ലീഡ്‌സ് (ഹെഡിങ്‌ലേ): ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ഈ മാസം 20 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ തുടക്കമാവുകയാണ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിൡ (2025-27) ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യത്തെ റെഡ് ബോള്‍ പരമ്പരയാണിത്. കൂടാതെ പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ടീം ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ദൈര്‍ഘ്യമേറിയ ഈ പര്യടനത്തില്‍ വിജയത്തോടെ തന്നെ തുടങ്ങാനായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം. നിലവില്‍ മുന്‍തൂക്കം ആതിഥേയരായ ഇംഗ്ലണ്ടിനു തന്നെയാണെങ്കിലും ഗില്ലിനു കീഴില്‍ ശക്തമായ പോരാട്ടത്തിനു തന്നെയാണ് ടീം ഇന്ത്യയും കച്ചമുറുക്കുന്നത്. ഹെഡിങ്‌ലേയില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നു നോക്കാം.

കണക്കുകളില്‍ ആര്?
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 1952 മുതല്‍ 2021 വരെ ഹെഡിങ്‌ലേയില്‍ മുഖാമുഖം വന്നിട്ടുള്ള കണക്കുകളെടുത്താല്‍ ഇംഗ്ലണ്ടിനു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഏഴു ടെസ്റ്റുകളിലാണ് ഈ വേദിയില്‍ രണ്ടു ടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇതില്‍ നാലിലും വിജയം കൊയ്തത് ഇംഗ്ലണ്ടാണ്. രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ ഒന്നു സമനിലയിലും കലാശിക്കുകയായിരുന്നു.
ഈ വേദിയില്‍ ആദ്യമായി കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യ തോറ്റുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. 1952, 1959, 1967 വര്‍ഷങ്ങളിലായിരുന്നു ഇത്. 1979 ലെ ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ അതിനു ശേഷമുള്ള രണ്ടു ടെസ്‌റുകളിലും (1986, 2002) ഇന്ത്യ വെന്നിക്കൊടി പാറിച്ചു. പക്ഷെ 2021ലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്കു പരാജയം നേരിട്ടു. വിരാട് കോലിയാണ് അന്നു ടീമിനെ നയിച്ചത്.
ഇന്ത്യയുടെ കന്നി വിജയം
ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ടീം ആദ്യമായി കൊമ്പുകുത്തിച്ചത് 1986ല്‍ മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ദേവിനു കീഴിലാണ്. അന്നു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം ഒന്നാമിന്നിങ്‌സില്‍ 272 റണ്‍സ് സ്‌കോര്‍ ചെയ്തു. 61 റണ്‍സെടുത്ത ദിലീപ് വെങ്‌സാര്‍ക്കറാണ് ടീമിന്റെ അമരക്കാരനായത്. മറുപിടിയില്‍ റോജര്‍ ബിന്നി ഫൈഫറുമായി കസറിയപ്പോള്‍ ഇംഗ്ലണ്ടിനെ വെറും 102 റണ്‍സിനു ഇന്ത്യ എറിഞ്ഞിട്ടു.

രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയോടെ വെങ്‌സാര്‍ക്കര്‍ വീണ്ടും മിന്നിച്ചതോടെ ഇന്ത്യ 237 റണ്‍സ് കണ്ടെത്തി. 407 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ 128 റണ്‍സിനു അവരെ എറിഞ്ഞൊതുക്കി കപിലും കൂട്ടരും വമ്പന്‍ ജയം കൊയ്യുകയായിരുന്നു.
ദാദാഗിരി
16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 2002ല്‍ ഇന്ത്യന്‍ ടീം ഹെഡിങ്‌ലേയില്‍ രണ്ടാം ടെസ്റ്റ് വിജയം കൊയ്തത്. ഇന്നിങ്‌സിനും 46 റണ്‍സിനും ഇംഗ്ലണ്ടിനെ ദാദയും പിള്ളേരും വാരിക്കളയുകയായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (193), രാഹുല്‍ ദ്രാവിഡ് (148), ഗാംഗുലി (128) എന്നിവരുടെ സെഞ്ച്വറികളിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റിനു 628 റണ്‍സെന്ന കൂറ്റന്‍ ടോട്ടലുമായി ഡിക്ലയര്‍ ചെയ്തു. മറുപടിയില്‍ 273, 309 എന്നിങ്ങനെ സ്‌കോറുകള്‍ക്കു ഇംഗ്ലണ്ട് ഓള്‍ഔട്ടായതോടെ ഇന്ത്യന്‍ ടീം ഇന്നിങ്‌സ് വിജയവും കൊയ്യുകയായിരുന്നു.