ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് വിരാട് കോലിയുടെ അഭാവമാണ്. ഇംഗ്ലണ്ട് ഏറ്റവും കൂടുതല്‍ ഭയക്കുന്ന താരം വിരാട് കോലിയാണെന്നിരിക്കെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും കോലി വിശ്രമമെടുത്തത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് കോലി വിശ്രമം എടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് കോലി പെട്ടെന്ന് ഇത്തരമൊരു തീരുമാനം എടുത്തതെന്നതാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
കോലിയുടെ വ്യക്തിപരമായ കാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും ഇതിനെക്കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴിതാ കോലിയുടെ വിശ്രമത്തിന്റെ കാരണത്തെക്കുറിച്ച് എബി ഡിവില്ലിയേഴ്‌സ് പ്രതികരിച്ചിരിക്കുകയാണ്. ആര്‍സിബിയില്‍ കോലിയുടെ സഹതാരമെന്നതിലുപരിയായി അടുത്ത സുഹൃത്താണ് ഡിവില്ലിയേഴ്‌സ്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്‌സ് കോലിയുടെ വിശ്രമത്തെക്കുറിച്ച് പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
'വിരാട് കോലി എന്തുകൊണ്ടാണ് വിശ്രമം എടുത്തതെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. എന്നാല്‍ വൈകാതെ എല്ലാവരും ഇതിനെക്കുറിച്ച് അറിയും. വിരാട് കോലി വ്യക്തിപരമായ കാരണത്താല്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ അത് നല്ല കാരണത്താലാവും. നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നവനാണ് കോലി. കുടുംബവും പ്രധാനപ്പെട്ടതാണ്. കോലിയുടെ ഇടവേളയുടെ കാരണം വൈകാതെ അറിയാമെങ്കിലും ഇപ്പോള്‍ എനിക്ക് ഒന്നും തുറന്ന് പറയാനാവില്ല.
കാരണം കോലിയുടെ സൗഹൃദം എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്'-ഡിവില്ലിയേഴ്‌സ് പറഞ്ഞു. വിരാട് കോലി വിശ്രമമെടുത്തതിന് പിന്നില്‍ കുടുംബപരമായ കാരണമാണെന്ന് വ്യക്തം. അനുഷ്‌കയുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് സൂചന. അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഡിവില്ലിയേഴ്‌സിന്റെ വാക്കുകളില്‍ ഒളിപ്പിച്ചിരിക്കുന്ന സൂചന ഇതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

എന്തായാലും കോലിയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നുറപ്പ്. കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ആര് ബാറ്റുചെയ്യണമെന്നതാണ് ഇന്ത്യയെ അലട്ടുന്ന കാര്യം. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരിലൊരാള്‍ ബാറ്റ് ചെയ്യാനാണ് സാധ്യത കൂടുതല്‍. എന്തായാലും കോലിയുടെ പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ല. കോലിക്ക് പകരം രജത് പാട്ടീധാറിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്ലേയിങ് 11ലെത്താന്‍ സാധ്യത കുറവാണ്.
ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ ബാസ്‌ബോള്‍ ശൈലി എത്രമാത്രം ഫലപ്രദമാണെന്നാണ് ചോദ്യം. എന്നാല്‍ ബാസ്‌ബോള്‍ ശൈലി ഇന്ത്യയില്‍ ഫലപ്രദമാണെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. 'ആക്രമണ ശൈലിയുള്ള ബാസ്‌ബോള്‍ ക്രിക്കറ്റ് ഇന്ത്യയില്‍ ഫലപ്രദമാണ്.
ഏത് സാഹചര്യത്തിലും ഈ ശൈലി ഗുണം ചെയ്യും. ദക്ഷിണാഫ്രിക്കയില്‍ എയ്ഡന്‍ മാര്‍ക്രം ബാറ്റ് ചെയ്തത് നോക്കുക. ഒരിക്കല്‍ കാണ്‍പൂരില്‍ ഞാന്‍ ആക്രമിച്ച് കളിച്ചിരുന്നു. പ്രയാസമുള്ള സാഹചര്യത്തിലും മികച്ച ആക്രമണ ബാറ്റിങ് ഫലം ചെയ്യും'- ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് നിരയില്‍ ആക്രമണോത്സക ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങളുണ്ട്. ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ആക്രമണോത്സക ബാറ്റിങ് കാഴ്ചവെക്കുന്നവരാണ്.
ജോ റൂട്ടിന്റെ ക്ലാസിക് ശൈലി ഇംഗ്ലണ്ടിന് അടിത്തറ പാകും. ഇന്ത്യ സ്പിന്‍ കെണിയൊരുക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇംഗ്ലണ്ടിനും കരുത്തുണ്ട്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ മൂന്ന് സ്പിന്നര്‍മാര്‍ക്ക് സ്ഥാനം ഉറപ്പാണ്. തുടക്കം മുതല്‍ പിച്ചില്‍ ടേണ്‍ പ്രതീക്ഷിക്കാം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ സ്പിന്‍ മികവ് ഇന്ത്യക്ക് ജയം നേടിക്കൊടുക്കുമെന്ന് തന്നെ വിലയിരുത്താം. എന്നാല്‍ മികച്ച ആക്രമണം ഇംഗ്ലണ്ട് കാഴ്ചവെക്കുമെന്നുറപ്പ്.