Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: തല്ലിത്തകര്‍ത്ത് ശ്രേയസ്, മിന്നിച്ച് ഗില്ലും അക്ഷറും; ഗംഭീര ജയം നേടി ഇന്ത്യ

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 47.4 ഓവറില്‍ 248 റണ്‍സില്‍ ഒതുക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലേക്കെത്തുകയായിരുന്നു. ശുബ്മാന്‍ ഗില്ലിന്റേയും (87) അക്ഷര്‍ പട്ടേലിന്റേയും (52) ശ്രേയസ് അയ്യരുടേയും (59) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി.

ഇംഗ്ലണ്ടിന് ഗംഭീര തുടക്കം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കെറ്റും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായി. അതിവേഗത്തിലാണ് ഇരുവരും റണ്‍സുയര്‍ത്തിയത്. ഫില്‍ സാള്‍ട്ട് 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 43 റണ്‍സെടുത്ത് മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങില്‍ സാള്‍ട്ട് റണ്ണൗട്ടാവുകയായിരുന്നു. ന്യൂബോളില്‍ മുഹമ്മദ് ഷമി മികവ് കാട്ടിയപ്പോള്‍ ഹര്‍ഷിത് റാണ തല്ലുകൊണ്ടു.

എന്നാല്‍ ഒരോവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ഷിത് തിരിച്ചുവന്നു. ബെന്‍ ഡക്കെറ്റ് 29 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 32 റണ്‍സ് നേടി നിലയുറപ്പിക്കവെ ഹര്‍ഷിത് മടക്ക ടിക്കറ്റ് നല്‍കി. ഷോര്‍ട്ട് ബോളില്‍ വലിയ ഷോട്ടിന് ശ്രമിച്ച ഡക്കെറ്റിനെ യശ്വസി ജയ്‌സ്വാള്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. ഇതേ ഓവറില്‍ ഹാരി ബ്രൂക്കിനേയും ഹര്‍ഷിത് മടക്കി. ലെഗ് സൈഡിലെത്തിയ പന്തില്‍ ഹാരി ബ്രൂക്കിന്റെ ഗ്ലൗസില്‍ തട്ടി വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തുകയായിരുന്നു.

കരുത്തുകാട്ടി സ്പിന്നര്‍മാര്‍

മധ്യ ഓവറുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി. സീനിയര്‍ താരം ജോ റൂട്ട് നിലയുറപ്പിച്ച് കളിക്കാനാണ് ശ്രമിച്ചത്. 31 പന്തില്‍ 19 റണ്‍സെടുത്ത റൂട്ടിനെ രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കി മടക്കി. അഞ്ചാം വിക്കറ്റില്‍ നായകന്‍ ജോസ് ബട്‌ലറും ജേക്കബ് ബദലും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചു. നായകന്റെ ഇന്നിങ്‌സുമായി ബട്‌ലര്‍ കത്തിക്കയറവെ അക്ഷര്‍ പട്ടേല്‍ ഇന്ത്യയുടെ രക്ഷക്കെത്തി.

67 പന്തില്‍ നാല് ബൗണ്ടറിയടക്കം 52 റണ്‍സെടുത്ത ബട്‌ലറെ അക്ഷര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു. മധ്യനിരയില്‍ അപകടകാരിയായ ലിയാം ലിവിങ്സ്റ്റണെ (5) ഹര്‍ഷിത് റാണ കെ എല്‍ രാഹുലിന്റെ കൈയിലെത്തിച്ചു. ഇതോടെ 6 വിക്കറ്റിന് 183 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു. ഓള്‍റൗണ്ടര്‍ ബ്രൈഡന്‍ കേഴ്‌സിനെ (10) മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തു. ജേക്കബ് ബദല്‍ ഒരുവശത്ത് റണ്‍സുയര്‍ത്തി. 64 പന്തില്‍ 51 റണ്‍സെടുത്ത ബദലിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ind vs eng odi

എട്ട് റണ്‍സെടുത്ത ആദില്‍ റഷീദിനെ ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ അവസാനക്കാരനായ സാഖിബ് മുഹമ്മദിനെ (2) കുല്‍ദീപ് യാദവിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ജോഫ്രാ ആര്‍ച്ചര്‍ (21) പുറത്താവാതെ നിന്നു. ഇതോടെ ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് പങ്കിട്ടപ്പോള്‍ ഷമിയും അക്ഷറും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്ത്തി.

തുടക്കം പിഴച്ച് ഇന്ത്യ

249 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഇന്ത്യക്ക് തുടക്കം മികച്ചതാക്കാനായില്ല. തുടക്കത്തിലേ തന്നെ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യക്ക് നഷ്ടമായി. 22 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ രോഹിത് ശര്‍മയേയും (2) ഇന്ത്യക്ക് നഷ്ടമായി. ഏഴ് പന്ത് നേരിട്ട രോഹിത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. 19 റണ്‍സിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ ടീമിനെ തിരികെ കൊണ്ടുവന്നത് ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ്.

മധ്യനിരയുടെ കരുത്തില്‍ തിരിച്ചുവരവ്

അതിവേഗം റണ്‍സുയര്‍ത്തിയ ശ്രേയസ് 36 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 59 റണ്‍സോടെയാണ് ശോഭിച്ചത്. ശ്രേയസ് മടങ്ങുമ്പോള്‍ ഇന്ത്യ 3ന് 113 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടോടെ ടീം സ്‌കോറുയര്‍ത്തി. 47 പന്തില്‍ 6 ഫോറും 1 സിക്‌സുമടക്കം 52 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെ റഷീദ് പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 221 റണ്‍സുണ്ടായിരുന്നു.

എന്നാല്‍ കെ എല്‍ രാഹുലിന് തിളങ്ങാനായില്ല. 9 പന്ത് നേരിട്ട് രണ്ട് റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. ആദില്‍ റഷീദിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. ശുബ്മാന്‍ ഗില്‍ 96 പന്തില്‍ 87 റണ്‍സെടുത്ത് പുറത്തായി. 14 ബൗണ്ടറി ഉള്‍പ്പെടെയാണ് ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം. പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയും (9*) രവീന്ദ്ര ജഡേജയും (12*) ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ

ഇംഗ്ലണ്ട്- ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (c), ലിയാം ലിവിങ്‌സ്റ്റണ്‍, ജേക്കബ് ബദല്‍, ബ്രൈഡന്‍ കേഴ്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹമ്മൂദ്

Story first published: Thursday, February 6, 2025, 12:09 [IST]
Other articles published on Feb 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+