കട്ടക്ക്: ഇടിവെട്ട് സെഞ്ച്വറിയോടെ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് രോഹിത് ശര്‍മ കത്തിക്കയറിയപ്പോള്‍ ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു നാലു വിക്കറ്റിന്റെ ഗംഭീര വിജയം. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന ഹിറ്റ്മാന്റെ ഗംഭീര തിരിച്ചുവരവ് ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ പ്രതീക്ഷകളും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ കളിയില്‍ നേടിയ വിക്കറ്റിന്റെ ജയത്തോടെ ഏകദിന പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡും ഇന്ത്യ കൈക്കലാക്കി. അവസാന മല്‍സരം ബുധനാഴ്ച അഹമ്മദാബാദില്‍ നടക്കും.
305 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. രോഹിത്തിന്റെ (119) സെഞ്ച്വറിക്കൊപ്പം ശുഭ്മന്‍ ഗില്ലിന്റെ (60) ഫിഫ്റ്റിയും ശ്രേയസ് അയ്യര്‍ (44), അക്ഷര്‍ പട്ടേല്‍ (41*) എന്നിവരുടെ ഇന്നിങ്‌സും ഇന്ത്യയെ നാലു വിക്കറ്റുകള്‍ ശേഷിക്കെ 44.3 ഓവറില്‍ തന്നെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരനേട്ടം ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുമെന്നുമുറപ്പാണ്.

ബാറ്റിങ് കരുത്ത്
ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ടിനെ രണ്ടാമങ്കത്തില്‍ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. 305 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നതിനാല്‍ മികച്ചൊരു തുടക്കം കളിയില്‍ ഇന്ത്യക്കു ആവശ്യമായിരുന്നു. രോഹിത് ശര്‍മ- ശുഭ്മന്‍ ഗില്‍ ജോടി ടീമിനു ആഗ്രഹിച്ചതു തന്നെ നല്‍കുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ 136 റണ്‍സാണ് രോഹിത്- ഗില്‍ ജോടി വാരിക്കൂട്ടിയത്. വെറും 16.4 ഓവറുകളില്‍ നിന്നായിരുന്നു ഇത്.
ഇത്രയും മികച്ച തുടക്കം ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയം ഉറപ്പായിരുന്നു. ഗില്‍ മടങ്ങിയെങ്കിലും രോഹിത് തന്റെ വെടിക്കെട്ട് തുടര്‍ന്നു. 52 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടക്കം 60 റണ്‍സെടുത്ത ഗില്ലിനെ ജാമി ഒവേര്‍ട്ടന്‍ ബൗള്‍ഡാക്കുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 96ല്‍ നില്‍ക്കെ സെഞ്ച്വറി പറത്തിയാണ് അദ്ദേഹം 32ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
119 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാന്‍ തന്റെ വിക്കറ്റ് കൈവിട്ടത്. 90 ബോളുകളില്‍ നിന്നായിരുന്നു ഇത്. 12 ഫോറും ഏഴു സിക്‌സറും ഇതിലുള്‍പ്പെടുന്നു. ടീമിലേക്കു മടങ്ങിയെത്തിയ വിരാട് കോലി (5) ഫ്‌ളോപ്പായെങ്കിലും ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ്
തുടരെ രണ്ടാമത്തെ കളിയിലും ടോസിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെ 304 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ ഇംഗ്ലണ്ട്് പടുത്തുയര്‍ത്തുകയും ചെയ്തു. ജോ റൂട്ട് (69), ബെന്‍ ഡക്കെറ്റ് (65) എന്നിവരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ഇംഗ്ലണ്ടിനെ 300 കടക്കാന്‍ സഹായിച്ചത്. 72 ബോളുകള്‍ നേരിട്ട റൂട്ട് ആറു ഫോറുകളടിച്ചപ്പോള്‍ ഡക്കെറ്റ് 56 ബോളില്‍ 10 ഫോറുകളും നേടി.
ലിയാം ലിവിങ്‌സ്റ്റ്ണ്‍ (41), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (34), ഹാരി ബ്രൂക്ക് (31), ഫില്‍ സാള്‍ട്ട് (26) എന്നിവരും ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ മികച്ച സംഭാവനകള്‍ നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ സാള്‍ട്ട്- ഡക്കെറ്റ് ജോടി 81 റണ്‍സ് അടിച്ചെടുത്തിരുന്നു.

20 റണ്‍സിന്റെ വ്യത്യാസത്തില്‍ രണ്ടു ഓപ്പണര്‍മാരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ റൂട്ട്- ബ്രൂക്ക് ജോടി ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് പിടിമുറുക്കുകയും ചെയ്തു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത് രവീന്ദ്ര ജഡേജയാണ്. മൂന്നു വിക്കറ്റകളുകള്‍ അദ്ദേഹം സ്വന്തമാക്കി.
കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോലി പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തിയപ്പോള്‍ സ്ഥാനം നഷ്ടമായത് യശസ്വി ജയ്‌സ്വാളിനാണ്. കുല്‍ദീപ് യാദവിനു വിശ്രമം നല്‍കിയ ഇന്ത്യ പകരം വരുണ്‍ ചക്രവര്‍ത്തിയെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരികയും ചെയ്തു.
വരുണിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. മറുഭാഗത്തു ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിരുന്നു. മാര്‍ക്ക് വുഡ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടന്‍ എന്നിവരാണ് ഇലവനില്‍ ഇടം നേടിയത്.
പ്ലെയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി.
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജാമി ഒവേര്‍ട്ടന്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, സാക്വിബ് മഹമ്മൂദ്, മാര്‍ക്ക് വുഡ്.