ലീഡ്‌സ്: ടി20 ക്രിക്കറ്റിന്റെ ഹാങോവറില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും റെഡ് ബോള്‍ ചാലഞ്ചിലേക്കു കടക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ കടുപ്പമേറിയ പരമ്പരയ്ക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. അടുത്ത വെള്ളിയാഴ്ച (ജൂണ്‍ 20) മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് ഒന്നാം ടെസ്റ്റിനു തുടക്കമാവുന്നത്.
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അപ്രതീക്ഷിത വിരമിക്കലുകള്‍ക്കു ശേഷം പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഇന്ത്യ അങ്കത്തിനിറങ്ങുക. രോക്കോയുടെ അസാന്നിധ്യത്തില്‍ ശക്തമായ ഇംഗ്ലീഷ് ടീമിനെതിരേ ഇന്ത്യക്കു സാധ്യത കുറവാണെന്നു തന്നെയാണ് ക്രിക്കറ്റ് പ്രേമികളുടെ വിലയിരുത്തല്‍. പരമ്പര ആരാവും നേടുമെന്നതിനെക്കുറിച്ച് എഐയുടെ (നിര്‍മിത ബുദ്ധി) പ്രവചനം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

പ്രവചനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
പ്രധാനമായും നാലു കാര്യങ്ങളാണ് പ്രവചനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായി എഐ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ആദ്യത്തേത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളാണ്. ദീര്‍ഘകാലം ടീമിന്റെ നെടുതൂണുകളായിരുന്ന രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വിരമിക്കലുകള്‍ക്കു ശേഷം പുതിയൊരു യുഗം തന്നെയാണ് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്നത്.
യുവതാരം ശുഭ്മന്‍ ഗില്‍ കരിയറിലാദ്യമായി ഒരു ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഒപ്പമുള്ളവരില്‍ പലരും അനുഭവസമ്പത്ത് കുറഞ്ഞവരുമാണ്. ഗില്ലിനൊപ്പം യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ബാറ്റിങിലെ പുത്തന്‍ പ്രതീക്ഷകാണെങ്കില്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ അനുഭവസമ്പത്തും ടീമിനു ഗുണം ചെയ്യും.
പ്രവചനത്തെ സ്വാധീനിക്കുന്ന രണ്ടാമത്തെ ഘടകം ഇംഗ്ലണ്ട് ടീമിന്റെ സമീപനമായിരിക്കും. ബെ്ന്‍ സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍സിയില്‍, ബ്രെന്‍ഡന്‍ മക്കെല്ലത്തിന്റെ ശിക്ഷണത്തില്‍ ഇംഗ്ലണ്ട് തങ്ങളുടെ ട്രേഡ്മാര്‍ക്കായ ബാസ്‌ബോള്‍ ശൈലിയില്‍ തന്നെ ആക്രമണോത്സുക ക്രിക്കറ്റായിരിക്കും കാഴ്ചവയ്ക്കുക. ക്രിസ് വോക്‌സ്, സാം കുക്ക്, ബ്രൈഡന്‍ കാര്‍സ്, ജാമി ഒവേര്‍ട്ടന്‍, ജോഷ് ടങ്ക്, ഷുഐബ് ബഷീര്‍ എന്നിവകരടങ്ങുന്ന അവരുടെ ബൗളിങ് ലൈനപ്പിനും വൈവിധധ്യമുണ്ടെന്നു കാണാം.
വിജയികളെ നിശ്ചയിക്കുന്നതിലെ മൂന്നാമത്തെ ഘടകം സാഹര്യങ്ങളായിരിക്കും. വേനല്‍ക്കാലത്തിന്റെ തുടക്കമായതിനാല്‍ ഇംഗ്ലണ്ടിലെ പിച്ചുകള്‍ പരമ്പരാഗതമായി സീം ബൗളിങിനെ തുണയ്ക്കാാറുണ്ട്. കൂടാതെ ബൗളര്‍മാര്‍ക്കു നന്നായി സ്വിങ് ചെയ്യിക്കാനും സാധിക്കും.
ഇതു അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ക്കു വലിയ വെല്ലുവിളി തന്നെ ആയിരിക്കും. എന്നാല്‍ മറുഭാഗത്തു ജസ്പ്രീത് ബുംറയടങ്ങുന്ന ഇന്ത്യന്‍ പേസ് നിരയ്ക്കും സാഹചര്യങ്ങള്‍ നന്നായി മുതലെടുത്ത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയും.
പ്രവചനത്തെ സാധീനിക്കുന്ന നാലാമത്തെ ഘടകം പരിചയസമ്പത്ത് തന്നെയാവും. മുന്‍ ഇംഗ്ലണ്ട് പര്യടനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനു അനുഭവസമ്പത്ത് തീരെ കുറവാണെന്നു തന്നെ കാണാം.
എങ്കിലും കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കു ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പരിചിതമാണ്. അവര്‍ ഇവിടെ നേരത്തേ നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. ഇതു ടീമിനെ സഹായിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. മറുഭാഗത്ത് ഇംഗ്ലണ്ട് നിരയില്‍ അനുഭവസമ്പത്തുള്ള കൂടുതല്‍ താരങ്ങളുണ്ട്. നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും അവര്‍ക്കുണ്ട്.

ആരു വിജയിക്കും?
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് ടീം 3-2ന്റെ ആവേശകരമായ വിജയം കൊയ്യുമെന്നാണ് പ്രധാന എഐ ടൂളുകളിലൊന്നായ ഗ്രോക്കിന്റെ (Grok) പ്രവചനം. പരമ്പരയിലെ ഒരു മല്‍സരത്തില്‍ കാലാവസ്ഥ വില്ലനായി മാറിയേക്കും.
സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയാല്‍ ലോര്‍ഡ്‌സിലെയോ, ഓവലിലെയോ ടെസ്റ്റുകളില്‍ വിജയം കൊയ്യാനും ഇന്ത്യക്കു കഴിഞ്ഞേക്കും. പക്ഷെ ഇംഗ്ലണ്ട് ടീമിന്റെ സ്ഥിരതയായിരിക്കും ഹെഡിങ്‌ലേയിലെയിലും എഡ്ബാസ്റ്റണിലും നടക്കാനിരിക്കുന്ന ടെസ്റ്റുകളില്‍ നിര്‍ണായകമായി മാറുകയെന്നും എഐ പ്രവചിക്കുന്നു.