Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജയ്‌സ്വാളിന് ഡബിള്‍, ആറാടി ബുംറ- ഇംഗ്ലണ്ടിനെതിരേ പിടിമുറുക്കി ഇന്ത്യ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 28 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 171 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മയും (13) യശ്വസി ജയ്‌സ്വാളുമാണ് (15) ക്രീസില്‍. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 396ന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 253ല്‍ ഒതുങ്ങി. ഇന്ത്യക്കായി ജയ്‌സ്വാള്‍ (209) ഇരട്ട സെഞ്ച്വറി നേടി. ജസ്പ്രീത് ബുംറ ആറ് വിക്കറ്റുമായി തിളങ്ങി.

ആറ് വിക്കറ്റിന് 336 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് പ്രതീക്ഷിച്ച റണ്‍സ് കൂട്ടിച്ചേര്‍ക്കാനായില്ല. 396 റണ്‍സില്‍ ഇന്ത്യക്ക് കൂടാരം കയറേണ്ടി വന്നു. പ്രതീക്ഷ നല്‍കി ക്രീസില്‍ തുടര്‍ന്ന ആര്‍ അശ്വിനാണ് (20) ആദ്യം പുറത്തായത്. 37 പന്ത് നേരിട്ട് 4 ഫോറുള്‍പ്പെടെ മികച്ച നിലയില്‍ കളിച്ച അശ്വിന്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കുകയായിരുന്നു. ജസ്പ്രീത് ബുംറ 6 റണ്‍സുമായി മടങ്ങി.

ഇതോടെ വലിയ ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിതനായ യശ്വസി ജയ്‌സ്വാള്‍ ആന്‍ഡേഴ്‌സന് വിക്കറ്റ് നല്‍കി മടങ്ങി. 290 പന്ത് നേരിട്ട് 19 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 209 റണ്‍സുമായി ഇന്ത്യയെ മികച്ച നിലയിലേക്കെത്തിച്ച ശേഷമാണ് ജയ്‌സ്വാള്‍ മടങ്ങിയത്.

ഇതോടെ ഇന്ത്യയുടെ 400 എന്ന പ്രതീക്ഷയും അവസാനിച്ചു. മുകേഷ് കുമാറിനെ (0) അക്കൗണ്ട് തുറക്കും മുമ്പ് ഷെയ്ക് ബഷീര്‍ പുറത്താക്കിയതോടെ 396ല്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. കുല്‍ദീപ് യാദവ് (8*) പുറത്താവാതെ നിന്നു.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ മറ്റെല്ലാവരും നിരാശപ്പെടുത്തി. 34 റണ്‍സ് നേടിയ ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 27 റണ്‍സിലും മടങ്ങി.

അരങ്ങേറ്റ താരം രജത് പാട്ടീധാര്‍ 32 റണ്‍സില്‍ പുറത്തായപ്പോള്‍ അക്ഷര്‍ പട്ടേല്‍ 27 റണ്‍സാണ് നേടിയത്. കെ എസ് ഭരത് 17 റണ്‍സും സ്വന്തമാക്കി. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ യശ്വസി ജയ്‌സ്വാള്‍ ഒഴികെ മറ്റാരും മികവ് കാട്ടിയില്ലെന്നതാണ് വസ്തുത.

ഇന്ത്യയുടെ മറ്റെല്ലാം ബാറ്റ്‌സ്മാന്‍മാരും എക്‌സ്ട്രാസും കൂട്ടിയിട്ടും ജയ്‌സ്വാള്‍ ഒറ്റക്ക് നേടിയ സ്‌കോറിന്റെ ഒപ്പമെത്തിയില്ല എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 450ന് മുകളിലേക്ക് അനായാസം സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പിച്ചായിട്ടും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കത് സാധിച്ചില്ല. ഇന്ത്യ പ്രതിരോധത്തിലേക്ക് ഒതുങ്ങിയതാണ് തിരിച്ചടിയായത്. രണ്ട് ദിവസം പൂര്‍ണ്ണമായും ബാറ്റുചെയ്യാനുള്ള ഇന്ത്യയുടെ ശ്രമമാണ് പാളിയതെന്ന് പറയാം.

Yashasvi Jaiswal

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സനും ഷൊയ്ബ് ബഷീറും റഹാന്‍ അഹമ്മദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടോം ഹാര്‍ട്ട്‌ലി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു.

ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ബെന്‍ ഡക്കറ്റ് പുറത്തായി. 17 പന്തില്‍ 21 റണ്‍സെടുത്ത ഡക്കറ്റിനെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്. ഒരുവശത്ത് സാക്ക് ക്രോളി അതിവേഗം റണ്‍സുയര്‍ത്തി.

78 പന്തില്‍ 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 76 റണ്‍സ് നേടിയ ക്രോളിയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. സിക്‌സറിന് ശ്രമിച്ച ക്രോളിക്ക് പാളിയപ്പോള്‍ ശ്രേയസ് അയ്യരുടെ ഗംഭീര ക്യാച്ചില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ അന്തകനായി മാറി ഒലി പോപ്പിനെ (23) ജസ്പ്രീത് ബുംറ തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ക്ലീന്‍ബൗള്‍ഡാക്കി. ജോണി ബെയര്‍സ്‌റ്റോ-ബെന്‍ സ്‌റ്റോക്‌സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ഇന്ത്യയുടെ രക്ഷകനായി ബുംറയെത്തി.

25 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെ ബുംറ സ്ലിപ്പില്‍ ശുബ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് വലിയ ആയുസ് ഉണ്ടായില്ല. 6 റണ്‍സെടുത്ത താരം കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. റഹാന്‍ അഹമ്മദ് (6) കുല്‍ദീപിന്റെ പന്തില്‍ ശുബ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ (47) ക്ലീന്‍ബൗള്‍ഡ് ചെയ്തു.

ടോം ഹാര്‍ട്ട്‌ലിയെ (21) സ്ലിപ്പില്‍ ശുബ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ച് ബുംറ അഞ്ച് വിക്കറ്റും പൂര്‍ത്തിയാക്കി. അവസാനക്കാരനായ ആന്‍ഡേഴ്‌സനെ (6) ബുംറ എല്‍ബിയില്‍ കുടുക്കി. ഇതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിച്ചു. ഷൊയ്ബ് ബഷീര്‍ (8) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറും കുല്‍ദീപ് യാദവും മൂന്നും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

143 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ വിക്കറ്റ് പോവാതെ 28 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 171 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്.

പ്ലേയിങ് 11:ഇന്ത്യ-രോഹിത് ശര്‍മ, യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, രജത് പാട്ടീധാര്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്സന്‍.

Story first published: Saturday, February 3, 2024, 6:30 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+