എഡ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിന്റെ പുറത്താവല്‍ വന്‍ വിവാദത്തില്‍. നാലാംദിനം അവസാന സെഷനില്‍ ആകാശ്ദീപിന്റെ ഓവറില്‍ ക്ലീന്‍ബൗള്‍ഡായാണ് റൂട്ട് മടങ്ങിയത്. 16 ബോളില്‍ വെറും ആറു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.
ഇതു അംഗീകൃത ബോള്‍ തന്നെയാണോ, അതോ നോബോളാണോയെന്ന സംശയമാണ് ചില ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമെല്ലാം ഉന്നയിക്കുന്നത്. ഇംഗ്ലീഷ് കമന്റേറ്റര്‍മാരും അവരുടെ ഒരു വിഭാഗം ആരാധകരുമെല്ലാം അതു നോ ബോളാണെന്നാണ് വാദിക്കുന്നത്. യഥാര്‍ഥത്തില്‍ അതു നോ ബോള്‍ വിളിക്കേണ്ടതായിരുന്നുവെന്നും പക്ഷെ അംപയര്‍ ഇക്കാര്യം ചെയ്തില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Screenshot
റൂട്ടിന്റെ പുറത്താവല്‍
608 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ നാലാംദിനത്തിലെ കളി തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ജോ റൂട്ടിന്റെ വമ്പന്‍ വിക്കറ്റ് ഇന്ത്യ സ്വന്തമാക്കിയത്. ആകാശ്ദീപെറിഞ്ഞ 11ാം ഓവറിലായിരുന്നു ഇംഗ്ലണ്ട് ഞെട്ടിയത്. ക്രീസില്‍ നിന്നും അല്‍പ്പം വൈഡായി ആകാശ്ദീപെറിഞ്ഞ ഫുള്‍ ലെങ്ത്ത് ബോള്‍ ലെഗ് സൈഡിലേക്കു കളിക്കാനായിരുന്നു റൂട്ടിന്റെ ശ്രമം.
പക്ഷെ അദ്ദേഹത്തിന്റെ ടൈമിങ് അമ്പെ പാളി. ബാറ്റ് താഴേക്കു വരുമ്പോഴേക്കും ബോള്‍ കടന്നു പോയിക്കഴിഞ്ഞിരുന്നു. അതു വിക്കറ്റുകളില്‍ പതിച്ചപ്പോള്‍ നിസ്സഹായതോടെ അല്‍പ്പസമയം നിന്ന റൂട്ട് ഒടുവില്‍ നിരാശനായി ക്രീസ് വിടുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 50 റണ്‍സിലേക്കു തകരുകയും ചെയ്തു.
വിവാദത്തിനു കാരണമെന്ത്?
ജോ റൂട്ടിനെ ആകാശ്ദീപ് ബൗള്‍ഡാക്കിയതിനു പിന്നാലെ ബിബിസി കമന്റേറ്ററും ഇംഗ്ലണ്ടിന്റെ മുന്‍ വനിതാ താരവുമായ അലിസണ്‍ മിച്ചെലാണ് അതു നോ ബോള്‍ ആണെന്ന സംശയം പ്രകടിപ്പിച്ചത്. ബൗള്‍ ചെയ്യവെ ആകാശ്ദീപിന്റെ കാല് പോപ്പിങ് ക്രീസിനു അകത്തു തന്നെ ആയിരുന്നെങ്കിലും ബാക്ക് ഫൂട്ട് കൊണ്ട് റിട്ടേണ്‍ ക്രീസില്‍ ടച്ച് ചെയ്തുവെന്നുമാണ് ആരോപണം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ സംശയം പ്രകടിപ്പിച്ച് രംഗു വരികയായിരുന്നു.
ആകാശ്ദീപിന്റെ ബൗളിങില്‍ ജോ റൂട്ട് ബൗള്‍ഡാവുന്നു. വീഡിയോ കാണാം
ആകാശ്ദീപെറിഞ്ഞ ആ ബോള്‍ ക്രീസില്‍ നിന്നും വളരെ വൈഡായിട്ടുള്ളതായിരുന്നു. ക്രീസില്‍ അദ്ദേഹത്തിന്റെ കാല് പുറത്തായിരുന്നു, രണ്ടു ഇഞ്ചോളം പിറകിലായിരുന്നുവെന്നാണ് കാണപ്പെടുന്നത്. ചിലപ്പോള്‍ അതിനേക്കാള്‍ അല്‍പ്പം കൂടുതലുമായിരിക്കാം. ബാക്ക്ഫൂട്ട് ലൈനിനു അകത്താണ് ലാന്‍ഡ് ചെയ്യേണ്ടത്. പക്ഷെ ലൈനിനു മുകളിലൂടെ അതു രണ്ടു ഇഞ്ചോളം പുറത്തേക്കു കടന്നിട്ടുണ്ടെന്നായിരുന്നു മിച്ചെല്‍ കമന്ററിക്കിടെ ചൂണ്ടിക്കാട്ടിയത്.
അതേസമയം, അതു നിയമപരമായി അനുവദിക്കപ്പെട്ട ബോള്‍ തന്നെയാണെന്നാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരവും കോച്ചും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്. റിട്ടേണ്‍ ക്രീസില്‍ തന്നെയാണ് ആകാശ്ദീപിന്റെ കാല് ലാന്‍ഡ് ചെയ്തതെന്നും അതുകൊണ്ടു തന്നെ അതു അംഗീകൃത ബോള്‍ തന്നെയാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

എഡ്ബാസ്റ്റണ്‍ വന്‍ പരാജയ ഭീതിയിലണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം. 608 റണ്‍സ് ചേസ് ചെയ്യവെ അഞ്ചാംദിനം ആദ്യത്തെ സെഷനില്‍ 27 ഓവറുകള്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിനു 104 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഇനി അഞ്ചു വിക്കറ്റുകള്‍ മാത്രം കൈയിലിരി െഅവര്‍ക്കു ജയിക്കാന്‍ ഇനിയും 504 റണ്‍സ് കൂടി ആവശ്യമാണ്.
സാക്ക് ക്രോളി (0), ബെന്‍ ഡക്കെറ്റ് (25), ഒല്ലി പോപ്പ് (24), ജോ റൂട്ട് (6), ഹാരി ബ്രൂക്ക് (23) എന്നിവരാണ് ക്രീസ് വിട്ടത്. അവസാനത്തെ അംഗീകൃത ബാറ്റിങ് ജോടികളായ നായകന്‍ ബെന്‍ സ്‌റ്റോകസും (10) വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തുമാണ് (11) ഇപ്പോള്‍ ക്രീസിലുള്ളത്. ഇവര്‍ക്കു ശേഷം ഇനി ബൗളര്‍മാരാണ് വരാനുള്ളത്.