റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കിയപ്പോള്‍ പകരക്കാരനായി എത്തിയത് ആകാശ് ദീപായിരുന്നു. യുവ പേസര്‍ക്ക് ഇന്ത്യ അവസരം നല്‍കിയത് വെറുതെയായില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ആദ്യ സെക്ഷനില്‍ താരം കാഴ്ചവെച്ചത്. ഒരു അരങ്ങേറ്റക്കാരനും ആഗ്രഹിക്കാത്ത തരത്തിലായിരുന്നു ആകാശിന്റെ തുടക്കം. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയെ ക്ലീന്‍ബൗള്‍ഡാക്കിയാണ് ആകാശ് തുടങ്ങിയത്.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത് നോബോളായി. ഇതോടെ ഏതൊരു അരങ്ങേറ്റ ബൗളറും പതറാനുള്ള സാധ്യതയാണ് ഉണ്ടായിരുന്നത്. എന്നാല്‍ തന്റെ പിഴവിനെ ആയുധമാക്കി ആകാശ് ചരിത്ര കുതിപ്പാണ് നടത്തിയത്. മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയടക്കം നേടിയ ബെന്‍ ഡക്കെറ്റിനെ പുറത്താക്കിയാണ് ആകാശ് തന്റെ അന്താരാഷ്ട്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 140നോടടുത്ത് വേഗത്തില്‍ പന്തെറിഞ്ഞ താരം പിച്ചിന്റെ സ്വഭാവം നന്നായി മുതലാക്കിയെന്നതാണ് എടുത്തു പറയേണ്ടത്.
പരമ്പരയില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തി ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയ ഒലി പോപ്പിനെ ആകാശ് ഡെക്കാക്കി. എല്‍ബിയില്‍ കുടുങ്ങിയ പോപ്പിന്റെ വിക്കറ്റ് ഡിആര്‍എസിലൂടെയാണ് ഇന്ത്യ നേടിയെടുത്തത്. സാക്ക് ക്രോളിയായിരുന്നു ആകാശിന്റെ മൂന്നാം വിക്കറ്റ്. ആദ്യ തവണ ക്രോളിയെ ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ നോബോള്‍ രക്ഷിച്ചെങ്കിലും രണ്ടാം തവണ ഈ ഭാഗ്യം ബാറ്റ്‌സ്മാനെ തുണച്ചില്ല. ആദ്യ തവണ ക്ലീന്‍ബൗള്‍ഡായ അതേ രീതിയിലാണ് ക്രോളിയെ ആകാശ് രണ്ടാം തവണയും ക്ലീന്‍ബൗള്‍ഡാക്കിയത്.
42 പന്തില്‍ 42 റണ്‍സാണ് ക്രോളി നേടിയത്. അരങ്ങേറ്റ മത്സരത്തിലൂടെത്തന്നെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കാന്‍ ആകാശ് ദീപിനാകുന്നു. മുകേഷ് കുമാറിനെക്കാളും മികച്ച ബൗളറാണ് ആകാശെന്നും നേരത്തെ തന്നെ ഇന്ത്യ അവസരം നല്‍കണമായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. മുഹമ്മദ് ഷമിയുമായി ആകാശിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നു. ഷമിയെപ്പോലെ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് സ്വിങ് ചെയ്യിക്കാന്‍ ആകാശിന് സാധിക്കുന്നു.

മികച്ച ലൈനും ലെങ്തും വേഗവും താരത്തിന് അവകാശപ്പെടാനാവും. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം വലിയ ഭാവി ആകാശിനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്ത് ഉയരുമെന്നാണ് കരുതിയത്. എന്നാല്‍ ആദ്യ ഓവറിന് ശേഷം സിറാജ് നന്നായി തല്ലുവാങ്ങി. ആറ് ഓവറില്‍ 43 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. 7.16 ആണ് സിറാജിന്റെ ഇക്കോണമി. 7 ഓവര്‍ പന്തെറിഞ്ഞ് 24 റണ്‍സ് വിട്ടുകൊടുത്താണ് ആകാശിന്റെ മൂന്ന് വിക്കറ്റ് പ്രകടനം.
3.42 ആണ് ആകാശിന്റെ ഇക്കോണമി. രണ്ടാം സെക്ഷനിലൂടെ അരങ്ങേറ്റ ടെസ്റ്റ് ഇന്നിങ്‌സില്‍ത്തന്നെ ആകാശ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച നേരിടുന്നതായാണ് കാണുന്നത്. 112 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ജോണി ബെയര്‍സ്റ്റോ 38 റണ്‍സില്‍ നില്‍ക്കവെ ആര്‍ അശ്വിന്‍ എല്‍ബിയില്‍ കുടുക്കി. ബെന്‍ സ്‌റ്റോക്‌സിനെ (3) നിലയുറപ്പിക്കും മുമ്പ് ജഡേജയും വിക്കറ്റിന് മുന്നില്‍ കുടുക്കി.
പ്രതീക്ഷ നല്‍കി ജോ റൂട്ട് (16) ക്രീസില്‍ തുടരുന്നുണ്ട്. രണ്ടാം സെക്ഷനുള്ളില്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കി ആദ്യ ദിനം തന്നെ ബാറ്റിങ് ആരംഭിക്കാനാവും ഇന്ത്യ ശ്രമിക്കുക. പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെന്നതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ സ്‌റ്റോക്‌സ് ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ആകാശ് ദീപിന്റെ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ ആകാശിന് സാധിച്ചിട്ടുണ്ട്.