ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി അവസാന വട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. അടുത്ത വെള്ളിയാഴ്ച മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് ആദ്യ അങ്കം നടക്കാനിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ പോസിറ്റീവായ ഒരു തുടക്കം തന്നെ ഇംഗ്ലീഷ് മണ്ണില്‍ ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ.
അതിനിടെ ആദ്യ ടെസ്റ്റിലെ പ്ലെയിങ് ഇലവനുമായി ബന്ധപ്പെട്ട് ഗില്ലും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും തമ്മില്‍ തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടീമിലെ ഒരു താരത്തിന്റെ കാര്യത്തിലാണ് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നത. ഗില്ലിനു താല്‍പ്പര്യം ഐപിഎല്ലിലെ തന്റേ ഫേവറിറ്റ് ബാറ്റിങ് പങ്കാളിയോടാണെങ്കില്‍ ഗംഭീറിനു താല്‍പ്പര്യം മറ്റൊരാളോടാണ്. ഇതാണ് തര്‍ക്കത്തിനു വഴിയൊരുക്കിയത്.

മൂന്നാം നമ്പറില്‍ ആര്?
ലീഡ്സിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ആരെ കൡപ്പിക്കുമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്. കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളുമായിരിക്കും ഓപ്പണിങ് ജോടികളെന്ന കാര്യം ഉറപ്പിച്ചു കഴിഞ്ഞു. നേരത്തേ മൂന്നാം നമ്പറില്‍ കളിച്ചിരുന്നത് ഇപ്പോഴത്തെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്.
എന്നാല്‍ ഇതിഹാസ താരമായ വിരാട് കോലിയുടെ വിരമിക്കലോടെ അദ്ദേഹം ഒഴിച്ചിട്ട നാലാം നമ്പര്‍ ഏറ്റെടുക്കാനാണ് ഗില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെയാണ് മൂന്നാമനായി പുതിയൊരാളെ തിരയേണ്ടി വന്നിട്ടുള്ളത്. നിലവിലെ സ്‌ക്വാഡില്‍ ഈ സ്ഥാനത്തിനു വേണ്ടി പ്രധാനമായും പോരടിക്കുന്നത് തകര്‍പ്പന്‍ ഫോമിലുള്ള സായ് സുദര്‍ശനും മറ്റൊരു പുതുമുഖമായ അഭിമന്യു ഈശ്വരനുമാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് നേടിയിട്ടുള്ള വെറ്ററന്‍ ബാറ്ററാണ് അഭിമന്യു. അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സുമായി സമാപിച്ച രണ്ടു ടെസ്റ്റുകളുടെ അനൗദ്യോഗിക ടെസ്റ്റ്് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചതും അദ്ദേഹമാണ്. നേരത്തേയും പല ടെസ്റ്റ് പരമ്പരകളിലും ബാക്കപ്പായി അഭിമന്യു ഇടം പിടിച്ചിരുന്നെങ്കിലും അരങ്ങേറാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല. ഇത്തവണ ഇംഗ്ലണ്ടിനെതിരേയെങ്കിലും തന്റെ സമയം തെളിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 103 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് അഭിമന്യുവിനുണ്ട്. 48.07 ശരാശരിയില്‍ 7841 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. 27 സെഞ്ച്വറികളും 31 ഫിഫ്റ്റിയുമാണിത്. സമാപിച്ച ഇംഗ്ലണ്ട് ലണ്‍സുമായുള്ള പരമ്പരയില്‍ നാലിന്നിങ്‌സുകളിലായി 41.75 ശരാശരിയില്‍ 167 റണ്‍സും അഭിമന്യു നേടി. ഉയര്‍ന്ന സ്‌കോര്‍ 80 റണ്‍സുമാണ്.

മറുഭാഗത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഇടംകൈയന്‍ ബാറ്ററായ സായ്. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ വന്‍ റണ്‍വേട്ടയുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനു അദ്ദേഹം അവകാശിയായിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് കുപ്പായത്തില്‍ 759 റണ്‍സാണ് താരം അടിച്ചെടുത്തത്. അഭിമനുവിനോളം അനുഭവസമ്പത്തില്ലെങ്കിലും ഫോമിന്റെയും സ്ഥിരതയുടെയും കാര്യത്തില്‍ സായ് വേറെ ലെവലാണെന്നു തന്നെ പറയാം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്. 39.93 ശരാശരിയില്‍ 1957 റണ്‍സും സായ് നേടിയിട്ടുണ്ട്. അനുഭവസമ്പത്തും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡും പരിഗണിച്ച് അഭിമന്യുവിനെ ഇന്ത്യന്‍ ടീമില്‍ മൂന്നാമനായി കളിപ്പിക്കാനാണ് ഗംഭീറിനു ആഗ്രഹം.
പക്ഷെ ഗില്ലിനു ഇതിനോടു അത്ര യോജിപ്പില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ തന്റെ ഓപ്പണിങ് പങ്കാളി കൂടിയായ സായിയുടെ മാജിക്കല്‍ പ്രകടനം വളരെ അടുത്തു നിന്നു കണ്ടിട്ടുള്ളയാളാണ് ഗില്‍. അതുകൊണ്ടു തന്നെ സായിയെ മൂന്നാമനായി പരീക്ഷിക്കാമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. രണ്ടില്‍ ആര്‍ക്കാവും ഇനി നറുക്കുവീഴുകയെന്നാണ് കാത്തിരുന്നു കാണേണ്ടത്.