റാഞ്ചി: ഇന്ത്യക്കെതിരേ നാളെ (വെള്ളി) ആരംഭിക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനായി തയ്യാറാക്കിയ പിച്ച് കണ്ട് അക്ഷരാര്‍ഥത്തില്‍ കിളി പോയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ഇങ്ങനെയൊരു പിച്ച് ഇതുവരെ ജീവിതത്തില്‍ താന്‍ കണ്ടിട്ടില്ലെന്നാണ് പിച്ചിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന പ്രതികരണം. ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടം കൂടിയാണ് ഈ ടെസ്റ്റ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലായതിനാല്‍ റാഞ്ചിയില്‍ ജയിക്കുകയല്ലാതെ ഇംഗ്ലണ്ടിനു മുന്നില്‍ മറ്റു വഴികളില്ല.
ക്യാപ്റ്റന്‍ സ്‌റ്റോക്‌സ് മാത്രമല്ല ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായ ഓലി പോപ്പും റാഞ്ചി പിച്ചിനെക്കുറിച്ച് സമാനമായ പ്രതികരണം തന്നെയാണ് നടത്തിയിരിക്കുന്നത്. പിച്ച് കണ്ടപ്പോള്‍ അതു എങ്ങനെയുള്ളതായിരിക്കുമെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് രണ്ടു പേരും ഒരുപോലെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഈ പരമ്പരയില്‍ ഇതിനകം നടന്ന മൂന്നു ടെസ്റ്റുകളിലെയും പിച്ചുകള്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതായിരുന്നു. ആദ്യ ടെസ്റ്റിന്റെ വേദിയായ ഹൈദരാബാദിലെ പിച്ചായിരുന്നു ഏറ്റവുമധികം സ്പിന്നര്‍മാരെ സഹായിച്ചത്. പക്ഷെ കളിക്കാന്‍ അസാധ്യമായ പിച്ചുകളൊന്നും ഇതുവരെ പരമ്പരയില്‍ കണ്ടിട്ടില്ല.
നാലാം ടെസ്റ്റിനായുള്ള റാഞ്ചിയിലെ പിച്ച് വളരെയധികം താല്‍പ്പര്യമുണര്‍ത്തുന്നതായാണ് കാണപ്പെട്ടത്. അങ്ങനെ തന്നെയല്ലേ? എനിക്കറിയില്ല. എനിക്കു കൂടുതലായൊന്നും പറയാന്‍ കഴിയില്ല. ഇതിനു മുമ്പൊരിക്കലും ഞാന്‍ ഇങ്ങനെയൊരു പിച്ച് കണ്ടിട്ടില്ല.
അതുകൊണ്ടു തന്നെ പിച്ചിനെപ്പറ്റി തനിക്കു യാതൊരു ഐഡിയയുമില്ലെന്നും മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ബെന്‍ സ്റ്റോക്‌സ് വ്യക്തമാക്കി. പിച്ച് എങ്ങനെയായിരിക്കും പെരുമാറുകയെന്നുള്ള ചോദ്യത്തിനു എന്താണ് സംഭവിക്കുകയെന്നു അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പിച്ചിന്റെ എതിര്‍ ഭാഗത്തു നിന്നും നിങ്ങള്‍ താഴേക്കു നോക്കിയാല്‍ അതു വളരെ വ്യത്യസ്തമായിട്ടാണ് കാണപ്പെടുക. പ്രത്യേകിച്ചും ഇന്ത്യയില്‍ ഞാന്‍ ഇത്തരം പിച്ച് കണ്ടിട്ടില്ല. ചേഞ്ചിങ് റൂം എന്‍ഡില്‍ നിന്നും നോക്കുമ്പോള്‍ പച്ച നിറത്തില്‍, പുല്ലുള്ള പിച്ച് പോലെയാണ് കാണാനാവുക. പക്ഷെ നിങ്ങള്‍ അടുത്തു വന്നു നോക്കിയാല്‍ അതു തീര്‍ത്തും വ്യത്യസ്തവുമായിരിക്കും.
വളരെ ഇരുണ്ട, തകര്‍ന്ന, വിള്ളലുകളുള്ളതു പോലെയാണ് പിച്ച് കാണപ്പെടുകയെന്നും സ്റ്റോക്‌സ് വിശദമാക്കി. പരമ്പരയിലെ കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും ഒരോവര്‍ പോലും സ്‌റ്റോക്‌സ് ബൗള്‍ ചെയ്തിരുന്നില്ല. എന്നാല്‍ നാലാംടെസ്റ്റില്‍ ബൗളിങിലും അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നാണ് വിവരം.

പിച്ചിന്റെ സ്വഭാവം തിരിച്ചറിയാന്‍ തനിക്കും സാധിച്ചിട്ടില്ലെന്നാണ് ഓലി പോപ്പ് പറയുന്നത്. രണ്ടു വ്യത്യസ്ത ലുക്കുകളാണ് ഒരേ സമയം പിച്ചിനുള്ളതെന്നു അദ്ദേഹം പറയുന്നു. ബാറ്റര്‍മാര്‍ക്കു ഈ പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നും പോപ്പ് ചൂണ്ടിക്കാട്ടി. പിച്ചില്‍ ഒരുപാട് വിള്ളലുകളുണ്ട്. അവര്‍ പിച്ചില്‍ നന്നായി നനച്ചിട്ടുണ്ട്. അതു ശരിക്കും ഉണങ്ങുകയും ചെയ്തു.
ഈയൊരു സന്ദര്‍ഭത്തില്‍ ഇതൊരു ബെല്‍റ്റിങ് വിക്കറ്റ് പോലെ കാണപ്പെടുന്നില്ല. പിച്ചിന്റെ പകുതി ഭാഗം നല്ലതാണ്. അതിനു ശേഷം ഒരുപാട് വിള്ളലുകളുമുണ്ട്. അങ്ങനെയാണ് പിച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ക്കു തോന്നിയത്. ഇന്ത്യന്‍ ടീം ഈ വിക്കറ്റ് കണ്ടതിനു ശേഷം നാളെ എന്തു സംഭവിക്കുമെന്നു നമുക്കു കാണാം, അതിനു ശേഷം തീരുമാനമെടുക്കാമെന്നും പോപ്പ് വിശദമാക്കി.
രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമായിരുന്നു ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യ സ്വന്തമാക്കിയത്. ഈ ടെസ്റ്റില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങുക. കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഫ്‌ളോപ്പായ രജത് പാട്ടിധാറിനു പകരം പുതുമുഖമായ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടീമിലേക്കു വന്നേക്കും. കൂടാതെ വിശ്രമം അനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരം മറ്റൊരു പുതുമുഖമായ ആകാശ് ദീപിനെയും ഇന്ത്യ കളിപ്പിച്ചേക്കും.