കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ബാറ്റിങ് വെടിക്കെട്ടുമായി അഭിഷേക് ശര്‍മ. യുവ ഇടം കൈയന്‍ ഓപ്പണര്‍ 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് കസറിയത്. ഇംഗ്ലണ്ടിന്റെ വമ്പന്‍ ബൗളര്‍മാരെ നാണംകെടുത്തി ബാറ്റിങ് വെടിക്കെട്ടാണ് അഭിഷേക് കാഴ്ചവെച്ചത്. സ്റ്റാര്‍ പേസര്‍ മാര്‍ക്ക് വുഡിനെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയ അഭിഷേക് ജോഫ്രാ ആര്‍ച്ചറേയും കണക്കിന് പ്രഹരിച്ചു. സഞ്ജു സാംസണ്‍ തല്ലിത്തകര്‍ത്ത് തുടങ്ങിയപ്പോള്‍ അഭിഷേക് സ്‌ട്രൈക്ക് കൈമാറാനാണ് ശ്രമിച്ചത്.
സഞ്ജു മടങ്ങിയതിന് പിന്നാലെ സൂര്യകുമാര്‍ യാദവും (0) നിരാശപ്പെടുത്തി. പിന്നാലെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്ത അഭിഷേക് ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. ആദില്‍ റഷീദ് ക്യാച്ച് കൈവിട്ട് ഒരു ലൈഫ് നല്‍കി. ഇതിന് ശേഷം അഭിഷേകിനെ തൊടാന്‍ ആര്‍ക്കുമായില്ല. ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ക്കെതിരേ സിക്‌സര്‍ മഴ പെയ്യിക്കാന്‍ യുവ താരത്തിന് സാധിച്ചു. മുന്‍ ഇന്ത്യന്‍ ഹീറോ യുവരാജ് സിങ്ങിന്റെ ശിഷ്യനാണ് താനെന്ന് പ്രകടനംകൊണ്ട് തെളിയിക്കാന്‍ അഭിഷേകിന് സാധിച്ചു.
വമ്പന്‍ റെക്കോഡിട്ട് അഭിഷേക്
ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്. ആദ്യ സ്ഥാനത്ത് യുവരാജ് സിങ്ങാണുള്ളത്. എന്നാല്‍ യുവരാജ് സിങ്ങിന് പോലും നേടാനാവാത്ത വമ്പന്‍ സിക്‌സര്‍ റെക്കോഡ് നേടിയെടുക്കാന്‍ അഭിഷേക് ശര്‍മക്കായി. ഇംഗ്ലണ്ടിനെതിരേ ഒരു ടി20യില്‍ എട്ട് സിക്‌സര്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി മാറാന്‍ അഭിഷേകിന് സാധിച്ചു. 34 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സുമടക്കം 79 റണ്‍സാണ് അഭിഷേക് നേടിയത്.
യുവരാജ് സിങ് ഏഴ് സിക്‌സുകളാണ് ഇംഗ്ലണ്ടിനെതിരേ നേടിയത്. ഈ റെക്കോഡില്‍ യുവരാജിനെ മറികടക്കാന്‍ അഭിഷേകിന് സാധിച്ചു. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കുകാട്ടുന്ന ബാറ്റ്‌സ്മാനാണ് അഭിഷേക്. ആദില്‍ റഷീദിനെ തുടര്‍ച്ചയായി ഒരു ഫോറും രണ്ട് തുടര്‍ സിക്‌സുകളും നേടാന്‍ അഭിഷേകിനായി. ഇന്ത്യയെ അനായാസം വിജയത്തിലേക്കെത്തിക്കുന്ന തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് അഭിഷേക് കളം വിട്ടത്.

കോലിയുടെ റെക്കോഡ് തകര്‍ത്തു
ടി20യില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുകയെന്നത് എളുപ്പമല്ല. ഇത്തരത്തില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലിയെ മറികടക്കാനും അഭിഷേകിനായി. ഇത് മൂന്നാം തവണയാണ് അഭിഷേക് 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തുന്നത്. കൊല്‍ക്കത്തയില്‍ 232ന് മുകളിലായിരുന്നു അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ്. വിരാട് കോലി രണ്ട് തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്.
10 തവണ ഈ നേട്ടത്തിലെത്തിയ സൂര്യകുമാര്‍ യാദവ് തലപ്പത്ത് നില്‍ക്കുമ്പോള്‍ അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ യുവരാജാണ് രണ്ടാം സ്ഥാനത്ത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും മൂന്നാം സ്ഥാനത്തുണ്ട്. സഞ്ജു സാംസണ്‍ വലിയ സ്‌കോറിലേക്കുയരാതെ പോയെങ്കിലും ഒരോവറില്‍ 22 റണ്‍സടക്കം നേടി മിന്നിച്ചു. ഇതോടെ കൂടുതല്‍ തവണ ഒരോവറില്‍ 20ലധികം റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ സഞ്ജുവിനായി.
ആറ് തവണ ഈ നേട്ടത്തിലെത്തിയ രോഹിത് ശര്‍മ തലപ്പത്തും നാല് തവണ വീതം ഈ നേട്ടത്തിലെത്തിയ യുവരാജും സൂര്യകുമാറും രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇത് മൂന്നാം തവണയാണ് ഈ നേട്ടത്തിലേക്കെത്തുന്നത്.
സൂര്യകുമാര്‍ യാദവിന് നാണക്കേട്
ഇന്ത്യയുടെ നായകനെന്ന നിലയില്‍ ടീമിന്റെ വമ്പന്‍ ജയത്തില്‍ സൂര്യകുമാര്‍ യാദവിന് അഭിമാനിക്കാം. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ താരം നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട് ഡെക്കിനാണ് സൂര്യ മടങ്ങിയത്. ടി20യില്‍ ഡെക്കിന് പുറത്താവുന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയിലേക്ക് സൂര്യ എത്തിയിരിക്കുകയാണ്. ആറ് തവണ ഡെക്കായ രോഹിത് ശര്‍മ തലപ്പത്തും മൂന്ന് തവണ ഡെക്കായ വിരാട് കോലി രണ്ടാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ടിനെതിരേ ടി20യില്‍ ഡെക്കാവുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് സൂര്യകുമാര്‍. വിരാട് കോലിയാണ് ഇതിന് മുമ്പ് ഡെക്കായത്.