റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 40 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റും രണ്ട് ദിവസവും മുന്നില്‍ നില്‍ക്കവെ ഇന്ത്യക്ക് ജയിക്കാന്‍ 152 റണ്‍സാണ് വേണ്ടത്.
രോഹിത് ശര്‍മയും (24) യശ്വസി ജയ്‌സ്വാളുമാണ് (16) ക്രീസില്‍.
ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 145 റണ്‍സില്‍ ഇന്ത്യ ഒതുക്കിയതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ആര്‍ അശ്വിന്‍ അഞ്ചും കുല്‍ദീപ് യാദവ് നാലും വിക്കറ്റ് നേടി.
7 വിക്കറ്റിന് 219 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയെ 307 റണ്‍സെന്ന സ്‌കോറിലേക്കെത്തിച്ചത് ദ്രുവ് ജുറേലാണ്. വാലറ്റത്തെ കൂട്ടുപിടിച്ച് ശക്തമായ ചെറുത്തുനില്‍പ്പാണ് ജുറേല്‍ നടത്തിയത്. 149 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 90 റണ്‍സാണ് ജുറേല്‍ അടിച്ചെടുത്തത്. കുല്‍ദീപ് യാദവും ജുറേലിന് ശക്തമായ പിന്തുണ നല്‍കി. 131 പന്തുകള്‍ നേരിട്ട് 28 റണ്‍സ് നേടിയ കുല്‍ദീപിനെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്താണ് കൂട്ടുകെട്ട് പൊളിച്ചത്.
രണ്ട് ബൗണ്ടറി ഉള്‍പ്പെടെയാണ് കുല്‍ദീപിന്റെ ചെറുത്തുനില്‍പ്പ്. അരങ്ങേറ്റക്കാരന്‍ ആകാശ് ദീപും ഇന്ത്യക്കായി പോരാടി. 29 പന്ത് നേരിട്ട് 1 സിക്‌സര്‍ ഉള്‍പ്പെടെ 9 റണ്‍സാണ് ആകാശ് നേടിയത്.
ഷൊയ്ബ് ബഷീര്‍ ആകാശിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ദ്രുവ് ജുറേല്‍ സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും 10 റണ്‍സകലെ വീണു. ടോം ഹാര്‍ട്ട്‌ലി ജുറേലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.
ഇതോടെ 307 റണ്‍സില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. യശ്വസി ജയ്‌സ്വാളും (73) ശുബ്മാന്‍ ഗില്ലുമാണ് (38) ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. 44 ഓവര്‍ എറിഞ്ഞ് 119 റണ്‍സ് വിട്ടുകൊടുത്താണ് ബഷീറിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ടോം ഹാര്‍ട്ട്‌ലി മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന്റെ നിര്‍ണ്ണായക ലീഡും ഇംഗ്ലണ്ട് നേടിയെടുത്തു.

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതല്‍ വിറപ്പിക്കാന്‍ ഇന്ത്യക്കായി. ആര്‍ അശ്വിനെ തുടക്കത്തിലേ പന്തേല്‍പ്പിച്ച രോഹിത് ശര്‍മക്ക് തെറ്റിയില്ല. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ ബെന്‍ ഡക്കെറ്റിനെ (15) അശ്വിന്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ഒലി പോപ്പിനെ ഗോള്‍ഡന്‍ ഡെക്കുമാക്കി. പോപ്പിനെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ ഇന്ത്യയെ വിറപ്പിച്ചത് ജോ റൂട്ടായിരുന്നു.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ റൂട്ടിന്റെ ഈ കളി നടന്നില്ല. 11 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി. റിവ്യൂവിലൂടെയാണ് ഈ വിക്കറ്റ് നേടിയെടുത്തത്. എന്നാല്‍ ഒരുവശത്ത് പിടിച്ചുനിന്ന സാക്ക് ക്രോളി അതിവേഗം റണ്‍സുയര്‍ത്തി. 91 പന്ത് നേരിട്ട് 7 ബൗണ്ടറി ഉള്‍പ്പെടെ 60 റണ്‍സ് നേടിയ ക്രോളിയെ കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. കുല്‍ദീപിന്റെ സ്റ്റംപിലേക്ക് തിരിഞ്ഞെത്തിയ പന്തിനെ മനസിലാക്കാന്‍ ക്രോളിക്ക് സാധിക്കാതെ പോയി.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (4) ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന് തോന്നിച്ചു. എന്നാല്‍ തകര്‍പ്പന്‍ പന്തിലൂടെ കുല്‍ദീപ് യാദവ് സ്റ്റോക്‌സിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
ചായക്ക് ശേഷമുള്ള ആദ്യ പന്തില്‍ത്തന്നെ ജോണി ബെയര്‍സ്റ്റോ പുറത്തായി. 30 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ ജഡേജ രജത് പാട്ടീധാറിന്റെ കൈയിലെത്തിക്കുകയായിരുന്നു. ടോം ഹാര്‍ട്ട്‌ലിയെ (7) കുല്‍ദീപ് യാദവ് സര്‍ഫറാസിന്റെ കൈയിലെത്തിച്ചപ്പോള്‍ ഒലി റോബിന്‍സനെ (0) എല്‍ബിയില്‍ കുടുക്കി.
ബെന്‍ ഫോക്‌സിനെ (17) അശ്വിന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സനെ (0) അശ്വിന്‍ ജുറേലിന്റെ കൈയിലുമെത്തിച്ചു. ഇതോടെ 145 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റും വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ 1 വിക്കറ്റും വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സെുത്തത് ജോ റൂട്ടിന്റെ സെഞ്ച്വറിക്കരുത്തിലാണ്. പുറത്താവാതെ 122 റണ്‍സാണ് റൂട്ട് നേടിയത്. 112ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ കരക്കുകയറ്റിയത് റൂട്ടിന്റെ പ്രകടനമാണ്. ബൗളര്‍ ടോം ഹാര്‍ട്ട്‌ലി 58 റണ്‍സോടെ തകര്‍പ്പന്‍ പ്രകടനവും വാലറ്റത്ത് കാഴ്ചവെച്ചു. ഇതാണ് ഇംഗ്ലണ്ടിനെ 353 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.