IND vs ENG: ഇന്ത്യ കാട്ടിയത് ചതി! നിയമത്തെ തെറ്റായി ഉപയോഗിച്ചു; വിമര്‍ശിച്ച് ആകാശ് ചോപ്ര
പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. ആവേശകരമായ പോരാട്ടത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ ഹാര്‍ദിക് പാണ്ഡ്യയും (53) ശിവം ദുബെയും (53) ചേര്‍ന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. അവസാന സമയംവരെ ഇംഗ്ലണ്ട് പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ കരുത്തിനെ മറികടക്കാന്‍ അവര്‍ക്കായില്ല.
എന്നാല്‍ ഇന്ത്യയുടെ വിജയത്തിന്റെ ശോഭകെടുത്തുന്ന വിവാദവും മത്സരത്തില്‍ ഉടലെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെക്ക് ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റിരുന്നു. അതുകൊണ്ട് ദുബെക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇന്ത്യ പേസര്‍ ഹര്‍ഷിത് റാണയെയാണ് ഇറക്കിയത്. ഇത് വലിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. ഹര്‍ഷിത് സ്‌പെഷ്യലിസ്റ്റ് പേസറാണ്. ദുബെക്ക് പകരം എങ്ങനെയാണ് ഹര്‍ഷിതിനെ കളിപ്പിക്കുകയെന്ന ചോദ്യമാണ് ഉയരുന്നത്.
ഇംഗ്ലണ്ടിന്റെ നായകന്‍ ജോസ് ബട്‌ലറടക്കം വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ഇന്ത്യ നിയമം ദുരുപയോഗം ചെയ്തുവെന്ന തരത്തില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബുദ്ധിപരമായ നീക്കമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ഇന്ത്യ ചെയ്തത് ശരിയായില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.
ഇന്ത്യ നിയമത്തെ ദുരുപയോഗം ചെയ്തു
ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമായ സാഹചര്യത്തിലാണ് കണ്‍കഷന്‍ സബസ്റ്റിറ്റിയൂട്ടിനെ പരിഗണിക്കുന്നത്. കണ്‍കഷന്‍ സബസ്റ്റിറ്റിയൂട്ട് നിയമപ്രകാരം ഒരു താരത്തിന് പരിക്കേറ്റാല്‍ സമാന ശൈലിയുള്ള താരത്തെയാണ് പരിഗണിക്കേണ്ടത്. ഉദാഹരണമായി പറഞ്ഞാല്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെക്ക് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ പരിഗണിച്ചാല്‍ രമണ്‍ദീപ് സിങ്ങിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. കാരണം രണ്ട് പേര്‍ക്കും ഏറെക്കുറെ ഒരേ ശൈലിയാണ്.

എന്നാല്‍ ഇന്ത്യ ബാറ്റിങ്ങില്‍ ദുബെയെ പരിഗണിച്ചിട്ട് ബൗളിങ് സമയത്ത് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി രസ്‌പെഷ്യലിസ്റ്റ് പേസറായ ഹര്‍ഷിത് റാണയെ കളിപ്പിച്ചത് അംഗീകരിക്കാനാവാത്ത കാര്യമാണ്. 'നിയമത്തില്‍ വളരെ കൃത്യമായി പറയുന്നുണ്ട്. ലൈക് ഫോര്‍ ലൈക് പകരക്കാരന്‍ വേണം. അതായത് ഒരു ബൗളറുടെ പകരക്കാരനെ ഇറക്കുമ്പോള്‍ അയാള്‍ ബൗളറായിരിക്കണം. ഉദാഹരണമായി ഇംഗ്ലണ്ടിന്റെ ബെന്‍ ഡെക്കറ്റിന് പരിക്കേറ്റെന്ന് കരുതുക. പകരക്കാരനായി ഇറങ്ങേണ്ടത് പന്തെറിയാത്ത ആളായിരിക്കണം. കാരണം ഡെക്കറ്റ് പന്തെറിയാറില്ല' ആകാശ് ചോപ്ര പറഞ്ഞു.
ഹര്‍ഷിത് റാണയും ദുബെയും ഒരേ ശൈലിക്കാരല്ല
ശിവം ദുബെ മീഡിയം പേസ് ഓള്‍റൗണ്ടറായതിനാല്‍ ഇന്ത്യ പരിഗണിക്കേണ്ടതും അത്തരമൊരു താരത്തെയാണ്. എന്നാല്‍ ഹര്‍ഷിത് റാണയെ പരിഗണിച്ചത് ഇന്ത്യ നിയമത്തെ ദുരുപയോഗം ചെയ്താണെന്നാണ് ആകാശിന്റെ വിലയിരുത്തല്‍. 20ാം ഓവറിനിടെ ദുബെയുടെ തലക്ക് പന്തുകൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. ഷോട്ട് ബോള്‍ തലക്ക് തട്ടിയതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്. ഇത് ഗുരുതരവുമല്ല. എന്നിട്ടും പകരക്കാരനെ ഇന്ത്യ ഇറക്കി. മുഹമ്മദ് ഷമിക്ക് പകരം ഹര്‍ഷിതിനെ കളിപ്പിക്കുന്നതിനെ ന്യായീകരിക്കാവുന്നതാണ്.
എന്നാല്‍ വിപരീത ശൈലിയുള്ള ഹര്‍ഷിത് റാണയെ ദുബെക്ക് പകരക്കാരനായി പരിഗണിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. ഹര്‍ഷിത് റാണയുടെ പേസ് മികവ് ഇന്ത്യക്ക് ബൗളിങ്ങില്‍ ഗുണം ചെയ്യുന്നതാണ്. എന്നാല്‍ ശിവം ദുബെ പന്തുകൊണ്ട് കാര്യമായ പ്രകടനം കാഴ്ചവെക്കുന്നവനല്ല. ദുബെ പന്തെറിഞ്ഞിരുന്നെങ്കിലും ഹര്‍ഷിതിന്റെ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഹര്‍ഷിതിനെ ദുബെക്ക് പകരക്കാരനായി കളിപ്പിച്ചതിനെ അംഗീകരിക്കാനാവില്ല.
ബുദ്ധി ഗൗതം ഗംഭീറിന്റേത്
ആദ്യത്തെ രണ്ടോവര്‍ വരെ ഇന്ത്യ ഇത്തരമൊരു മാറ്റത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇക്കാര്യം ഹര്‍ഷിതിനോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് അതിവേഗം റണ്‍സുയര്‍ത്തുന്നത് കണ്ടതോടെയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇത്തരമൊരു മാറ്റം വരുത്തിയത്. ന്യായമായി നോക്കുമ്പോള്‍ ഇന്ത്യയുടെ നീക്കത്തെ അംഗീകരിക്കുക പ്രയാസമാണ്. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ പരമ്പര നേടുന്നതിനായി ഇത്തരമൊരു മാറ്റം വരുത്തിയതിനെ തെറ്റ് പറയാന്‍ സാധിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications