ഹൈദരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങേണ്ടി വരുമെന്നുറപ്പായതോടെ വലിയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ഒന്നാമിന്നിങ്‌സില്‍ 190 റണ്‍സിന്റെ മികച്ച ലീഡ് കൈക്കലാക്കിയപ്പോള്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് രോഹിത് ശര്‍മയും സംഘവും ഇന്നിങ്‌സ് ജയം കൊയ്യുമെന്നൊക്കെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ രണ്ടാമിന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലീഷ് ടീം നടത്തിയിരിക്കുന്നത്. നാലു വിക്കറ്റ് കൈയിലിരിക്കെ 126 റണ്‍സിന്റെ മികച്ച ലീഡും അവര്‍ കൈക്കലാക്കിക്കഴിഞ്ഞു. മൂന്നാംദിനത്തില്‍ തങ്ങളുടെ ബാസ് ബോള്‍ ശൈലി പുറത്തെടുത്ത ഇംഗ്ലണ്ട് ടീം അഗ്രസീവ് ബാറ്റിങിലൂടെ ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു.

മൂന്നാംദിനത്തിലെ കളിക്കു ശേഷം ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനു റണ്‍ ചേസിനെക്കുറിച്ച് കുംബ്ലെ മുന്നറിയിപ്പ് നല്‍കിയത്. പ്രതീക്ഷിക്കുതു പോലെ റണ്‍ചേസ് ഇന്ത്യക്കു അത്ര എളുപ്പമായിരിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഓലി പോപ്പ് അത്യുജ്വലമായാണ് കളിച്ചത്. നാളെ ശക്തമായി തിരിച്ചുവന്ന് ഇംഗ്ലണ്ടിന്റെ ലീഡ് 150 റണ്‍സിലും താഴെ ഒതുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരിക്കും ഇന്ത്യന്‍ ടീം. വളരെ ദുഷ്‌കരമായ റണ്‍ ചേസ് തന്നെയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ബൗളിങ് ലൈനപ്പ് എങ്ങനെയാണെന്നതോ, അതിന്റെ മികവോയൊന്നും ഇവിടെ പ്രസക്തമല്ല. കാരണം ഒരു ടെസ്റ്റ് മല്‍സരത്തിന്റെ നാലാം ഇന്നിങ്സാണ് ഇന്ത്യ കളിക്കുന്നതെന്നും കുംബ്ലെ നിരീക്ഷിച്ചു.
ആറു വിക്കറ്റിനു 316 റണ്‍സെന്ന നിലയിലാണ് മൂന്നാംദിനത്തിലെ കളി ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഓലി പോപ്പിന്റെ (148*) അപരാജിത സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിനു കരുത്തായത്. മറ്റാരും ഇംഗ്ലീഷ് നിരയില്‍ ഫിഫ്റ്റി നേടിയില്ല. 47 റണ്‍സെടുത്ത ബെന്‍ ഡക്കെറ്റാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് 34ഉം ഓപ്പണര്‍ സാക്ക് ക്രോളി 31ഉം റണ്‍സെടുത്ത് പുറത്തായി.
മല്‍സരവേദിയായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ടെസ്റ്റ് ചരിത്രമെടുത്താല്‍ ഇന്ത്യ ഇവിടെ അധികം ടെസ്റ്റുകളിലൊന്നും കളിച്ചിട്ടില്ല. ഒരേയൊരു ടെസ്റ്റിലാണ് ഇന്ത്യ ഇവിടെ റണ്‍ചേസ് നടത്തി വിജയിച്ചിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നേരത്തേ 75 റണ്‍സാണ് ഇന്ത്യ ചേസ് ചെയ്തു ജയിച്ചത്.
അതു കൂടാതെയുള്ള രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ 208 റണ്‍സിനും മറ്റൊന്നില്‍ ഇന്നിങ്‌സിനും ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. ഒരു ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് ഇത്തവണ 200ന് മുകളില്‍ റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയാല്‍ ഇന്ത്യക്കു അതു മറികടക്കാന്‍ കഴിയുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

മല്‍സരം പുരോഗമിക്കവെ പിച്ച് ഇനിയും സ്ലോയായി മാറുമെന്നും ചില ബോളുകള്‍ ടേണ്‍ ചെയ്യാനുമുള്ള സാധ്യതകളുമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ റണ്‍ചേസില്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര എളുപ്പമാവാനുമിടയില്ല.
ബോള്‍ തീര്‍ച്ചയായും വളരെ താഴ്ന്നായിരിക്കും രണ്ടാമിന്നിങ്‌സില്‍ പോവുകയെന്നു കുംബ്ലെ അഭിപ്രായപ്പെട്ടു. പിച്ച് ഈ തരത്തില്‍ സ്ലോയായി മാറുമെന്നതിനാല്‍ തന്നെ പ്രധാനപ്പെട്ട ചില ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്താവാനിടയുണ്ട്. നിങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. ഇന്ത്യക്കു മികച്ച ബാറ്റിങ് ലൈനപ്പുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടിന്റെ ശേഷിച്ച നാലു വിക്കറ്റുകള്‍ കഴിയുന്നത്ര വേഗത്തില്‍ വീഴ്‌ത്തേണ്ടത് ആവശ്യമാണ്. ഇപ്പോഴുള്ള സ്‌കോറില്‍ നിന്നും ഇംഗ്ലണ്ടിനെ അധികം മുന്നോട്ടു പോവാന്‍ ഇന്ത്യ അനുവദിക്കാനിടയില്ല. ഇന്ത്യന്‍ ബൗളര്‍മാരെ നിലയുറപ്പിക്കാതിരിക്കാനാണ് ഓലി പോപ്പ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ പക്കല്‍ വ്യക്തമായ പ്ലാനുണ്ടായിരുന്നു, അതു അദ്ദേഹത്തിനു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.