വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 336 റണ്‍സെന്ന നിലയിലാണ്. യശ്വസി ജയ്‌സ്വാളും (179*) ആര്‍ അശ്വിനുമാണ് (5*) ക്രീസില്‍. 15 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ ക്രീസില്‍ തുടരുന്നത്. രണ്ടാം ദിനവും താരത്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേതില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധിച്ച് കളിക്കാനാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശ്രമിച്ചത്. ഒന്നാം വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നായകന്‍ രോഹിത് ശര്‍മ പുറത്തായി.
41 പന്തില്‍ 14 റണ്‍സാണ് രോഹിത്തിന് നേടാനായത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ലെഗ് സ്ലിപ്പില്‍ ഒലി പോപ്പിന്റെ ക്യാച്ചിലാണ് രോഹിത് പുറത്തായത്. ഇന്ത്യയുടെ സീനിയര്‍ താരമെന്ന നിലയിലും നായകനെന്ന നിലയിലും രോഹിത് പ്രതീക്ഷിച്ച മികവ് കാട്ടിയിട്ടില്ല.
അവസാന ഏഴ് ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും രോഹിത് നേടിയിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. മൂന്നാമനായി എത്തിയ ശുബ്മാന്‍ ഗില്‍ ജയ്‌സ്വാളിന് മികച്ച പിന്തുണ നല്‍കി പ്രതീക്ഷ നല്‍കി. 46 പന്ത് നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ 34 റണ്‍സ് നേടിയ ശുബ്മാന്‍ ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സനാണ് പുറത്താക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ ഗില്ലിന് സാധിച്ചില്ല.
ഓഫ് സ്റ്റംപിലും ഫോര്‍ത്ത് സ്റ്റംപ് ലൈനിലും ആന്‍ഡേഴ്‌സന്‍ തുടര്‍ച്ചയായി പന്തെറിഞ്ഞപ്പോള്‍ എഡ്ജായി വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. മൂന്നാം നമ്പറില്‍ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. നാലാം നമ്പറില്‍ വിരാട് കോലിയുടേയും കെ എല്‍ രാഹുലിന്റേയും അഭാവത്തില്‍ ശ്രേയസ് അയ്യര്‍ക്കാണ് അവസരം ലഭിച്ചത്. 59 പന്ത് നേരിട്ട് 3 ഫോറുള്‍പ്പെടെ 27 റണ്‍സാണ് ശ്രേയസിന് നേടാനായത്.
ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ ഫോക്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ശ്രേയസ് അയ്യരുടെ മടക്കം. മധ്യനിരയില്‍ ശ്രേയസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നതാണ് വസ്തുത. ഒരുവശത്ത് പിടിച്ചുനിന്ന യശ്വസി ജയ്‌സ്വാള്‍ സെഞ്ച്വറി നേടി. 22കാരനായ ജയ്‌സ്വാള്‍ 151 പന്തുകള്‍ നേരിട്ട് 11 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സെഞ്ച്വറിയിലേക്കെത്തിയത്. 94ല്‍ നില്‍ക്കവെ സിക്‌സര്‍ പറത്തിയാണ് ജയ്‌സ്വാളിന്റെ സെഞ്ച്വറിയെന്നതാണ് എടുത്തു പറയേണ്ടത്.

22 വയസിനുള്ളില്‍ ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും രവി ശാസ്ത്രിക്കുമൊപ്പമെത്താനും ജയ്‌സ്വാളിനായി. അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ രജത് പാട്ടീധാര്‍ തുടക്കം മോശമാക്കിയില്ല. 72 പന്ത് നേരിട്ട് 3 ബൗണ്ടറി ഉള്‍പ്പെടെ 32 റണ്‍സ് നേടിയാണ് രജത് പുറത്തായത്. റഹാന്‍ അഹമ്മദിനെ പ്രതിരോധിച്ച താരത്തിന് പിഴച്ചു. പന്ത് തടുത്തിട്ടെങ്കിലും പിന്നിലൂടെ ഉരുണ്ട് സ്റ്റംപില്‍ തട്ടുകയായിരുന്നു. ഇതോടെ ക്ലീന്‍ബൗള്‍ഡായി രജത് പുറത്തായി.
അക്ഷര്‍ പട്ടേല്‍ 51 പന്ത് നേരിട്ട് 27 റണ്‍സ് നേടി നില്‍ക്കവെ ഷൊയ്ബിന് വിക്കറ്റ് നല്‍കി മടങ്ങി. നാല് ബൗണ്ടറിയടക്കം നേടിയ താരം ആദ്യ ദിനം അവസാനിക്കാന്‍ 10 ഓവറില്‍ താഴെ മാത്രം ശേഷിക്കെയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
കെ എസ് ഭരത് 23 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 17 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും മോശം ഷോട്ട് കളിച്ച് അനായാസ ക്യാച്ച് നല്‍കി മടങ്ങി. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീറും റഹാന്‍ അഹമ്മദും 2 വിക്കറ്റ് പങ്കിട്ടപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സനും ടോം ഹാര്‍ട്ട്‌ലിയും ഓരോ വിക്കറ്റും വീഴ്ത്തി.
പ്ലേയിങ് 11:ഇന്ത്യ-രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, രജത് പാട്ടീധാര്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (c), ബെന്‍ ഫോക്‌സ്, റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.