രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുമ്പ് വലിയ ഇടവേളയുണ്ട്. 15ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 10 ദിവസത്തോളം ഇടവേള ലഭിക്കുന്നുണ്ട്. മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ടീം മിനി ക്യാംപ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ നിലവില്‍ ക്യാംപുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും ഇന്ത്യന്‍ താരങ്ങള്‍ ഇടവേള യാത്രകള്‍ ചെയ്ത് ആഘോഷിക്കാനാണ് സാധ്യത.
എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പരമ്പര കഴിയുന്നതുവരെ ക്രിക്കിനോട് ചേര്‍ന്ന് നിന്നില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടുമെന്നുറപ്പ്. ആദ്യത്തെ മത്സരത്തില്‍ 28 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 106 റണ്‍സിന്റെ ജയത്തോടെ തിരിച്ചുവരാന്‍ ഇന്ത്യക്കായി. എന്നാല്‍ ടീമിന്റെ ആകെ ബാറ്റിങ് പ്രകടനവും ബൗളിങ് പ്രകടനവും പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. അതുകൊണ്ടുതന്നെ ഇടവേള സമയത്ത് ഇന്ത്യയുടെ ചില പ്രധാന താരങ്ങളടക്കം രഞ്ജി ട്രോഫി കളിക്കേണ്ടതായുണ്ട്.

ഇത്തരത്തില്‍ രഞ്ജി ട്രോഫി കളിക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം മുകേഷ് കുമാറാണ്. നിലവില്‍ ഇന്ത്യ മുകേഷിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നത് മണ്ടത്തരമാണ്. ഏകദിന, ടി20 ടീമിലേക്ക് പരീക്ഷിക്കാമെങ്കിലും ടെസ്റ്റ് ടീമില്‍ കളിക്കാനുള്ള പാകമാകാത്ത താരമാണ് മുകേഷ് കുമാര്‍. ഇംഗ്ലണ്ട് താരങ്ങള്‍ അനായാസം മുകേഷിനെ കടന്നാക്രമിക്കുന്നത് കണ്ടതാണ്. ഈ സാഹചര്യത്തില്‍ മുകേഷ് കൂടുതല്‍ ആത്മവിശ്വാസം കാട്ടേണ്ടതായുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടി ഫോം തെളിയിച്ച് മുകേഷിന് തിരിച്ചുവരവ് നടത്താം. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ മുകേഷിന് ദേശീയ ടീമില്‍ അവസരം നല്‍കാനാവില്ല. മികവ് കാട്ടുന്ന നിരവധി യുവബൗളര്‍മാരോടുള്ള നീതികേടാണിത്. അതുകൊണ്ടുതന്നെ ഇന്ത്യ മുകേഷിനെ രഞ്ജി ട്രോഫി കളിക്കാന്‍ അനുവദിക്കേണ്ടതാണ്. രണ്ടാമത്തെ താരം ശ്രേയസ് അയ്യരാണ്. ഇന്ത്യയുടെ മധ്യനിരയിലെ പ്രധാന താരങ്ങളിലൊരാളാണ് ശ്രേയസ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് ശ്രേയസ് കൂടുതല്‍ പുറത്താവുന്നത്. ക്ഷമ കാട്ടാന്‍ താരത്തിനാവുന്നില്ല. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം തുടരുന്ന താരത്തിന് മികച്ച സ്പിന്നര്‍മാര്‍ക്കെതിരേയും കാലിടറുന്നു. ഈ സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ കൂടുതല്‍ പരിശീലനം നടത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഈ ഇടവേള സമയത്ത് ശ്രേയസ് രഞ്ജി ട്രോഫി കളിക്കുന്നതാണ് നല്ലത്. രഞ്ജി ട്രോഫിയില്‍ വലിയ പ്രകടനം നടത്തി ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശ്രേയസിന് സാധിക്കണം.
ഇന്ത്യ അത്ര പെട്ടെന്ന് തഴയാനാഗ്രഹിക്കാത്ത താരമാണ് ശ്രേയസ്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫി കളിച്ച് ഫോം നിലനിര്‍ത്തുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. അല്ലാത്ത പക്ഷം ഇടവേളക്ക് ശേഷം കളിക്കാനിറങ്ങുമ്പോള്‍ ശ്രേയസ് കൂടുതല്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാനാണ് സാധ്യത കൂടുതല്‍. രണ്ടാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സിനെ റണ്ണൗട്ടാക്കി ശ്രേയസ് കൈയടി നേടിയിരുന്നു.
വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്താണ് മറ്റൊരാള്‍. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരം ഭരത്താണ്. വിക്കറ്റ് കീപ്പറായി ലഭിച്ച അവസരങ്ങളൊന്നും അദ്ദേഹത്തിന് മുതലാക്കാനാവുന്നില്ല. നിരവധി ക്യാച്ചവസരങ്ങള്‍ പാഴാക്കുന്ന താരം ബാറ്റ്‌സ്മാനെന്ന നിലയിലും ഫ്‌ളോപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഭരത്തിനെ ടീമില്‍ നിന്ന് തഴയാന്‍ തയ്യാറെടുക്കുകയാണ്. അതിന് മുമ്പായി രഞ്ജി ട്രോഫിയില്‍ കളിപ്പിച്ച് ഫോം തെളിയിച്ച് മടങ്ങിയെത്താന്‍ ഭരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായിരിക്കും. ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ ജയത്തില്‍ ബുംറയുടെ പങ്ക് വളരെ വലുതായിരുന്നു.