്സകത കൊണ്ടുവരാനാവുന്നില്ല.
വിരാട് കോലിയുടെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ്. ഇംഗ്ലണ്ടിന് ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. കോലിയുടെ വിടവ് നികത്തി ആക്രമണോത്സകത കാട്ടാന്‍ രോഹിത് ശര്‍മക്ക് സാധിക്കണം. അല്ലാത്ത പക്ഷം ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്കാവും അന്തിമ ജയമുണ്ടാവുക. കോലി മൂന്നാം ടെസ്റ്റിലൂടെയേ തിരിച്ചുവരവ് നടത്തൂ. അതുവരെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണ്. ഇപ്പോള്‍ പരിക്കും ഇന്ത്യയെ വേട്ടയാടിയിരിക്കുന്നു.
കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റ് കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയിക്കാന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വരും. രാഹുല്‍ വിരാട് കോലിയുടെ റോളിലാണ് ആദ്യ ടെസ്റ്റില്‍ കളിച്ചത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രവീന്ദ്ര ജഡേജ ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് പേരുടേയും അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ഈ വിടവ് നികത്തുക എളുപ്പമാവില്ല. അതുകൊണ്ടുതന്നെ നായകന്‍ രോഹിത് ശര്‍മക്ക് പണികൂടും.
ഇന്ത്യ സര്‍ഫറാസ് ഖാനും രജത് പാട്ടീധാറിനും വാഷിങ്ടണ്‍ സുന്ദറിനും പ്ലേയിങ് 11ല്‍ അവസരം നല്‍കാനാണ് സാധ്യത. യുവതാരങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെ വെല്ലുവിളിയെ മറികടക്കാന്‍ എത്രത്തോളം സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം അവകാശപ്പെടാം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യക്കാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. നായകനെന്ന നിലയില്‍ രോഹിത്തിന് ഈ പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.