മുംബൈ: ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ആറാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ് എന്നിവരെല്ലാമുണ്ട്. മൂന്ന് യുവതാരങ്ങള്‍ക്കും ഇന്ത്യ ടീമിലേക്ക് വിളി നല്‍കിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ദ്രുവ് ജുറേലും തഴയപ്പെട്ടപ്പോള്‍ സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മക്കാണ് അവസരം നല്‍കിയിരിക്കുന്നത്.
ജിതേഷ് ശര്‍മ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം കളിച്ച് മികവ് കാട്ടിയ താരങ്ങളിലൊരാളാണ്. ഇന്ത്യക്കായി ഇതിനോടകം അരങ്ങേറിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ജിതേഷിനായിട്ടില്ല. എന്നാല്‍ മധ്യനിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള പ്രതിഭാശാലിയാണ് ജിതേഷ്. ഇന്ത്യക്ക് ഡെത്തോവറുകളില്‍ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളതാരമാണ് ജിതേഷെന്ന് പറയാം. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരേ സഞ്ജുവിനെ തഴഞ്ഞ് ജിതേഷിനെ കളിപ്പിക്കാന്‍ ഇന്ത്യക്ക് പദ്ധതിയുണ്ടെന്ന സൂചനകള്‍ പുറത്തുവരികയാണ്.
ജിതേഷിന് കൂടുതല്‍ അവസരം നല്‍കുമോ?
സഞ്ജു സാംസണ്‍ ഇന്ത്യയുടെ സീനിയര്‍ താരമാണെന്ന് പറയാം. 2015ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ സഞ്ജുവിന് അന്താരാഷ്ട്ര ടി20യില്‍ പ്രതീക്ഷിച്ച മികവ് കാട്ടാനായിട്ടില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുണ്ടെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ രണ്ട് മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചപ്പോള്‍ ഡെക്കിനാണ് സഞ്ജു പുറത്തായത്. ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനമാണ് സഞ്ജു വിന് ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും വിളി നല്‍കിയത്.
എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം കസറാന്‍ സഞ്ജുവിന് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് മുതലാക്കുന്നതില്‍ അദ്ദേഹം പിന്നോട്ടാണ്. ഏകദിനത്തിലെ മികവ് ടി20യില്‍ ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ജിതേഷിന് കൂടുതല്‍ പിന്തുണ നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജിതേഷില്‍ ഗൗതം ഗംഭീര്‍ ഭാവി കാണുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇടവേളക്ക് ശേഷം താരത്തെ ടീമിലേക്ക് വിളിച്ചത്. എന്താവും ഗംഭീറിന്റെ നീക്കമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സഞ്ജുവിന്റെ പ്രകടനത്തില്‍ നിരാശ
സഞ്ജു സാംസണ്‍ പ്രതിഭാശാലിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ നായകനാണ് സഞ്ജു സാംസണ്‍. അവസാന ടി20 ലോകകപ്പിലടക്കം ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് സഞ്ജു ടീമിലുണ്ടെങ്കിലും ബെഞ്ചിലിരുന്ന മത്സരങ്ങളാണ് കൂടുതല്‍. അവസരം ലഭിച്ചപ്പോള്‍ പ്രതീക്ഷിച്ച പ്രകടന നിലവാരം കാട്ടാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.
2015ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ സഞ്ജുവിന് 44 മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഇതിന് കാരണം സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം. ഐപിഎല്ലില്‍ മികച്ച പ്രകടനം സഞ്ജു നടത്തുമ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു ഇപ്പോഴും വലിയ നിലവാരമില്ലാത്ത താരമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് എന്ത് നിലപാടെടുക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ പരീക്ഷണത്തിന് ധൈര്യം കാട്ടിയാല്‍ സഞ്ജു ബെഞ്ചിലിരിക്കാനും സാധ്യതയുണ്ട്.
സഞ്ജുവിനെ ഓപ്പണറാക്കുമോ?
സഞ്ജു സാംസണെ ഓപ്പണറായി ഇന്ത്യ കളിപ്പിക്കുമെന്നാണ് സൂചന. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെത്തന്നെ ഇതിന്റെ സൂചനകള്‍ ടീം മാനേജ്‌മെന്റ് നല്‍കിയിരുന്നു. എന്നാല്‍ ജിതേഷ് ശര്‍മയെ സര്‍പ്രൈസായി വിളിച്ചത് എന്തിനാണെന്ന് കണ്ടറിയണം. സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ വിശ്വസിക്കുക പ്രയാസമാണ്. മൂന്നാം നമ്പറിലും നാലാം നമ്പറിലും സഞ്ജുവിന് ഭേദപ്പെട്ട കണക്കുകള്‍ അവകാശപ്പെടാം. എന്നാല്‍ ഈ റോളുകളില്‍ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.
ഓപ്പണര്‍ റോള്‍ ലഭിച്ചാല്‍ ഇത് സഞ്ജുവിന് തിരിച്ചടിയായി മാറാനാണ് സാധ്യത. ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിലെ സീറ്റ് സഞ്ജുവിന് നഷ്ടമായേക്കും. ഇഷാന്‍ കിഷന്‍ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം.