പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 15 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19.4 ഓവറില്‍ 166 റണ്‍സില്‍ ഒതുങ്ങി. ഇതോടെ 15 റണ്‍സിന് ജയവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ശിവം ദുബെ (53) ഹാര്‍ദിക് പാണ്ഡ്യ (53) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. രവി ബിഷ്‌നോയിയും ഹര്‍ഷിത് റാണയും ഇന്ത്യക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി രണ്ടും അക്ഷര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റും പങ്കിട്ടു.
ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. ആദ്യ ഓവറില്‍ ജോഫ്രാ ആര്‍ച്ചറുടെ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്കായെങ്കിലും രണ്ടാം ഓവറില്‍ സാഖിബ് മഹമ്മൂദ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ പന്തില്‍ സഞ്ജു സാംസണ്‍ മടങ്ങി. മൂന്ന് പന്ത് നേരിട്ട സഞ്ജു ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച തിലക് വര്‍മ ഗോള്‍ഡന്‍ ഡെക്കായി മടങ്ങി.
നാലാമനായി ക്രീസിലെത്തിയ നായകന്‍ സൂര്യകുമാര്‍ യാദവ് നാല് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. ഇതോടെ 12 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. നാലാം വിക്കറ്റില്‍ റിങ്കു സിങ്ങും അഭിഷേക് ശര്‍മയും പ്രതീക്ഷ നല്‍കി. 19 പന്ത് നേരിട്ട് 4 ഫോറും 1 സിക്‌സുമടക്കം 29 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ പുറത്താക്കി ആദില്‍ റഷീദ് കൂട്ടുകെട്ട് പൊളിച്ചു. റഷീദിന്റെ സ്ലോ ബോള്‍ കെണിയില്‍ അഭിഷേക് പുറത്താവുകയായിരുന്നു. റിങ്കു സിങ് പതിയെ നിലയുറപ്പിച്ച് മുന്നേറി.
മിന്നിച്ച് ഹാര്‍ദിക്കും ദുബെയും
26 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സുമടക്കം 30 റണ്‍സെടുത്ത റിങ്കു സിങ്ങിനെ ബ്രൈഡന്‍ കേഴ്‌സാണ് പുറത്താക്കിയത്. വന്‍ തകര്‍ച്ചയെ ഇന്ത്യ മുന്നില്‍ കാണവെ ആറാം വിക്കറ്റിലെ ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്ത് പകര്‍ന്നു. 30 പന്തില്‍ നാല് ഫോറും സിക്‌സുമടക്കം 53 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ ഓവര്‍ട്ടന്‍ പുറത്താക്കുമ്പോള്‍ ഇന്ത്യ 166 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിരുന്നു. ടീമിലേക്ക് തിരിച്ചെത്തിയ ശിവം ദുബെയും അര്‍ധ സെഞ്ച്വറി നേടി.

ഡെത്തോവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ദുബെക്ക് സാധിച്ചു. നാല് പന്തില്‍ അഞ്ച് റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ അവസാന ഓവറില്‍ മടങ്ങി. അര്‍ഷ്ദീപ് ആദ്യ പന്തില്‍ റണ്ണൗട്ടായി. അവസാന പന്തില്‍ ദുബെയും റണ്ണൗട്ടായതോടെ ഇന്ത്യ 20 ഓവറില്‍ 9 വിക്കറ്റിന് 181 റണ്‍സിലൊതുങ്ങി. ദുബെ 34 പന്തില്‍ 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനായി സാഖിബ് മഹമ്മൂദ് മൂന്നും ജാമി ഓവര്‍ട്ടന്‍ രണ്ടും ബ്രൈഡന്‍ കേഴ്‌സും ആദില്‍ റഷീദും ഓരോ വിക്കറ്റും നേടി.
എറിഞ്ഞുപിടിച്ച് ഇന്ത്യ
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് ലഭിച്ചു. പവര്‍പ്ലേയുടെ അവസാന പന്തില്‍ ബെന്‍ ഡക്കറ്റിനെ (19 പന്തില്‍ 39) പുറത്താക്കി രവി ബിഷ്‌നോയിയാണ് ഇന്ത്യക്ക് ആദ്യ ആശ്വാസം നല്‍കിയത്. ഫില്‍ സാള്‍ട്ടിനെ (21 പന്തില്‍ 23) അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. അപകടകാരിയായ ജോസ് ബട്‌ലറെ (2) രവി ബിഷ്‌നോയി മടക്കി. ഇതോടെ 67 റണ്‍സിന് 3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു. ലിയാം ലിവിങ്സ്റ്റണും ഹാരി ബ്രൂക്കും പതിയെ റണ്‍സുയര്‍ത്തവെ ലിവിങ്സ്റ്റണെ (9) ഹര്‍ഷിത് റാണ പുറത്താക്കി.
ശിവം ദുബെക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി ഹര്‍ഷിത് റാണ സബ്റ്റിറ്റിയൂട്ടായി പ്ലേയിങ് 11ലേക്കെത്തിയത്. ഒരുവശത്ത് ഹാരി ബ്രൂക്ക് റണ്‍സുയര്‍ത്തി. 26 പന്തില്‍ അഞ്ച് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സെടുത്ത ഹാരി ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതോടെ പോരാട്ടം കടുത്തു. ബ്രൈഡന്‍ കാഴ്‌സിനെയും (0) വരുണ്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 133ന് 6 എന്ന നിലയിലേക്ക് തകര്‍ന്നു.
ജേക്കബ് ബതലിനെ (6) ഹര്‍ഷിത് റാണ പുറത്താക്കി. ജോഫ്ര ആര്‍ച്ചറെ (0) ബിഷ്‌നോയി ക്ലീന്‍ബൗള്‍ഡ് ചെയ്തു. ജാമി ഓവര്‍ട്ടന്‍ (19) ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ഷിത് റാണ ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. സാഖിബ് മഹമ്മൂദിനെ (1) അര്‍ഷ്ദീപ് പുറത്താക്കിയതോടെ 15 റണ്‍സിന്റെ ജയം ഇന്ത്യക്ക്.
പ്ലേയിങ് 11: ഇന്ത്യ-സഞ്ജു സാംസണ്‍ (c), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്
ഇംഗ്ലണ്ട് -ഫില്‍ സാള്‍ട്ട്, ബെന്‍ ഡെക്കറ്റ്, ജോസ് ബട്‌ലര്‍ (c), ഹാരി ബ്രൂക്ക്, ലിയാം ലിയാം ലിവിങ്‌സ്റ്റണ്‍, ജേക്കബ് ബദല്‍, ജാമി ഓവര്‍ട്ടന്‍, ബ്രൈഡന്‍ കേഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹമ്മൂദ്