ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍വിയുടെ വക്കില്‍ നില്‍ക്കവെ കടുത്ത ചില നടപടികളെടുക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുഖ്യ കോച്ച് ഗൗതം ഗംഭീറിന്റെ രണ്ടു ഇഷ്ടക്കാരെ നീക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതു സംഭവിക്കുകയാണെങ്കില്‍ ഗംഭീര്‍ തിരഞ്ഞെടുത്തവരില്‍ ബിസിസിഐ പുറത്താക്കുന്നവരുടെ എണ്ണം മൂന്നായി മാറും. ബാറ്റിങ് കോച്ച് അഭിഷേക് നായര്‍ക്കു നേരത്തേ സ്ഥാനം നഷ്ടമായിരുന്നു.
ഗംഭീറിനു കീഴില്‍ ടെസ്റ്റില്‍ ഇന്ത്യക്കു തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുന്നതില്‍ ബിസിസിഐയ്ക്കു കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര മാത്രമാണ് അദ്ദേഹത്തിനു കീഴില്‍ ടീം വിജയിച്ചിട്ടുള്ളത്.
ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ തൂത്തുവാരപ്പെട്ടപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോടും പരാജയം വഴങ്ങി. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേയും പരമ്പര തോല്‍ക്കുമെന്ന ഘട്ടത്തിലാണ് ടീമുള്ളത്.

ആരെല്ലാം തെറിക്കും?
ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച റയാന്‍ ടെന്‍ ഡുഷാറ്റെ, ബൗളിങ് കോച്ചായ മോര്‍നെ മോര്‍ക്കല്‍ എന്നിവരെയാണ് ബിസിസിഐ പുറത്താക്കാന്‍ ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം തന്റെ സഹായികളായി ആവശ്യപ്പെട്ടത് മൂന്നു പേരെയാണ്. ഗംഭീറിന്റെ ഈ ഡിമാന്റ് ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.
ഡുഷാറ്റെ, മോര്‍ക്കല്‍ എന്നിവരെക്കൂടാതെ തന്റെ പരിശീലക സംഘത്തില്‍ ഗംഭീര്‍ ആവശ്യപ്പെട്ടത് അഭിഷേക് നായരെയായിരുന്നു. ഇവരെല്ലാം 2024ലെ ഐപിഎല്ലില്‍ ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളുടെ ഉപദേശകനായിരിക്കെ ഒപ്പമുണ്ടായിരുന്നവരാണ്.
ഗംഭീര്‍ ആവശ്യപ്പെട്ടവരെ നല്‍കിയിട്ടും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രകടനം താഴേക്കു തന്നെ പോവുകയാണ്. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയും ടീം കൈവിട്ടാല്‍ ഗംഭീറിന്റെ ഇഷ്ടക്കാരെ നീക്കി പകരം പുതിയ അസിസ്റ്റന്റുമാരെ കൊണ്ടുവരാനാണ് ബിസിസിഐയുടെ നീക്കമെന്നു ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ കാരണം
ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയ ശേഷം ഗെയിം പ്ലാനുകളിലും ടീം സെലക്ഷനുകളിലും സംഭിവിച്ചിട്ടുള്ള പിഴവുകള്‍ കാരണമാണ് ബിസിസിഐ ഇപ്പോള്‍ കടുത്ത നടപടികളിലക്കു നീങ്ങുന്നത്. ഇംഗ്ലണ്ടുമായി ഇപ്പോള്‍ പുരോഗമിക്കുന്ന ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ മാത്രമല്ല മുന്‍ ടെസ്റ്റ് പരമ്പരകളിലും വലിയ ചില അബദ്ധങ്ങള്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ട്.

ടീമിലെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും ഈ പരമ്പകളില്‍ അമിതമായി ഉപയോഗിച്ചിട്ടുള്ളതായി കാണാം. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍- ഗവാസര്‍ ട്രോഫി പരമ്പരയിലും ഇതു സംഭവിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു ടെസ്റ്റുകളിലും ബുംറ കളിച്ചിരുന്നു. ഇതു കാരണം അദ്ദേഹത്തിനു പരിക്കേല്‍ക്കുകയും അവസാന ടെസ്റ്റില്‍ ബൗള്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തു.
അന്നത്തെ പിഴവില്‍ നിന്നും ടീം മാനേജ്‌മെന്റ് പാഠം പഠിച്ചിട്ടില്ലെന്നാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയും തെളിയിക്കുന്നത്. രവീന്ദ്ര ജഡേജയേക്കാള്‍ കൂടുതല്‍ ഓവറുകള്‍ സിറാജ് ബൗള്‍ ചെയ്തു കഴിഞ്ഞു. ബുംറയാവട്ടെ 119.4 ഓവറുകളാണ് ഇതിനകം എറിഞ്ഞത്. ഏറ്റവുമധികം ഓവറുകളെറിഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ ബൗളറുമാണ് അദ്ദേഹം.
വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനു ഈ പരമ്പരയില്‍ ഒരവസരം പോലും ഇന്ത്യ നല്‍കിയിട്ടില്ല. ഇതും ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച തന്നെയാണ്.
ഇപ്പോള്‍ നടക്കുന്ന മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറിനെ ബൗളിങില്‍ കൊണ്ടുവരാന്‍ വളരയേറെ വൈകിച്ചതും ടീം മാനേജ്‌മെന്റിന്റെ പിഴവായാണ് ചൂണ്ടിക്കാണിക്കപ്പെടുത്തത്. ശുഭ്മന്‍ ഗില്‍ പുതിയ ക്യാപ്റ്റനാണെന്നു അറിയാമായിരുന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിനു ഉപദേശം നല്‍കാനും കോച്ചിങ് സംഘത്തിനായില്ല.