കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. മഴ വില്ലനായ മത്സരത്തിന്റെ ആദ്യ ദിനം 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. രണ്ടും മൂന്നും ദിവസം മഴയെത്തുടര്‍ന്ന് പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. നാലാം ദിവസം ആവേശകരമായ പോരാട്ടം കണ്ടതോടെ അവസാന ദിവസത്തില്‍ എന്താവും മത്സരഫലമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 233 റണ്‍സില്‍ കൂടാരം കയറി.
മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 9 വിക്കറ്റിന് 285 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 52 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 26 റണ്‍സെന്ന നിലയിലാണ്. ഷദ്മാന്‍ ഇസ്ലാം (7) മൊമിനുല്‍ ഹഖ് (0) എന്നിവരാണ് ക്രീസിലുള്ളത്. ആര്‍ അശ്വിനാണ് രണ്ട് വിക്കറ്റുകള്‍ നേടിയത്. ഒരു ദിവസം മാത്രം മുന്നില്‍ നില്‍ക്കവെ ഇന്ത്യക്ക് കാണ്‍പൂര്‍ ടെസ്റ്റ് ജയിക്കാനാവുമോ?. സാധ്യതകള്‍ പരിശോധിക്കാം.
വിജയ സാധ്യത സജീവം
ബംഗ്ലാദേശിന് എട്ട് വിക്കറ്റുകളാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ അഞ്ചാം ദിനത്തിന്റെ ഉച്ച ഭക്ഷണത്തിന് മുമ്പ് തന്നെ ഇന്ത്യക്ക് ബംഗ്ലാദേശിനെ കൂടാരം കയറ്റാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് വിജയ സാധ്യതയുണ്ട്. പിച്ച് നാലാം ദിനം തന്നെ സ്പിന്നിനെ നന്നായി പിന്തുണക്കുന്നുണ്ട്. അഞ്ചാം ദിനത്തിലും പിച്ചില്‍ സ്പിന്നിനാവും ആധിപത്യം ഉണ്ടാവുകയെന്ന് ഉറപ്പാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യയുടെ സ്പിന്‍ നിരയിലുണ്ട്.
രണ്ട് പേരുടേയും പ്രകടനം ഇന്ത്യയുടെ വിജയ സാധ്യത തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. ആദ്യത്തെ രണ്ട് സെക്ഷനുള്ളിലെങ്കിലും ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വിജയിക്കുക പ്രയാസമായിരിക്കും. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാണ് അഞ്ചാം ദിനത്തിലെ ഇന്ത്യയുടെ സാധ്യതകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക. ജസ്പ്രീത് ബുംറയുടെ ന്യൂബോളിലെ പ്രകടനവും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

സമനിലക്കും സാധ്യതകളേറെ
ബംഗ്ലാദേശിന് എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കവെ മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. നാല് സെക്ഷനുകള്‍ മുന്നില്‍ നില്‍ക്കവെ ജയിക്കുകയെന്നത് ബംഗ്ലാദേശിനെ സംബന്ധിച്ച് ഇപ്പോള്‍ ചിന്തിക്കാനാവാത്ത കാര്യമാണ്. ബംഗ്ലാദേശിന് യാതൊരു വിജയ സാധ്യതയും നിലവിലില്ല. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് സമനിലക്കായാണ് ശ്രമിക്കുകയെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ബൗളിങ് മികവിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ ബംഗ്ലാദേശിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്.
ഇന്ത്യ ആക്രമണോത്സക ബൗളിങ് പ്രകടനത്തോടെയാവും അഞ്ചാം ദിനം ഇറങ്ങുകയെന്ന് ഉറപ്പാണ്. എന്നാല്‍ ഇതിനെ തടുക്കാനുള്ള വ്യക്തമായ പദ്ധതികളോടെയാവും ബംഗ്ലാദേശ് ഇറങ്ങുക. പക്ഷെ ഇന്ത്യയുടെ സ്പിന്‍ മികവ് സന്ദര്‍ശകര്‍ക്ക് വലിയ ഭീഷണി തന്നെയാണ്. ഇതിനെ തടുത്ത് അഞ്ചാം ദിനം മുഴുവനായി ബാറ്റ് ചെയ്യാന്‍ ബംഗ്ലാദേശിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്. എന്തായാലും ആവേശ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
മഴ വില്ലനാവാനും സാധ്യതയുണ്ട്
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനം മഴ വില്ലനായെത്താനും സാധ്യതകളേറെ. കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം മഴക്ക് സാധ്യതയുണ്ട്. നാലാം ദിനം മത്സരം പൂര്‍ത്തിയായതിന് ശേഷം മൈതാനം മുഴുവന്‍ കവര്‍ ചെയ്തിരിക്കുകയാണ്. ഇന്ന് രാത്രി മഴ പെയ്താല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നാളെ ബംഗ്ലാദേശിനെ എറിഞ്ഞ് പിടിക്കുകയെന്നത് പ്രയാസമാവും. ഈര്‍പ്പം പിച്ചില്‍ നിറഞ്ഞാല്‍ അത് ബാറ്റിങ്ങിനെ കൂടുതല്‍ പിന്തുണക്കും. അതുകൊണ്ടുതന്നെ കാലാവസ്ഥ മത്സരത്തില്‍ വളരെ നിര്‍ണ്ണായകമാവുമെന്ന് ഉറപ്പാണ്. ഇന്ത്യ വിജയത്തിനായി ശക്തമായ പോരാട്ടം തന്നെ കാഴ്ചവെക്കുമെന്ന് നിസംശയം പറയാം.