IND vs ENG: 'കോലി തന്റെ ടെക്‌നിക്കുകളില്‍ മാറ്റം വരുത്തണമെന്ന് കരുതുന്നില്ല', -ആശിഷ് നെഹ്‌റ
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ ഓവലില്‍ തുടക്കമാവുകയാണ്. ഇരു ടീമും 1-1 എന്ന നിലയില്‍ പരമ്പരയില്‍ തുല്യത പുലര്‍ത്തുന്നതിനാല്‍ നാലാം മത്സര ഫലം നിര്‍ണ്ണായകമാണ്. മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും ബാറ്റിങ് നിരയുടെ മോശം ഫോമാണ് പ്രശ്‌നം. പ്രധാനമായും സീനിയര്‍ താരങ്ങളുടെ പ്രകടനം. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം മോശം ഫോമില്‍ തുടരുകയാണ്.
2018ലെ ബാറ്റിങ് പ്രകടനം ആവര്‍ത്തിക്കാന്‍ കോലിക്കാവുന്നില്ല. കോലി സെഞ്ച്വറി നേടിയിട്ട് 51 ഇന്നിങ്‌സുകള്‍ പിന്നിട്ടിരിക്കുകയാണ്. ഏത് പിച്ചിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും ഇംഗ്ലണ്ടില്‍ ഇത്തവണ കോലിക്ക് അടിപതറുകയാണ്. ഓഫ്‌സൈഡ് കുരുക്കില്‍ സാഹസത്തിന് മുതിര്‍ന്ന് കോലി വീഴുകയാണെന്ന് പറയാം. കോലിയുടെ സാങ്കേതികതയ്‌ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ കോലി ഇത്രയും നാള്‍ വിശ്വസിച്ച് റണ്‍സ് നേടിയ സാങ്കേതികത മാറ്റേണ്ട ആവിശ്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

'വിരാട് കോലിയെപ്പോലൊരു താരത്തിന് അവന്റെ മത്സരത്തെ നന്നായി അറിയാം. അതിനാലാണ് അവന്‍ ഇന്നത്തെ നിലയിലേക്ക് എത്തിനില്‍ക്കുന്നത്. ഇതേ സാഹചര്യത്തില്‍ അവന്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ളതുമാണ്. ഇംഗ്ലണ്ടിലെ സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഒട്ടും എളുപ്പമല്ല. സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടതുപോലെ കവര്‍ ഡ്രൈവ് കളിക്കുന്നത് കോലിക്ക് ഒഴിവാക്കാവുന്നതാണ്. കാരണം കൂടുതല്‍ തവണയും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് അവന്‍ പുറത്തായത്. എന്നാല്‍ കവര്‍ഡ്രൈവിന് ശ്രമിച്ചപ്പോള്‍ മാത്രമല്ല ഇത്തരത്തില്‍ പുറത്തായത്. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴും സ്ലിപ്പില്‍ ക്യാച്ച് നല്‍കിയിട്ടുണ്ട്' - നെഹ്‌റ പറഞ്ഞു.

കോലിയുടെ ഷോട്ട് സെലക്ഷനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ കോലിയുടെ ബാറ്റിങ്ങില്‍ മാത്രമല്ല പ്രശ്‌നമെന്നും ഇംഗ്ലണ്ടിന്റെ ബൗളിങ്ങിലെ മികവുകൂടിയാണിതെന്നും നെഹ്‌റ അഭിപ്രായപ്പെട്ടു. 'കോലിയുടെ പിഴവ് മാത്രമല്ല കാരണം,ഇംഗ്ലണ്ടിന്റെ ബൗളിങ് മികവ് കൂടിയാണ്. ഇംഗ്ലണ്ടിന്റെ ബൗളര്‍മാരാണ് ഇതില്‍ അഭിനന്ദനം അര്‍ഹിക്കുന്നത്. കോലി അര്‍ധ സെഞ്ച്വറി പിന്നിട്ടാന്‍ വലിയ സ്‌കോര്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബൗളര്‍മാര്‍ കാര്യങ്ങള്‍ പ്രയാസകരമാക്കുന്നു. എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും അക്കാര്യം അറിയാം. ഇംഗ്ലണ്ട് ടീം അഭിനന്ദനം അര്‍ഹിക്കുന്നു. അവര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.
നമ്മുടെ ബൗളര്‍മാരും ഒരു മത്സരത്തില്‍ ഇത്തരത്തില്‍ ചെയ്തിരുന്നു. വിരാട് കോലി ഒറ്റരാത്രികൊണ്ട് തന്റെ ടെക്‌നിക്കുകള്‍ മാറ്റേണ്ട ആവിശ്യമുണ്ടെന്ന് കരുതുന്നില്ല. സാഹചര്യത്തിനനുസരിച്ച് സ്വയം മാറ്റം വരുത്തുകയും മാനസികമായി തയ്യാറെടുക്കുകയുമാണ് വേണ്ടത്.കോലിക്ക് മാനസിക സമ്മര്‍ദ്ദം അധികമാണെന്ന് ചിന്തിക്കരുത്'-നെഹ്‌റ പറഞ്ഞു.

ലീഡ്‌സില്‍ തോറ്റെങ്കിലും ലോര്‍ഡ്‌സില്‍ ചരിത്ര ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ലോര്‍ഡ്‌സില്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 റണ്‍സിനാണ് ഓള്‍ഔട്ടായത്. രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം ദിനം ചെറുത്ത് നില്‍പ്പ് നടത്താനായെങ്കിലും നാലാം ദിനത്തില്‍ കൂടാരം കയറി നാണംകെട്ട തോല്‍വി ഇന്ത്യ ഏറ്റുവാങ്ങുകയായിരുന്നു.
ലോര്‍ഡ്‌സിലെ തോല്‍വിക്ക് ശേഷം ഇംഗ്ലണ്ട് ശക്തമായി ഇന്ത്യക്ക് തിരിച്ചടി നല്‍കിയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും നെഹ്‌റ പറഞ്ഞു. തിരിച്ചുവരവ് പ്രയാസമാണെന്ന് ചിന്തിക്കുമ്പോള്‍ മറ്റൊരു ഉദാഹരണവും തേടേണ്ട. ഇംഗ്ലണ്ട് ടീം തന്നെയാണ് മികച്ച ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയില്‍ 38 റണ്‍സിന് ഓള്‍ഔട്ടായ ശേഷം തിരിച്ചെത്തി പരമ്പര സ്വന്തമാക്കിയ ടീമാണ് ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications