ബംഗ്ലാദേശുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം ഏകപക്ഷീയായ വിജയം കൊയ്തിട്ടും വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ഗ്വാളിയോറില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും ഒരു പിഴവ് വരുത്തിയെന്നും അടുത്തതില്‍ ഇതു ആവര്‍ത്തിക്കില്ലെന്നു കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ചു വിശകലനം നടത്തുകയായിരുന്നു അലി.
കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് ആദ്യ ടി20യില്‍ ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശിനെ 127 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ റണ്‍ചേസില്‍ വെറും 11.5 ഓവറില്‍ വിജയത്തിലെത്തുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്കു ഇതിനിടെ നഷ്ടമായത്. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു.

ഇന്ത്യ അബദ്ധം കാണിച്ചു
ഗ്വാളിയോറിലെ ആദ്യ ടി20യില്‍ ടോസ് ലഭിച്ചത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനായിരുന്നു. അദ്ദേഹം ബൗളിങും തിരഞ്ഞെടുക്കുകയായിരുന്നു. ഇതു ശരിയാണെന്നു ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ തെളിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം അബദ്ധമാണെന്നാണ് ബാസിത് അലിയുടെ അഭിപ്രായം.
എന്തുകൊണ്ടാണ് സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്? ഇതു വളരെ ഫ്‌ളാറ്റായ, 200 റണ്‍സ് കുറിക്കാവുന്ന വിക്കറ്റായിരുന്നു. ഇന്ത്യ ഇവിടെ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്യുകയാണ് വേണ്ടിയിരുന്നത്.
രണ്ടാം ടി20യില്‍ അവര്‍ ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യം ബാറ്റ് ചെയ്ത ശേഷം ബംഗ്ലാദേശ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്നും കരുതുന്നു. മഞ്ഞുവീഴ്ചയുള്ളതിനാല്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും ബാസിത് അലി വ്യക്തമാക്കി.
നിതീഷിന്റെ സാന്നിധ്യം
ഇന്ത്യക്കു വേണ്ടി യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി ആദ്യ ടി20യിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. രണ്ടോവര്‍ ബൗള്‍ ചെയ്ത താരം പിന്നീട് ബാറ്റിങില്‍ പുറത്താവാതെ 16 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. നിതീഷിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിനു ഭാവിയില്‍ മുതല്‍ക്കൂട്ടായി മാറുമെന്നാണ് ബാസിത് അലിയുടെ വിയിരുത്തല്‍. ഹാര്‍ദിക് പാണ്ഡ്യയുമായി ആരോഗ്യപരമായ ഒരു മല്‍സരമുണ്ടാക്കാന്‍ നിതീഷിനു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം രണ്ടാമതൊരു ഓള്‍റൗണ്ടര്‍ കൂടി ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി കളിച്ചു. അദ്ദേഹം രണ്ടോവറുകളും ബൗള്‍ ചെയ്തു. അതു അത്ര മികച്ചതായിരുന്നില്ല. ബാറ്റിങിലാവട്ടെ പുറത്താവാതെ നില്‍ക്കുകയും ചെയ്തു. എന്നിരുന്നാലും താരങ്ങള്‍ക്കിടയിലുള്ള ഈ മല്‍സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ലതാണ്.
റിങ്കു സിങിനെയോ, റിയാന്‍ പരാഗിനെയോ ബാറ്റ് ചെയ്യാന്‍ ഇന്ത്യക്കു അയക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഗൗതം ഗംഭീറിനു മറ്റു പ്ലാനുകളായിരുന്നു. ആറു ബൗളിങ് ഓപ്ഷനുകള്‍ക്കൊപ്പം എട്ടാം നമ്പറില്‍ വരെ ബാറ്റിങിനു ദൈര്‍ഘ്യമുള്ളത് നല്ല ആലോചനയാണെന്നും ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

മായങ്കിനെ പ്രശംസിച്ചു
നിതീഷ് റെഡ്ഡിക്കൊപ്പം യുവ പേസ് സെന്‍സേഷന്‍ മായങ്ക് യാദവും ആദ്യ ടി20യില്‍ ഇന്ത്യക്കായി അരങ്ങേിയിരുന്നു. കന്നി മല്‍സരത്തിലെ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കി ഗംഭീരമായി തുടങ്ങിയ അദ്ദേഹം നാലോവറില്‍ 21 റണ്‍സിനു ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. മായങ്കിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ബാസിത് അലി.
'മായങ്ക് യാദവിന്റേത് സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു. മെയ്ഡനുമായി കരിയര്‍ തുടങ്ങിയ അവന്‍ 149.9 കിമി വരെ വേഗത്തില്‍ പന്തെറിയുകയും ചെയ്തു. പരിക്കില്‍ നിന്നും മോചിതനായാണ് മായങ്ക് തിരിച്ചെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് വേഗത 157-158ലേക്കു എത്താതിരുന്നത്'.
ഹാര്‍ദിക് പാണ്ഡ്യക്കു പകരം മായങ്കിനു ന്യൂബോള്‍ നല്‍കിയിരുന്നെങ്കില്‍ ബാറ്റര്‍മാരെ ഭീതിയിലാഴ്ത്താന്‍ കഴിഞ്ഞേനെ. ഫിറ്റനസ് നിലനിര്‍ത്തി ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ മായങ്ക് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാസിത് വിശദമാക്കി.