മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പരമ്പര പുരോഗമിക്കുകയാണ്. രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷം മൂന്ന് മത്സര ടി20 പരമ്പരയാണ് വരാനിരിക്കുന്നത്. ശേഷം ന്യൂസീലന്‍ഡിനെതിരേ മൂന്നും ഓസ്‌ട്രേലിയക്കെതിരേ അഞ്ചും ടെസ്റ്റ് പരമ്പര ഇന്ത്യക്ക് കളിക്കാനുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ പരമ്പരകളാണ് വരാനിരിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ് ഇന്ത്യയെ അലട്ടുന്നത് ചില സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ്. അതിലൊരാളാണ് വിരാട് കോലി.
ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാനായ വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ടി20യില്‍ നിന്ന് വിരമിച്ച കോലി ഇപ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണുള്ളത്. എന്നാല്‍ രണ്ട് ഫോര്‍മാറ്റിലും പ്രതീക്ഷിച്ച മികവ് കാട്ടാന്‍ കോലിക്ക് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് അഭിമാന പോരാട്ടം വരാനിരിക്കെ വിരാട് കോലി വിശ്രമത്തില്‍ പോകുന്നതാണ് നല്ലതെന്ന് പറയാം. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
സമീപകാല ഫോം മോശം
നിലവില്‍ വിരാട് കോലി ഇന്ത്യക്ക് ബാധ്യതയാണെന്ന് പറയാം. തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ് കാഴ്ചവെക്കുന്ന കോലിയുടെ ശരാശരി 19ല്‍ താഴെയാണ്. ഈ അവസരത്തില്‍ കോലിയെ സെലക്ടര്‍മാര്‍ മാറ്റി നിര്‍ത്താത്തിന് കാരണം അദ്ദേഹത്തിന്റെ സൂപ്പര്‍ താര പദവി തന്നെയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോലി ടീമിന് ബാധ്യതയാണ്. പ്രതിഭാശാലികളായ പല യുവതാരങ്ങളും അവസരം കാത്ത് പുറത്തുനില്‍ക്കുകയാണ്. ദുലീപ് ട്രോഫിയില്‍ റിക്കി ഭുയിയെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്.
മോശം ഫോമിലുള്ള കോലിയെ സൂപ്പര്‍ താരമെന്നതിന്റെ പേരില്‍ നിലനിര്‍ത്തുന്നത് ശരിയായ രീതിയല്ല. മോശം ഫോമിലുള്ള കോലിയെ ദേശീയ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തി ആഭ്യന്തക്രിക്കറ്റ് കളിക്കാന്‍ അയക്കണം. അവിടെ കളിച്ച് ഫോം വീണ്ടെടുത്ത് കോലിക്ക് തിരിച്ചുവരാന്‍ സാധിക്കും. നിലവില്‍ ദേശീയ ടീമിനൊപ്പം കോലി മോശം പ്രകടനത്തോടെ തുടരുന്നത് വിദേശ പര്യടനങ്ങളില്‍ കാര്യമായി ബാധിക്കുമെന്ന് തന്നെ വേണം വിലയിരുത്താന്‍.

മുന്‍ മാതൃക തുടരണം
സൂപ്പര്‍ ഫോമില്‍ കളിച്ചിരുന്ന കോലിയെ കരിയറിന്റെ ഇടക്ക് മോശം ഫോം വേട്ടയാടിയിരുന്നു. ഐപിഎല്ലിലടക്കം താരം തുടര്‍ച്ചയായി ഫ്‌ളോപ്പായതോടെ കോലി സ്വയം വിശ്രമത്തില്‍ പോകാന്‍ തീരുമാനിച്ചു. ഒരു മാസത്തിലേറെ വിശ്രമത്തില്‍ പോയ കോലി പതിയെ ഫോം വീണ്ടെടുത്താണ് തിരിച്ചുവന്നത്. ഈ മുന്‍ മാതൃക ഇപ്പോഴും കോലി പിന്തുടരേണ്ടതാണ്. അടുത്ത ഏകദിന ലോകകപ്പ് കളിക്കുകയെന്നതാണ് കോലിയുടെ ആഗ്രഹം. അതിനുള്ള ഫിറ്റ്‌നസ് കോലിക്കുണ്ട്.
എന്നാല്‍ ഫോമാണ് പ്രശ്‌നം. ഫോം നിലനിര്‍ത്താന്‍ കോലി നേരത്തെ ചെയ്തതുപോലെ ഇടവേളയെടുക്കുകയാണ് വേണ്ടത്. ന്യൂസീലന്‍ഡ് പരമ്പരയില്‍ കളിക്കാതെ കോലി വിശ്രമമെടുക്കുകയാണ് വേണ്ടത്. അതിന് ശേഷം ഓസീസ് പരമ്പരയിലൂടെ അദ്ദേഹത്തിന് തിരിച്ചുവരാം. ന്യൂസീലന്‍ഡിനെതിരായ ഹോം ടെസ്റ്റ് യുവ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരം കൊടുക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ കോലി നിലവില്‍ വിശ്രമത്തില്‍ പോകുന്നതാണ് നല്ലത്.
യുവതാരങ്ങളെ വളര്‍ത്താം
വിരാട് കോലി കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇനി എത്രനാള്‍ കോലിക്ക് കരിയറില്‍ ഇതുപോലെ മുന്നോട്ട് പോകാനാവുമെന്ന് പറയാനാവില്ല. കോലിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തി വളര്‍ത്തേണ്ട സമയമാണിത്. നിലവില്‍ മികച്ച താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് അവസരം തേടുന്നുണ്ട്. ഇവരെ വളര്‍ത്താന്‍ കോലിയുടെ ഇടവേള സഹായിക്കും. കോലിയെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റോ സെലക്ടര്‍മാരോ ധൈര്യപ്പെടില്ല. അതുകൊണ്ടുതന്നെ കോലി സ്വയം യുവതാരങ്ങള്‍ക്കായി ഇപ്പോള്‍ വഴിമാറുന്നതാണ് നല്ലതെന്ന് പറയാം.