ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ഹൈദരാബാദാണ് ഒന്നാം ടെസ്റ്റിന് വേദിയാവുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്. കരുത്തരുടെ നിരയാണ് ഇന്ത്യ. തട്ടകത്തില്‍ അടുത്തൊന്നും ഇന്ത്യയെ തോല്‍പ്പിക്കാനും ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ബാസ്‌ബോള്‍ ശൈലിയില്‍ തകര്‍ക്കാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്നുറപ്പാണ്. ഇംഗ്ലണ്ട് ശക്തമായ താരങ്ങളുടെ നിരയാണ്.
ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളുടെ നിരയാണ് ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവരെല്ലാം ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്ന താരങ്ങളാണ്. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഏറ്റവും മികച്ച പ്രകടനം ഇന്ത്യ പുറത്തെടുക്കേണ്ടതായുണ്ട്. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് മൂന്ന് കാര്യങ്ങള്‍ ശരിയാക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം മികച്ച പ്ലേയിങ് 11 തിരഞ്ഞെടുക്കുകയെന്നതാണ്. അക്ഷര്‍ പട്ടേലിനെയും ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തണം. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് ബാറ്റിങ് കരുത്തും ഉയര്‍ത്തേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ അക്ഷര്‍ പട്ടേലിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അക്ഷര്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ടീമിന്റെ ബാറ്റിങ് കരുത്തുയര്‍ത്തും. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിന് വന്നപ്പോള്‍ അക്ഷറാണ് തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ സന്ദര്‍ശകരെ തകര്‍ത്തത്.
അതുകൊണ്ടുതന്നെ ഇത്തവണയും അക്ഷര്‍ ഇന്ത്യന്‍ പ്ലേയിങ് 11ല്‍ വേണം. കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കാതെ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായി മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. രണ്ടാമത്തെ കാര്യം ഇംഗ്ലണ്ടിന്റെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്ക് സാധിക്കണം. ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയിലാവും കളിക്കുകയെന്നത് ടീം വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ പൂര്‍ണ്ണമായും പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുക്കരുത്.

ഇന്ത്യക്ക് ആക്രമണത്തിലൂടെ ഇംഗ്ലണ്ട് സ്പിന്നര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കണം. ജെയിംസ് ആന്‍ഡേഴ്‌സനെ കരുതലോടെ നേരിടണം. അനുഭവസമ്പന്നനായ പേസറാണ് ആന്‍ഡേഴ്‌സന്‍. പ്രായം 41 ആയെങ്കിലും പഴയ കൃത്യത ആന്‍ഡേഴ്‌സന് ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആന്‍ഡേഴ്‌സനെ ബഹുമാനിക്കണം. ജാക്ക് ലീച്ചിന്റെ സ്പിന്‍ ബൗളിങ്ങിനെ കരുതലോടെ വേണം ഇന്ത്യ കളിക്കാന്‍.
വിരാട് കോലിയുടെ അഭാവം ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മാനസികമായ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ കടന്നാക്രമിച്ച് കളിക്കാന്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കണം. കെ എല്‍ രാഹുല്‍ ആംഗര്‍ റോളില്‍ കളിക്കണം. വിരാട് കോലി കളിച്ചിരുന്ന നാലാം നമ്പറില്‍ രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി കളിപ്പിക്കണം. രാഹുല്‍ ആംഗര്‍ റോളില്‍ കളിക്കുമ്പോള്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ആക്രമിച്ച് കളിക്കണം.
ശുബ്മാന്‍ ഗില്ലിന്റെ സ്വാഭാവിക ശൈലി തുടരുന്നതാണ് നല്ലത്. അമിത പ്രതിരോധത്തിലേക്ക് ശുബ്മാന്‍ ഗില്‍ കടന്നാല്‍ വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യക്ക് ബാസ്‌ബോള്‍ ശൈലിയെ ചെറുക്കാന്‍ അല്‍പ്പം ആക്രമണം കാട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം. മൂന്നാമത്തെ കാര്യം ഇന്ത്യയുടെ തുടക്കമാണ്. നന്നായി തുടങ്ങാനാവാത്ത പക്ഷം ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടാന്‍ സാധ്യത കൂടുതലാണ്. വിരാട് കോലി ഇന്ത്യയുടെ നട്ടെല്ലായി ഒപ്പമില്ല.
അതുകൊണ്ടുതന്നെ രോഹിത് ശര്‍മ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. രോഹിത് ആക്രമണം നടത്തുന്നതോടൊപ്പം വിക്കറ്റ് കാക്കുകയും ചെയ്യണം. കോലിയുടെ അഭാവത്തില്‍ രോഹിത് കഴിയുന്നത്ര ക്രീസില്‍ നില്‍ക്കേണ്ടതാണ്. ഹൈദരാബാദില്‍ സ്പിന്‍ പിച്ചാവുമെന്നുറപ്പ്. ഇന്ത്യക്ക് 400ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇംഗ്ലണ്ട് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.