മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ പരമ്പര ആരംഭിക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയാണ് ആദ്യം നടക്കുന്നത്. പിന്നീട് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും. ഓസ്‌ട്രേലിയക്കെതിരേ നാണംകെട്ട ഇന്ത്യക്ക് ഇതിന്റെ ക്ഷീണം മാറ്റാന്‍ ഇംഗ്ലണ്ട് പരമ്പര തൂത്തുവാരേണ്ടതായുണ്ട്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടി20 ടീമുമായി കളത്തിലിറങ്ങാനാണ് സാധ്യത.
പല സൂപ്പര്‍ താരങ്ങള്‍ക്കും ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളില്‍ ടീമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും മിന്നും പ്രകടനം നടത്തി ഞെട്ടിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. ഇതേ മികവ് ഇത്തവണയും നടത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജുവിനെ സംബന്ധിച്ച് ചില വമ്പന്‍ റെക്കോഡുകള്‍ നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരം മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
കൂടുതല്‍ ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം
അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡ് സഞ്ജു സാംസണിന് സ്വന്തം പേരിലാക്കി. അഞ്ച് സെഞ്ച്വറി നേടിയ രോഹിത് ശര്‍മ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ നാല് സെഞ്ച്വറിയോടെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തുണ്ട്. സഞ്ജുവിന്റെ പേരില്‍ മൂന്ന് സെഞ്ച്വറികളാണുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറി നേടിയ സഞ്ജുവിന് ഇതേ മികവ് ഇംഗ്ലണ്ടിനെതിരേയും ആവര്‍ത്തിക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സഞ്ജുവിന് രണ്ട് സെഞ്ച്വറി കൂടി നേടാനായാല്‍ കൂടുതല്‍ ടി20 സെഞ്ച്വറിയുള്ള ഇന്ത്യക്കാരനെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ സാധിക്കും. സഞ്ജുവിന്റെ സമീപകാലത്തെ ഫോം വിലയിരുത്തുമ്പോള്‍ ഈ റെക്കോഡ് നേടിയെടുക്കുക അദ്ദേഹത്തിന് പ്രയാസമായിരിക്കില്ല. എന്തായാലും സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.

ഒരോവറില്‍ ആറ് സിക്‌സര്‍ നേടുന്ന താരം
ബംഗ്ലാദേശിനെതിരേ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പായിച്ച സഞ്ജുവിന് നേരിയ വ്യത്യാസത്തിലാണ് ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്താന്‍ സാധിക്കാതെ പോയത്. യുവരാജ് സിങ്ങിന് ശേഷം അന്താരാഷ്ട്ര ടി20യില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാന്‍ ഇംഗ്ലണ്ട് ടി20 പരമ്പരയിലൂടെ സഞ്ജു സാംസണിന് സാധിക്കുമോയെന്നത് കണ്ടറിയാം. ഫോമിലാണെങ്കില്‍ അനായാസം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍.
സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. കൂടുതലും സ്പിന്നര്‍മാര്‍ക്കെതിരേയാണ് സഞ്ജു കൂടുതല്‍ മികവ് കാട്ടുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ സഞ്ജുവിന് ഈ റെക്കോഡ് നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. നേടിയെടുക്കാനാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
സിക്‌സറില്‍ ഫിഫ്റ്റിയടിക്കാം
സഞ്ജു സാംസണിന് ടി20യിലെ സിക്‌സറുകളുടെ എണ്ണത്തില്‍ ഫിഫ്റ്റി ക്ലബ്ബിലെത്താനുള്ള അവസരവും മുന്നിലുണ്ട്. ടി20യില്‍ 46 സിക്‌സുകളാണ് അദ്ദേഹം ഇതുവരെ പറത്തിയത്. നാല് സിക്‌സര്‍ അകലെ ടി20യിലെ 50 സിക്‌സര്‍ ക്ലബ്ബിലേക്കെത്താന്‍ സഞ്ജു സാംസണിന് സാധിച്ചേക്കും. അനായാസം സഞ്ജു ഈ എലെറ്റ് ക്ലബ്ബിലേക്കെത്തിയേക്കും. വിരമിക്കുമ്പോഴേക്കും സഞ്ജു സാംസണ്‍ 100ന് മുകളില്‍ സിക്‌സറുകള്‍ ടി20യില്‍ പറത്തുമെന്ന കാര്യം ഉറപ്പാണ്.
സഞ്ജുവിന്റെ ഓപ്പണിങ്ങിലെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. യശ്വസി ജയ്‌സ്വാള്‍ പരമ്പരക്കുണ്ടാവില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സഞ്ജുവിന് മുകളിലാവും കൂടുതല്‍ പ്രതീക്ഷ. മിന്നിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഓപ്പണര്‍ സ്ഥാനമടക്കം പോയേക്കും. സഞ്ജുവിന് ഇതുവരെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരവും നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പരമ്പരയിലൂടെ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള അവസരവും മുന്നിലുണ്ട്.