IND vs ENG: 'അവന്റെ കൈയിലാണ് എല്ലാം', ഇന്ത്യയുടെ നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്ത് ആകാശ്
ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് അഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്. അവസാന ദിനത്തില്‍ വാശിയേറിയ പോരാട്ടം തന്നെയാവും നടക്കുകയെന്ന് ഉറപ്പാണ്. ഇന്ത്യ മുന്നോട്ടുവെച്ച 368 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെന്ന നിലയിലാണ്. അവസാന ദിനം 10 വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 291 റണ്‍സാണ് വേണ്ടത്.
അവസാന ദിനങ്ങളിലേക്കെത്തുമ്പോള്‍ പിച്ച് ബാറ്റിങ്ങിന് അനുകൂലമായി ഏറെക്കുറെ മാറിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. പേസര്‍മാര്‍ക്ക് വേണ്ടത്ര സ്വിങ് ലഭിക്കുന്നില്ല. ഡ്യൂക്‌സ് ബോളില്‍പ്പോലും സ്വിങ് ലഭിക്കാത്ത അവസ്ഥയിലേക്ക് പിച്ച് മാറിയിട്ടുണ്ട്. അതേ സമയം സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാനാവുന്ന അവസ്ഥയാണുള്ളത്. അവസാന ദിനത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുക രവീന്ദ്ര ജഡേജയുടെ സ്പിന്‍ ബൗളിങ് ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

കുറഞ്ഞത് മൂന്ന് വിക്കറ്റെങ്കിലും അവസാന ദിനം ജഡേജക്ക് വീഴ്ത്താനാവുമെന്നാണ് ആകാശ് വിലയിരുത്തിയത്. 'അഞ്ചാം ദിനത്തിലെ എന്റെ പ്രവചനം ജഡേജ മൂന്നോ അധിലധികമോ വിക്കറ്റ് നേടുമെന്നതാണ്.ഒരു കാരണവശാലും ഇന്ത്യ മത്സരം ജയിക്കില്ല. കാരണം ഇഷാന്തും ഷമിയും ഇല്ലാത്ത സാഹചര്യത്തില്‍ 10 വിക്കറ്റ് വീഴ്ത്തുകയെന്നത് പേസര്‍മാരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോര്‍ഡ്‌സിലെ സാഹചര്യത്തില്‍ 50 ഓവറിനുള്ളില്‍ ഇംഗ്ലണ്ടിനെ പുറത്താക്കാനായി. എന്നാല്‍ അതുമായി ഇതിനെ താരതമ്യം ചെയ്യരുത്. ഈ പിച്ച് ഇപ്പോള്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനാവാത്ത പോലെയാണ്. ഫ്‌ളാറ്റ് പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്'- ആകാശ് ചോപ്ര പറഞ്ഞു.

ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസര്‍മാരായി ഇന്ത്യന്‍ നിരയിലുള്ളത്. ഇവരുടെ അഞ്ചാം ദിനത്തിലെ ആദ്യ സെക്ഷനിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ഓപ്പണര്‍മാരെ വേഗത്തില്‍ പുറത്താക്കിയാലും ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ഒല്ലി പോപ്പ് തുടങ്ങി വലിയ വെല്ലുവിളികളെ ഇന്ത്യക്ക് അതിജീവിക്കേണ്ടതായുണ്ട്. അത് നിലവിലെ സാഹചര്യത്തില്‍ എളുപ്പമാവില്ല.
ജഡേജ കഴിഞ്ഞ മത്സരങ്ങളിലൊന്നും പന്തുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഓവലില്‍ അവസാന ദിനത്തില്‍ പിച്ച് സ്പിന്നിന് അനുകൂലമാകുന്നതാണ് ചരിത്രം. ഇംഗ്ലണ്ടിന്റെ മോയിന്‍ അലി രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലിയുടെ അടക്കം വിക്കറ്റെടുത്ത് തിളങ്ങിയത് ഇതിനുദാഹരണമാണ്. ഈ സാഹചര്യത്തില്‍ ജഡേജയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഇന്ത്യ ആര്‍ അശ്വിനെ പരിഗണിക്കാതിരുന്നതിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജഡേജ ബൗളിങ്ങില്‍ നിരാശപ്പെടുത്തുകയും ഇന്ത്യ മത്സരം തോല്‍ക്കുകയും ചെയ്താല്‍ അശ്വിന്റെ അഭാവം ചൂണ്ടിക്കാട്ടി കോലിക്കും രവി ശാസ്ത്രിക്കുമെതിരേ വലിയ വിമര്‍ശനം ഉയരാനുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ അവസാന ദിനം 291 എന്ന സ്‌കോര്‍ പിന്തുടരുക ഇംഗ്ലണ്ടിന് എളുപ്പമാവില്ല. സ്‌ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കാന്‍ താരങ്ങള്‍ ശ്രമിക്കുന്തോറും വിക്കറ്റ് വീഴാനുള്ള സാധ്യതയും കൂടുതലാണ്. ആകാശ് ചോപ്രയും ഇക്കാര്യം ചൂണ്ടിക്കാട്ടി.

'മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് 40-60 ശതമാനം മുന്‍തൂക്കം പറയാനാവും. കാരണം 291 റണ്‍സ് അവസാന ദിനം നേടിയെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 30 ഓവര്‍ ബാറ്റ് ചെയ്താല്‍ മൂന്ന് റണ്‍സില്‍ കൂടുതല്‍ ഒരോവറില്‍ നേടുക അവര്‍ക്ക് പ്രയാസമാണ്. സ്‌കോറിങ് പതിയെ ആകാനാണ് സാധ്യത. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പരിചയക്കുറവുണ്ട്. ഉമേഷ്, ശര്‍ദുല്‍, സിറാജ് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. ബുംറയും ജഡേജയും റണ്‍സ് നിയന്ത്രിക്കും. എന്നാല്‍ മറ്റുള്ളവരുടെ പിന്തുണയില്ലാതെ എളുപ്പമാവില്ല'- ആകാശ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications