മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാന്‍ പോവുകയാണ്. ബംഗ്ലാദേശ് ദുര്‍ബലരായ നിരയാണെങ്കിലും പാകിസ്താനില്‍ ടെസ്റ്റ് പരമ്പര നേടിയെത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യ ഭയക്കണം. ഇന്ത്യക്കൊപ്പം ശക്തമായ താരനിരയുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ ടീം ശക്തമാണ്. എന്നാല്‍ ഇന്ത്യയെ ചില പ്രശ്‌നങ്ങള്‍ വേട്ടയാടുന്നുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്.
ഇന്ത്യന്‍ ടീമിനൊപ്പം പേസ് ഓള്‍റൗണ്ടറായി ആരെന്നത് വലിയ ചോദ്യമാണ്. ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ശാര്‍ദ്ദുല്‍ ഠാക്കൂറിനേയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഓള്‍റൗണ്ടറായി ഇന്ത്യ ആരെ പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്. പരിമിത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്ളതിനാല്‍ ഇന്ത്യക്ക് ആശങ്കയില്ല. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യ പുതിയ താരങ്ങളെ വളര്‍ത്തേണ്ടിയിരിക്കുന്നു.
നിതീഷ് കുമാര്‍ വരണം
ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാവുന്ന ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാറാണ്. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം കസറിയ നിതീഷ് ദുലീപ് ട്രോഫിയിലും കളിക്കുന്നുണ്ട്. എന്നാല്‍ ദുലീപ് ട്രോഫിയില്‍ പ്രതീക്ഷിച്ചപോലൊരു പ്രകടനം നടത്താന്‍ നിതീഷിന് സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്. എന്നാല്‍ ഇതിനോടകം തന്നെ പ്രതിഭ തെളിയിക്കാന്‍ നിതീഷിനായിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്.
മീഡിയം പേസറെന്ന നിലയിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവും. പരിചയസമ്പത്ത് കുറവ് നിധീഷിനെ സംബന്ധിച്ച് പ്രശ്‌നമാണ്. എന്നാല്‍ ഇന്ത്യ പിന്തുണച്ച് വളര്‍ത്തിയാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടറായി വളരാന്‍ നിതീഷിന് കഴിവുണ്ടെന്ന് നിസംശയം പറയാം.
ബംഗ്ലാദേശ് പരമ്പരയില്‍ വേണം
ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളികളൊന്ന് വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. അവസാന രണ്ട് തവണയും ഇന്ത്യ പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ എന്ത് വിലകൊടുത്തും ഹാട്രിക് പരമ്പര നേട്ടത്തിലേക്കെത്താനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ ഇതിന് മറുപടി നല്‍കാനാവും ഓസ്‌ട്രേലിയ തട്ടകത്തില്‍ ഇറങ്ങുക. ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ള ആദ്യ പരമ്പര ബംഗ്ലാദേശിനെതിരേയാണ്.
ഈ പരമ്പരയില്‍ ഇന്ത്യ നിതീഷിന് അവസരം നല്‍കണം. ബംഗ്ലാദേശ് പരമ്പരയിലും ന്യൂസീലന്‍ഡ് പരമ്പരയിലും തിളങ്ങാനായാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലേക്കും നിതീഷിനെ പരിഗണിക്കാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും പിടിച്ചുനിന്ന് കളിക്കാനും നിതീഷിന് ശേഷിയുണ്ട്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള ഓല്‍റൗണ്ടറാണ് നിതീഷെന്ന് പറയാം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17 മത്സരത്തില്‍ നിന്ന് 52 വിക്കറ്റ് അദ്ദേഹം നേടിയിട്ടുണ്ട്. 53 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഇതേ മികവ് ഇന്ത്യന്‍ ജേഴ്‌സിയിലേക്കെത്തിയാലും തുടരാന്‍ നിതീഷിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഏത് പൊസിഷനിലും കളിപ്പിക്കാം
ഇന്ത്യക്ക് ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് നിതീഷ്. ടോപ് ഓഡര്‍ മുതല്‍ മധ്യനിരയില്‍ വരെ കളിപ്പിച്ചാലും തിളങ്ങാന്‍ നിതീഷിന് സാധിക്കും. ഇന്ത്യക്ക് മുന്നില്‍ നിലവില്‍ പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച താരം നിതീഷ് കുമാറാണ്. മറ്റൊരു താരത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇപ്പോള്‍ സമയമില്ല. ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റിലേക്ക് തിരികെ കൊണ്ടുവരാന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഈ നീക്കം നടന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്ന് ഹാര്‍ദിക് ടെസ്റ്റിലേക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് നിലവില്‍ കൂടുതല്‍ വിശ്വസിക്കാവുന്ന താരം നിതീഷാണ്. കൂടുതല്‍ അവസരം നല്‍കി പിന്തുണച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ നിതീഷിന് സാധിക്കുമെന്ന് തന്നെ കരുതാം.