നാഗ്പൂര്‍: ഇംഗ്ലണ്ടുമായി നാളെ (വ്യാഴം) പകലും രാത്രിയുമായ നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കണമെന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കൊമ്പുകോര്‍ക്കുക.
നേരത്തേ നടന്ന ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4-1നു കശാപ്പ് ചെയ്യാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ഏകദിന പരമ്പര കൂടിയാണിത്.
അതുകൊണ്ടു തന്നെ പരമ്പര വിജയവുമായി ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റിനായി യാത്ര തിരിക്കാനായിരിക്കും ഇന്ത്യന്‍ ടീം ആഗ്രഹിക്കുക. പക്ഷെ ടി20യിലേറ്റ മുറിവുണക്കാന്‍ ജോസ് ബട്‌ലറുടെ ഇംഗ്ലീഷ് ടീം ഏകദിനത്തില്‍ കൈയ്‌മെയ് മറന്നു പൊരുതുമെന്നുറപ്പാണ്. അതിനാല്‍ ജയത്തിനായി ഇന്ത്യക്കു ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കേണ്ടതായും വരും.

വരുണിനെ കളിപ്പിക്കണം
ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ആദ്യ ഏകദിനത്തില്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ മാത്രമേ വരുണ്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ.
നാഗ്പൂരിലെ ആദ്യ കളിയില്‍ വരുണിനെ ഉള്‍പ്പെടുത്തുന്നത് നല്ലൊരു നീക്കം തന്നെയായിരിക്കും. അവന്റെ ഇപ്പോഴത്തെ തകര്‍പ്പന്‍ ഫോം മുതലാക്കാന്‍ തന്നെയാവണം ടീം ശ്രമിക്കേണ്ടത്. പ്ലെയിങ് ഇലവനില്‍ അവനു കൂടി ഒരു സ്ഥാനം കണ്ടെത്തൂ.
ബെഞ്ചിലിരുത്താനല്ല നിങ്ങള്‍ ഒരാളെ ടീമിലെടുക്കുന്നത്. അതുകൊണ്ടു തന്നെ വരുണും കുല്‍ദീപ് യാദവും ആദ്യ മല്‍സരത്തില്‍ കളിക്കുകയും വേണം. അധികമായി ഒരു ഓള്‍റൗണ്ടറെ എട്ടാം നമ്പറില്‍ ഉള്‍പ്പെടുത്തുകയെന്ന ഇന്ത്യയുടെ ആഗ്രഹം നടക്കില്ലെന്നാണ് ഇതിന്റെ അര്‍ഥമെന്നും ചോപ്ര പറഞ്ഞു.
ഹര്‍ഷിത്തിനും അവസരം കൊടുക്കൂ
വരുണ്‍ ചക്രവര്‍ത്തിയെക്കൂടാതെ യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെയും ആദ്യ ഏകദിനത്തില്‍ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കണെന്നാണ് തന്റെ ആഗ്രഹമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
പരിക്കില്‍ നിന്നും പൂര്‍മായി മുക്തനായിട്ടില്ലാത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ആദ്യ രണ്ടു മല്‍സരങ്ങളിലും കളിക്കില്ല. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും അദ്ദേഹത്തിന്റെ കാര്യം സംശയത്തിലാണ്. പരിചയസമ്പന്നനായ മുഹമ്മദ് ഷമിക്കൊപ്പം അര്‍ഷ്ദീപ് സിങായിരിക്കും ആദ്യ ഏകദിനത്തില്‍ പേസ് നിരയിലുണ്ടാവുകയെന്നാണ് വിവരം.

അപ്‌ഡേറ്റ് ചെയ്യപ്പെട്ട ഇന്ത്യയുടെ പുതിയ സ്‌ക്വാഡില്‍ ജസ്പ്രീത് ബുംറയെപ്പറ്റി പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അവസാനത്തെ ഏകദിനത്തിലും അദ്ദേഹത്തെക്കുറിച്ച് പറയുന്നില്ല. മുഹമ്മദ് സിറാജ് നേരത്തേ തന്നെ ടീമിലില്ല.
ഇംഗ്ലണ്ടിനെതിരേ റാണയ്ക്കു (ഹര്‍ഷിത് റാണ) അരങ്ങേറാന്‍ അവസരമൊരുക്കുന്നതായി വഴി കണ്ടെത്തണം. പക്ഷെ അതു എങ്ങനെയെന്നു എനിക്കറിയില്ല. ഷമി തിരിച്ചെത്തിയിരിക്കുകയാണ്. അര്‍ഷ്ദീപാവട്ടെ കുറച്ചു ഏകദിനങ്ങളില്‍ മാത്രമേ കളിക്കുകയും ചെയ്തിട്ടുള്ളൂ. മൂന്നു പേസര്‍മാരെ കളിപ്പിക്കുമോ? എന്നായിരുന്നു എക്‌സില്‍ ചോപ്ര കുറിച്ചത്.
ഏകദിന പരമ്പരയിലെ ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ (ആദ്യ രണ്ട് ഏകദിനങ്ങളില്‍ മാത്രം), ജസ്പ്രീത് ബുംറ (മൂന്നാം ഏകദിനത്തില്‍ മാത്രം), വരുണ്‍ ചക്രവര്‍ത്തി.