ഇന്ത്യന്‍ ടീമിനെ കളിക്കളത്തില്‍ വീണ്ടും കാണുന്നതിനായി ആരാധകര്‍ക്കു കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വരും. അടുത്ത മാസം ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ടീം ഇന്ത്യ പോര്‍ക്കളത്തിലേക്കു മടങ്ങിയെത്തുക. സപ്തംബര്‍ 19 മുതലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. അതിനു പിന്നാലെ മൂന്നു ടി20കളിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ കന്നി ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്.
ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യയിറങ്ങുകയെങ്കില്‍ ബംഗ്ലാദേശിനെ നയിക്കുക മുന്‍നിര ബാറ്റര്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ്. ഇന്ത്യക്കെതിരേ ഈ പരമ്പരയില്‍ ബംഗ്ലാ കടുവകള്‍ അട്ടിമറി വിജയം കുറിക്കുമോ? ഇതിനുള്ള സാധ്യതകളെക്കുറിച്ചു നമുക്കു പരിശോധിക്കാം.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണ് ബംഗ്ലാദേശിനെതിരേയുള്ളത്. കാരണം ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ തുടര്‍ന്നുള്ള ടെസ്റ്റ് പരമ്പരകള്‍ കരുത്തരായ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരുമായിട്ടാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ് ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുള്ളത്.
ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ നിലവില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തുണ്ടെങ്കിലും ഫൈനല്‍ ബെര്‍ത്ത് ഇനിയും ഉറപ്പായിട്ടില്ല. ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തി ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അതിനാല്‍ തന്നെ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഒരു തൂത്തുവാരലില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഈ കാരണത്താല്‍ തന്നെ ഏറ്റവും ശക്തമായ ടീമുമായിട്ടാവും ഇന്ത്യയിറങ്ങുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയൊഴികെ മറ്റു വമ്പന്‍ താരങ്ങളെല്ലാം ടീമിനായി അണിനിരക്കും.
ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകളിലേക്കു വന്നാല്‍ അവിടെയും ബംഗ്ലാദേശ് ഇന്ത്യക്കു ഒരിക്കലും ഭീഷണിയായിട്ടില്ലെന്നു കാണാം. ഇതുവരെ 13 ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 11ലും ഇന്ത്യന്‍ ടീം വിജയം കൊയ്തപ്പോള്‍ രണ്ടു ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായിരുന്നു. ടെസ്റ്റില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന നാണക്കേട് മായ്ക്കാനുറച്ചായിരിക്കും ഷാന്റോയും സംഘവും ഇത്തവണയെത്തുക.

പക്ഷെ ബാറ്റിങിലും ബൗളിങിലും ഒരുപോലെ കരുത്തരായ ഇന്ത്യയെ തോല്‍പ്പിക്കുക അവര്‍ക്കു അസാധ്യമായിരിക്കും. നായകന്‍ രോഹിത്തിനെക്കൂടാതെ ഓപ്പണിങ് പങ്കാളിയായ യുവതാരം യശസ്വി ജയ്‌സ്വാളും തകര്‍പ്പന്‍ ഫോമിലാണ്. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് പരമ്പരിയില്‍ റെക്കോര്‍ഡ് റണ്‍വേട്ടയാണ് ഇടംകൈയന്‍ ബാറ്റര്‍ കാഴ്ചവച്ചത്. ഇംഗ്ലണ്ടിനോളം മൂര്‍ച്ചയില്ലാത്ത ബംഗ്ലാ ബൗളിങ് നിരയ്‌ക്കെതിരേ ജയ്‌സ്വാള്‍ കത്തിക്കയറിയേക്കും.
വിരാട് കോലി, ശുഭ്മന്‍ ഗില്‍ എന്നിവരുടെ ഫോമിന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്കു ചെറിയ ആശങ്കയുള്ളത്. എന്നാല്‍ ടെസ്റ്റിലെ എക്‌സ് ഫാക്ടറായ റിഷഭ് പന്തിന്റെ വലിയ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വലിയ മുതല്‍ക്കൂട്ടായിരിക്കും. 2022ന്റെ അവസാനത്തോടെ ബംഗ്ലാദേശിനെതിരേ തന്നെയാണ് അദ്ദേഹം അവസാനം ടെസ്റ്റില്‍ കളിച്ചത്.
രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവരുമാണ്. കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി (ഫിറ്റാണെങ്കില്‍ മാത്രം), മുഹമ്മദ് സിറാജ് എന്നിവരും ബൗളിങിനു മൂര്‍ച്ച കൂട്ടും. ഈ കാര്യങ്ങളും ചരിത്രവുമെല്ലാം പരിഗണിക്കുമ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ അനായാസം ജയിച്ചു കയറാന്‍ തന്നെയാണ് സാധ്യത.